Loading ...

Home National

ആദായനികുതി നിയമത്തിലെ ഭേദഗതികള്‍; പ്രവാസി ഇന്ത്യക്കാരെ ബാധിച്ചേക്കാവുന്ന മാറ്റങ്ങൾ

വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതോ ബിസിനസ് നടത്തുന്നതോ ആയ നിരവധി ഇന്ത്യക്കാരാണുള്ളത്. പ്രവാസി ഇന്ത്യക്കാര്‍ (എന്‍ആര്‍ഐ) ഇന്ത്യയില്‍ നേടുന്ന വരുമാനത്തിന് നികുതി അടയ്ക്കണമെന്ന് ബജറ്റില്‍ ധനമന്ത്രി ശുപാര്‍ശ ചെയ്തിരുന്നു. ആദായനികുതി നിയമപ്രകാരം നിര്‍ണയിച്ച പരിധിയില്‍ കവിഞ്ഞ വാര്‍ഷിക വരുമാനം ഇന്ത്യയില്‍ നേടുന്നവരാവും നികുതിയടയ്ക്കാന്‍ ബാധ്യസ്ഥരാവുക. നികുതി അടയ്ക്കുന്നത് ഒഴിവാക്കാനായി റസിഡന്‍സി സ്റ്റാറ്റസ് ചട്ടങ്ങള്‍ ചൂഷണം ചെയ്യുന്നവരെ നിയന്ത്രിക്കാന്‍ ചട്ടങ്ങളില്‍ ചില മാറ്റങ്ങള്‍ നടപ്പാക്കണമെന്ന ആശയം 2020 ബജറ്റില്‍ ധനമന്ത്രി മുന്നോട്ടുവെച്ചിരുന്നു. 2020 സാമ്പത്തിക ബില്‍ പ്രകാരം, പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള ആദായനികുതി വ്യവസ്ഥയില്‍ വരുത്തിയ ചില ഭേദഗതികള്‍ ഇപ്രകാരം.

1. താമസസ്ഥിതി2021 ഏപ്രില്‍ 1 അസസ്‌മെന്റ് വര്‍ഷം മുതല്‍, രാജ്യത്ത് ഒരു വ്യക്തി 120 ദിവസമോ അതില്‍ കൂടുതലോ താമസിക്കുകയാണെങ്കില്‍ ഇവരെ ഇന്ത്യയിലെ താമസക്കാരനായി കണക്കാക്കും. ഇവര്‍ നികുതി അടയ്ക്കാന്‍ ബാധ്യസ്ഥരുമാണ്. നിലവിലെ നിബന്ധനയിലിത് 182 ദിവസമെന്നാണ്. അതായത്, പുതിയ വ്യവസ്ഥ പ്രകാരം 120 ദിവസത്തില്‍ കൂടുതല്‍ ഒരു വ്യക്തി ഇന്ത്യയില്‍ താമസിക്കുകയാണെങ്കില്‍ ഇവരുടെ എന്‍ആര്‍ഐ പദവി നഷ്ടപ്പെടും. ഇതൊഴിവാക്കാന്‍ പ്രവാസി ഇന്ത്യക്കാര്‍ അല്ലെങ്കില്‍ പിഐഒ (പേഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍) പരമാവധി ശ്രമിക്കാനിടയുണ്ട്. 

2. ഒരു രാജ്യത്തും സ്ഥിരമായി താമസിക്കാത്തവര്‍പ്രവാസി ഇന്ത്യക്കാര്‍ അവര്‍ താമസിക്കുന്ന രാജ്യത്ത് നികുതി നല്‍കുന്നില്ലെങ്കില്‍ ഇന്ത്യയില്‍ വരുമാന നികുതി നല്‍കേണ്ടി വരും. ഇന്ത്യക്കാരായ ചില വ്യക്തികള്‍ ഇപ്പോള്‍ ഒരു രാജ്യത്തും സ്ഥിരമായി താമസിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. ഇവര്‍ തങ്ങളുടെ ആഗോള സ്വത്തുക്കളുടെ സ്ഥിതിവിവരങ്ങള്‍ വെളിപ്പെടുത്തേണ്ടി വരും. മാത്രമല്ല, ഈ സ്വത്തുക്കള്‍ക്ക് ഇന്ത്യയില്‍ വരുമാന നികുതി നല്‍കേണ്ടിയും വരും. അതായത്, ഒരു രാജ്യത്തും നികുതിയൊടുക്കാത്തവരെ കണ്ടെത്തുന്ന പക്ഷമായിരിക്കും ഇവര്‍ക്കുമേല്‍ ആദായികുതി നിയമം ചുമത്തുക. പുതിയ ഭേദഗതികള്‍ മിഡില്‍ ഈസ്റ്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരെ ആശങ്കയിലാക്കി. എന്നാല്‍, പ്രവാസി ഇന്ത്യക്കാര്‍ വിദേശത്ത് സമ്പാദിക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ യാതൊരു നിര്‍ദേശവുമില്ല.

3. 'നോട്ട് ഓര്‍ഡിനറിലി റസിഡന്റ്' പദവിവിദേശത്ത് പത്ത് വര്‍ഷമോ അതിലധികമോ കാലം ജോലി ചെയ്ത് ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്ക് 'നോട്ട് ഓര്‍ഡിനറിലി റസിഡന്റ്' പദവി സ്വന്തമാക്കാനുള്ള നിര്‍ദേശങ്ങളില്‍ അയവ് വരുത്തി സാമ്പത്തിക ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒരു വ്യക്തിയോ ഹിന്ദു അവിഭക്ത കുടുംബമോ നോട്ട് ഓര്‍ഡിനറിലി റസിഡന്റ് പദവി നേടാന്‍ തൊട്ടു മുന്നിലെ പത്തില്‍ ഏഴ് വര്‍ഷവും ഇന്ത്യയ്ക്ക് പുറത്തായിരിക്കണം. 2021 ഏപ്രില്‍ ഒന്നു മുതല്‍ ആവും ഈ ഭേദഗതികള്‍ നിലവില്‍ വരിക. പിന്നീട് 2021- 22 അസെസ്‌മെന്റ് വര്‍ഷത്തിലും വരും വര്‍ഷങ്ങളിലും ഈ ഭേദഗതിയാവും തന്നെയാവും തുടരുകയെന്നും സാമ്പത്തിക ബില്ലില്‍ പറയുന്നു. നിലവിലെ വ്യവസ്ഥയനുസരിച്ച്‌, ഒരാള്‍ തൊട്ടു മുന്‍പുള്ള വര്‍ഷങ്ങളില്‍ പത്തില്‍ ഒമ്പത് വര്‍ഷങ്ങളെങ്കിലും എന്‍ആര്‍ഐ ആവുന്നങ്കില്‍ മാത്രമെ ഇദ്ദേഹം നോട്ട് ഓര്‍ഡിനറിലി റസിഡന്റ് പദവിയ്ക്ക് അര്‍ഹനാവുന്നുള്ളൂ.







Related News