Loading ...

Home Kerala

സുസ്ഥിരതയില്‍ ഇന്ത്യക്ക് 77-ാം സ്ഥാനം, കുട്ടികളുടെ അഭിവൃദ്ധിയില്‍ 131

യുണൈറ്റഡ് നേഷന്‍സ്: പ്രതിശീര്‍ഷ കാര്‍ബണ്‍ ബഹിര്‍ഗമനം, ആരോഗ്യകരമായ ജീവിതം നയിക്കാനുള്ള ഒരു രാജ്യത്തെ കുട്ടികളുടെ കഴിവ് എന്നിവ ആധാരമാക്കി ഐക്യരാഷ്ട്രസഭ തയ്യാറാക്കിയ സുസ്ഥിരസൂചികയില്‍ ഇന്ത്യക്ക് 71-ാം സ്ഥാനം. അതേസമയം, കുട്ടികളുടെ അതിജീവനം അടിസ്ഥാനമാക്കിയുള്ള അഭിവൃദ്ധി സൂചികയില്‍ ഇന്ത്യ 131-ാം സ്ഥാനത്താണ്. ലോകാരോഗ്യസംഘടനയും യുണിസെഫും നിയോഗിച്ച 40 പേരുടെ സംഘമാണ് 180 രാജ്യങ്ങളിലെ കുട്ടികളുടെയും കൗമാരക്കാരുടെയും വിവരങ്ങള്‍ ശേഖരിച്ച്‌ സൂചിക തയ്യാറാക്കിയത്. കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യകാര്യങ്ങളില്‍ വിദഗ്ധരായ വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതിജീവനം, ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം എന്നീ കാര്യങ്ങളില്‍ നോര്‍വെയാണ് മുന്നില്‍. ദക്ഷിണകൊറിയയും നെതര്‍ലാന്‍ഡും തുടര്‍സ്ഥാനങ്ങളിലുണ്ട്. മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്, ഛാഡ്, സൊമാലിയ എന്നിവയാണ് ഈ പട്ടികയില്‍ ഏറ്റവും പിന്നില്‍. എന്നാല്‍, പ്രതിശീര്‍ഷ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ നോര്‍വെ (156), ദക്ഷിണകൊറിയ (166), നെതര്‍ലാന്‍ഡ് (160) എന്നിവ ഏറെ പിറകിലാണ്. പ്രസവത്തോടെയുണ്ടാവുന്ന മരണം കുറയ്ക്കല്‍, അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ അതിജീവനം, ആത്മഹത്യ, മാതൃ-ശിശു ആരോഗ്യ സേവനങ്ങളുടെ ലഭ്യത, അടിസ്ഥാന ശുചിത്വം, കടുത്ത ദാരിദ്ര്യമില്ലാത്ത അവസ്ഥ, വിദ്യാഭ്യാസ നേട്ടങ്ങള്‍, വളര്‍ച്ച, പോഷകഹാരലഭ്യത, പ്രത്യുത്പാദന സ്വാതന്ത്ര്യം, അക്രമത്തില്‍നിന്നുള്ള സംരക്ഷണം എന്നിവയെ അടിസ്ഥാനമാക്കിയാണ് അഭിവൃദ്ധി സൂചിക തയ്യാറാക്കിയിരിക്കുന്നത്. ലോകത്തിന്റെ നിലനില്‍പ്പ് കുട്ടികളുടെ ആരോഗ്യത്തെ അടിസ്ഥാനമാക്കിയാണുള്ളതെന്നും എന്നാല്‍, ഒരു രാജ്യവും കുട്ടികള്‍ക്ക് ശോഭനമായ ഭാവി വാഗ്ദാനം ചെയ്യാന്‍ ഇന്ന് പര്യാപ്തമല്ലെന്നും പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലണ്ടനിലെ ഗ്ലോബല്‍ ഹെല്‍ത്ത് ആന്‍ഡ്‌ സസ്റ്റെയ്നബിലിറ്റി സര്‍വകലാശാലയിെല പ്രൊഫസറായ ആന്‍റണി കോസ്റ്റെല്ലോ പറഞ്ഞു.

Related News