Loading ...

Home International

കോവിഡ്-19; മരണം 1873, 80 ശതമാനത്തിലേറെ കേസുകളും ഭേദമാക്കാവുന്നതെന്ന് ചൈനയുടെ പഠനം

ബെയ്ജിങ്: കോവിഡ്-19 (കൊറോണ) വൈറസ് ബാധിച്ചുമരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച 1873 ആയതായി ചൈനീസ് സ്റ്റേറ്റ് ആരോഗ്യസമിതി പറഞ്ഞു. 73,428 പേരില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, 80 ശതമാനത്തോളംപേരിലും തീവ്രത കുറഞ്ഞ രീതിയിലാണ് വൈറസ് ബാധയുണ്ടായിട്ടുള്ളതെന്ന് ചൈനയിലെ ആരോഗ്യവിദഗ്ധര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സി.സി.ഡി.സി.) നടത്തിയ പഠനത്തിന്റെ ഫലം ചൈനീസ് ജേണല്‍ ഓഫ് എപ്പിഡമോളജിയിലാണ് പ്രസിദ്ധീകരിച്ചത്. അതേസമയം, മറ്റ് അസുഖങ്ങള്‍ ബാധിച്ചിട്ടുള്ളവരിലും പ്രായമുള്ളവരിലും വൈറസ് ഗുരുതരമാകുമെന്നും പഠനത്തില്‍ പറയുന്നു. ആരോഗ്യപ്രവര്‍ത്തകരിലേക്ക് വൈറസ് പടരാനുള്ള സാധ്യത ഏറെയാണ്. വൈറസ് കൂടുതലായി പടര്‍ന്ന വുഹാന്‍ പ്രവിശ്യയില്‍ 2.9 ശതമാനമാണ് മരണനിരക്ക്, ചൈനയുടെ മറ്റുഭാഗങ്ങളില്‍ 0.4 ശതമാനവും. ആകെ ചൈനയില്‍ കോവിഡ്-19 മരണനിരക്ക് 2.3 ശതമാനവും. വൈറസ് ബാധ സ്ഥിരീകരിച്ച 44,672 പേരില്‍ നടത്തിയ പഠനത്തില്‍ 13.8 ശതമാനം പേരില്‍ നില ഗുരുതരവും 4.7 ശതമാനം പേരുടെ നില അതിഗുരുതരവുമാണ്. വുഹാനിലുള്ള വുചാങ് ആശുപത്രിയുടെ ഡയറക്ടര്‍ ലിയു ജിമിങ് കോവിഡ്-19 വൈറസ് ബാധയെത്തുടര്‍ന്ന് മരണത്തിനുകീഴടങ്ങി. ജിമിങ്ങിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും വിഫലമായതായി ചൈനയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ സി.സി.ടി.വി. പറഞ്ഞു.

Related News