Loading ...

Home Europe

ഡെന്നീസ് കൊടുങ്കാറ്റ് ബ്രിട്ടനിലാകമാനം കടുത്ത നാശനഷ്ടങ്ങള്‍

ലണ്ടന്‍: ഡെന്നീസ് കൊടുങ്കാറ്റ് ബ്രിട്ടനിലാകമാനം കടുത്ത നാശനഷ്ടങ്ങളും മരണങ്ങളും വിതച്ച്‌ കൊണ്ട് വന്‍ ഭീഷണിയായി വീശിയടിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കാറ്റിനെ തുടര്‍ന്നുള്ള കെടുതികളെ തുടര്‍ന്ന് മരണസംഖ്യ അഞ്ചായാണ് ഉയര്‍ന്നിരിക്കുന്നത്. കാറ്റിനെ തുടര്‍ന്നുള്ള ശക്തമായ മഴ കാരണം അനേകം നഗരങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്. മോട്ടോര്‍വേകളില്‍ അനേകം അപകടങ്ങള്‍ പതിവായിട്ടുമുണ്ട്. കൊടുങ്കാറ്റിന് ശേഷമുള്ള പ്രളയം തുടരുന്ന ദുരവസ്ഥയാണ് നിരവധി ഇടങ്ങളിലുള്ളത്. പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് രാജ്യമാകമാനം 550ല്‍അധികം വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണുയര്‍ത്തപ്പെട്ടിരിക്കുന്നത്. തങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് യുക്തമായ സഹായം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്ന് നിരവധി പേര്‍ ആരോപിക്കുന്നുണ്ട്. ഇതിന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഉത്തരം പറഞ്ഞേ മതിയാവൂ എന്ന ആവശ്യവും ശക്തമാണ്. വോര്‍സെസ്റ്റര്‍ഷെയറിലെ ടെന്‍ബുറി വെല്‍സിന് സമീപം ടെമെ നദിക്ക് കുറുകെ പോകുന്ന പാലം വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് അതിലെ പോയ കാര്‍ മുങ്ങി യാത്രക്കാരിയായ സ്ത്രീ ഒഴുകിപ്പോയിരുന്നു. വൈവോന്നെ ബൂത്ത് എന്ന ഈ 55 കാരിയുടെ മൃതദേഹം ഞായറാഴ്ച കണ്ടെടുക്കുകയും ചെയ്തിരുന്നു.ഡെന്നീസ് തീര്‍ത്ത കെടുതിയാല്‍ യുകെയിലുണ്ടായിരിക്കുന്ന അഞ്ചാമത്തെ മരണമാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. പ്രതികൂലമായ അവസ്ഥയെ നേരിടാന്‍ മിനിസ്റ്റര്‍മാര്‍ ജാഗ്രത പാലിക്കുന്നുവെന്ന് പുതിയ എന്‍വയോണ്‍മെന്റ് സെക്രട്ടറി ജോര്‍ജ് യൂസ്റ്റിസ് ഉറപ്പേകുന്നുണ്ടെങ്കിലും കോബ്ര മീറ്റിങ് വിളിച്ച്‌ കൂട്ടാത്തതില്‍ പ്രതിഷേധം ശക്തമാണ്.ഉസ്‌ക് നദി കരകവിഞ്ഞതിനെ തുടര്‍ന്ന് ക്രിക്ക്ഹോവെലിലെ പോവിസ് ഗ്രാമത്തിലെ വീടുകള്‍ വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. വെയില്‍സിലെ റോന്‍ഡ സൈനോന്‍ ടാഫിലെ ടൈലോര്‍ടൗണില്‍ കടുത്ത മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. സെന്റ് ഐവ്സിലെ യോര്‍ക്കും കേംബ്രിഡ്ജ്ഷെയര്‍ മാര്‍ക്കറ്റ് ടൗണും ഔസ് നദി കരകവിഞ്ഞതിനെ തുടര്‍ന്ന് പ്രളയത്തില്‍ അകപ്പെട്ടിട്ടുണ്ട്. വൈയെ നദി അതിന്റെ ചരിത്രത്തില്‍ ഏറ്റവും ഏറെ വെള്ളം കയറിയ അവസ്ഥയിലാണിപ്പോള്‍. ഇതിനെ തുടര്‍ന്ന് ഹെര്‍ഫോര്‍ഡ് ഷെയറില്‍ കടുത്ത ഭീഷണിയാണുണ്ടായത്. കടുത്ത മഴ പെയ്തിറങ്ങിയതിനാല്‍ സൗത്ത് വെയില്‍സിലെ നിരവധി കുടുംബങ്ങളാണ് കടുത്ത ദുരിതത്തിലായിരിക്കുന്നത്. പ്രതികൂലമായ കാലാവസ്ഥ കാരണം യുകെയിലെ നിരവധി റോഡുകളില്‍ വാഹനാപകടങ്ങള്‍ പതിവായെന്നും റിപ്പോര്‍ട്ടുകളുണ്ട്. എ 55ല്‍ ഒരു കാറും എച്ച്‌ജിവിയും തമ്മില്‍ കൂട്ടിയിടിച്ച്‌ ഒരു ചെറിയ ആണ്‍കുട്ടി മരിച്ചിട്ടുണ്ട്. ഈ അപകടത്തില്‍ പെട്ട ഒരു സ്ത്രീ ജീവന്മരണ പോരാട്ടത്തിലുമാണ്. ഇവിടെ ഫോര്‍ഡ് മോന്‍ഡിയോയും എച്ച്‌ജിവിയും വെയില്‍സിലെ ആന്‍ഗ്ലെസിയിലെ ഗ്വാല്‍ചാമായ്ക്കടുത്താണ് കൂട്ടിയിടിച്ചത്.കടുത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി വീടുകളിലേക്ക് വെള്ളം ഇരച്ച്‌ കയറുന്ന അവസ്ഥയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വെല്‍സിലെ ടെന്‍ബുറിയിലെ 53 കാരിയായ ഡെബോറാഹ് വാര്‍ഫീല്‍ഡിന്റെ അടുക്കളയിലേക്ക് ഇത്തരത്തിലാണ് വെള്ളം ഇരച്ച്‌ കയറി പ്രളയമുണ്ടായിരിക്കുന്നത്. ടെമെ നദി കരകവിഞ്ഞതിനെ തുടര്‍ന്നാണ് ഇവിടെ ഈ ദുരവസ്ഥയുണ്ടായിരിക്കുന്നത്. രാജ്യമാകമാനം നിരവധി ഇടങ്ങളില്‍ ഇത്തരത്തില്‍ വെള്ളപ്പൊക്കമുണ്ടായിരിക്കുകയാണ്. ഡെന്നീസിനൊപ്പമെത്തിയിരിക്കുന്ന മഴ ഷ്രോപ്സ്ഹയര്‍, ഹെര്‍ഫോര്‍ഡ്ഷെയര്‍, വോര്‍സെസ്റ്റര്‍ഷയെര്‍ മുതല്‍ സൗത്ത് വെയില്സിലെ താഴ് വരകള്‍ വരെയുള്ള ഇടങ്ങളില്‍ കടുത്ത ദുരിതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ബോംബ് സൈക്ലോണ്‍ എന്ന ഈ കാറ്റ് ഇനിയും ദുരിതങ്ങളുണ്ടാക്കുമെന്നും മുന്നറിയിപ്പുണ്ട്.

Related News