Loading ...

Home National

സാമൂഹിക മാധ്യമങ്ങളിലെ സ്വകാര്യതയ്ക്കു വിരാമം കുറിക്കാന്‍ നിയമം അരികെ

സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ നിര്‍ബന്ധിക്കാന്‍ വഴി തെളിക്കുന്ന നിയമം കേന്ദ്രസര്‍ക്കാര്‍ ഈ മാസം അവസാനം കൊണ്ടുവരും. ഗൂഗിള്‍,ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ടിക്ടോക്, യൂട്യൂബ് തുടങ്ങിയവയിലെ അജ്ഞാത ഉപയോക്താക്കളുടെ യഥാര്‍ത്ഥ ഐഡന്റിറ്റി വെളിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. നിര്‍ദ്ദിഷ്ട നിയമം എല്ലാ സോഷ്യല്‍ മീഡിയകള്‍ക്കും തല്‍ക്ഷണ സന്ദേശമയയ്ക്കല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും ബാധകമാകും.അതേസമയം, സുപ്രീം കോടതി അംഗീകരിച്ചിട്ടുള്ള സ്വകാര്യതാ അവകാശത്തിന്റെ ലംഘനമാകും ഇതെന്നാണ് ഇന്റര്‍നെറ്റ് കമ്പനികളുടെ കൂട്ടായ്മയായ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതികരിച്ചത്. കോടതി ഉത്തരവോ വാറന്റോ ഇല്ലാതെ തന്നെ അധികാരികള്‍ക്ക് വിവരങ്ങള്‍ തേടാന്‍ അധികാരം നല്‍കുന്ന നിയമമാണിത്.സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ 72 മണിക്കൂറിനകം ഉള്ളടക്കത്തിന്റെ ഉറവിടം കണ്ടെത്തിക്കൊടുക്കണമെന്ന് കരടുചട്ടത്തിലുണ്ട്. സര്‍ക്കാരിന്റെ അന്വേഷകരെ സഹായിക്കാനായി ഉള്ളടക്കത്തിന്റെ രേഖകള്‍ 180 ദിവസമെങ്കിലും സൂക്ഷിക്കണം. ഇന്ത്യയിലെ 500 ദശലക്ഷത്തിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ചെറിയൊരു ശതമാനമെങ്കിലും വ്യക്തിവിവരം വെളിപ്പെടുത്താതെയും കള്ളപ്പേരിലും സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നുവെന്നതു രഹസ്യമല്ല. 500 ദശലക്ഷം പേര്‍ ഉപയോഗിക്കുന്ന വാട്‌സാപ്പ്, സര്‍ക്കാര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ സ്വകാര്യതയുടെ പേരില്‍ നല്‍കാതെ പകരം വ്യാജവാര്‍ത്തകളുടെ പ്രചാരണം തടയാനുള്ള ഗവേഷണത്തിനു ഫണ്ട് വാഗ്ദാനം ചെയ്യുകയും പൊതുജനത്തെ ബോധവത്കരിക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെടുകയും ചെയ്തത് നിയമ നിര്‍മ്മാണത്തിനു പ്രേരകമായ സംഭവങ്ങളിലൊന്നാണ്.

Related News