Loading ...

Home sports

ഇന്ത്യന്‍ ഫുട്‌ബോളില്‍ ചരിത്രമെഴുതി ഗോവ; എഎഫ്‌സി കപ്പിന് യോഗ്യത

ന്യൂഡല്‍ഹി: ഐഎസ്‌എല്‍ ആറാം സീസണിലെ ലീഗ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയതോടെ എഎഫ്‌സി ചാമ്ബ്യന്‍സ് ലീഗിലേക്ക് നേരിട്ട് യോഗ്യത നേടി എഫ്‌സി ഗോവ. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ടീം ഈ നേട്ടത്തിലെത്തുന്നത്. ലീഗിലെ അവസാന മത്സരത്തില്‍ ജംഷേദ്പൂര്‍ എഫ്‌സിയെ മറുപടിയില്ലാത്ത 5 ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോവയുടെ നേട്ടം. 18 കളികളില്‍നിന്ന് 12 വിജയവും 3 സമനിലയുമായി 39 പോയിന്റോടെ ഗോവ ഒന്നാം സ്ഥാനത്തെത്തി. 33 പോയിന്റുള്ള എടികെയ്ക്ക് ഇനി ഒരു കളി മാത്രമേ ബാക്കിയുള്ളൂ. ജയത്തോടൊപ്പം ലീഗ് മത്സരത്തിലെ ജേതാക്കള്‍ക്കുള്ള ഷീല്‍ഡും പ്രൈസ് മണിയും ഗോവയ്ക്ക് സ്വന്തമാക്കി. ആദ്യമായാണ് ഇത്തരമൊരു അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. അരക്കോടി രൂപയാണ് ഗോവയ്ക്ക് പാരിതോഷികമായി ലഭിക്കുക. ഒരു സീസണില്‍ ലീഗ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച ടീമെന്ന ഖ്യാതിയും ഗോവയ്‌ക്കൊപ്പമായി. ഇത്തവണ 46 ഗോളുകളാണ് ഗോവ എതിര്‍ വലയില്‍ നിറച്ചത്. ഹ്യൂഗോ ബൗമസിന്റെ ഇരട്ടഗോളാണ് ഗോവയ്ക്ക് ലീഗിലെ അവസാന മത്സരത്തില്‍ വമ്ബന്‍ ജയമൊരുക്കിയത്. ഫെറാന്‍ കൊറോമിനാസ് (11'), ഹ്യുഗോ ബൗമസ് (70', 90'), ജാക്കിചന്ദ് സിങ് (84'), മുര്‍ത്തദ ഫോള്‍ (87') എന്നിവര്‍ ഗോവയ്ക്കായി ഗോള്‍ നേടിയപ്പോള്‍ സീസണില്‍ പിറകിലായിപ്പോയ ജംഷേദ്പൂരിന് നാണക്കേടുമായി മടങ്ങേണ്ടിവന്നു. പ്രതിരോധത്തിലെ വീഴ്ചകളാണ് ജംഷേദ്പൂരിന് വിനയായത്.

Related News