Loading ...

Home cinema

മലയാള ഹാസ്യരംഗം ദ്വയാര്‍ഥ പ്രയോഗങ്ങളുടെ തടവില്‍ –വിനോദ് കോവൂര്‍ by എ.വി. ഷെറിന്‍

മനാമ: ശുദ്ധഹാസ്യം ഇല്ലാതായി എന്നതാണ് ഇന്നത്തെ മലയാള ഹാസ്യമേഖല അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധിയെന്ന് വിനോദ് കോവൂര്‍ പറഞ്ഞു. ബഹ്റൈനില്‍  à´¸à´‚സാരിക്കുകയായിരുന്നു അദ്ദേഹം.

പല റിയാലിറ്റിഷോകളും പിടിച്ചു നില്‍ക്കുന്നത് തെറിയിലാണ്. മിമിക്രിയിലും  മിമിക്സ് പരേഡിലും സിനിമയിലുമെല്ലാം ദ്വയാര്‍ഥ പ്രയോഗങ്ങളാണ് നിറഞ്ഞുനില്‍ക്കുന്നത്. സത്യന്‍ അന്തിക്കാടിന്‍െറയും മറ്റും സിനിമകളില്‍ ഹാസ്യത്തിന്‍െറ സമ്പൂര്‍ണത വിളയാടുന്നത് കാണാനാകുമായിരുന്നു. മലയാളത്തിന് ശക്തമായ ഒരു ശുദ്ധഹാസ്യ പാരമ്പര്യം ഉണ്ട്. അതിനെ ഇത്തരത്തില്‍ വികൃതമാക്കേണ്ട യാതൊരു കാര്യവുമില്ല. എന്‍െറ പരിപാടികളിലെല്ലാം ഇത്തരം ദ്വയാര്‍ഥ പ്രയോഗ തമാശകള്‍ ഒഴിവാക്കാനാണ് ശ്രമിക്കാറുള്ളത്. അതും ജനം ആസ്വദിക്കുന്നുണ്ട്. ജനത്തിന് ഇഷ്ടമാകും എന്ന് കരുതി ദ്വയാര്‍ഥങ്ങള്‍ തിരുകുന്നതിയില്‍ യാതൊരു കാര്യവുമില്ല.

കോഴിക്കോട് സെന്‍റ് ജോസഫ്സ് സ്കൂളില്‍ പഠിക്കുമ്പോള്‍ ചിത്രകലാധ്യാപകനായ പോള്‍ കല്ലാനോട് ക്ളാസിലെ കുട്ടികളോട് ഭാവിയില്‍ ആരായിത്തീരണം എന്ന പതിവ് ചോദ്യം ചോദിച്ചു. മുന്‍ ബെഞ്ചുകളിലുള്ള കുട്ടികളെല്ലാം ഡോക്ടര്‍, എഞ്ചിനിയര്‍, പൈലറ്റ്, കലക്ടര്‍ എന്നിങ്ങനെ ഉത്തരം നല്‍കി. പുറകിലിരുന്ന എനിക്ക് എന്‍െറ ഊഴം വന്നപ്പോള്‍ പേടിയായി. തനിക്കാവേണ്ടത് ഇതൊന്നുമല്ല. പക്ഷേ, അതൊരു ജോലിയാണോ എന്ന് അറിയുകയുമില്ല. ഒടുക്കം രണ്ടു കല്‍പ്പിച്ച് പറഞ്ഞു-‘എനിക്ക് നടനാകണം സാര്‍’. ക്ളാസിലാകെ കൂട്ടച്ചിരി. അതോടെ, ഞാന്‍ പറഞ്ഞത് ശരിയായില്ല എന്ന സംശയം വീണ്ടും കനത്തു. അപ്പോള്‍, പോള്‍ മാഷ് അടുത്ത് വന്ന് ചേര്‍ത്ത് പിടിച്ചു പറഞ്ഞു. നീയാണ് മിടുക്കന്‍. വ്യത്യസ്തതകള്‍ തേടുന്നവരാണ് വിദ്യാര്‍ഥി. അവനാണ് കലാകാരന്‍. ആ ഉറപ്പാണ് വിനോദ് എന്ന കുട്ടിയെ ഇന്ന് മലയാളികള്‍ക്ക് സുപരിചതനായ വിനോദ് കോവൂര്‍ എന്ന നടനാക്കിയത്-വിനോദ് കൂട്ടിച്ചേര്‍ത്തു.

അഭിനയത്തിന്‍െറ അളവുകള്‍ ചെറുപ്പത്തിലേ മന$പാഠമാക്കിയത് നാടകത്തിലൂടെയാണ്. ‘പാട്ടബാക്കി’, ‘ജെറി ബട്ലറുടെ പ്രേതം’ പോലുള്ള നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. കേരളോത്സവത്തില്‍ തുടര്‍ച്ചയായി അഞ്ചുതവണ മികച്ച നടനായി. കോഴിക്കോടന്‍ നാടക രംഗത്തെ പ്രമുഖരായ സതീഷ്.കെ.സതീഷ്, എ.ശാന്തകുമാര്‍, ഗിരീഷ് പി.സി.പാലം തുടങ്ങിയവരുടെ നാടകങ്ങളിലെ സ്ഥിരം മുഖമായി. നാടകം കൊണ്ടുമാത്രം ജീവിതം മുന്നോട്ടുപോകില്ളെന്ന ഘട്ടം വന്നപ്പോഴാണ് സ്കിറ്റുകളുടെ രംഗത്തേക്ക് തിരിയുന്നത്. അതെല്ലാം ജനം സ്വീകരിക്കുകയും ചെയ്തു.ഒരുവേഷം ശ്രദ്ധിക്കപ്പെട്ടാല്‍ അതേപോലുള്ള വേഷങ്ങള്‍ തുടര്‍ച്ചയായി തേടിയത്തെുന്നു എന്നത് അഭിനയരംഗത്തുള്ളവര്‍ അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധി തന്നെയാണെന്ന് വിനോദ് പറഞ്ഞു.ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമത്തിലാണ് ഞാന്‍.

അഭിനയമാണ് എന്‍െറ പാഷന്‍. അല്ലാതെ ഹാസ്യാഭിനയമല്ല. ക്യാരക്റ്റര്‍ റോളുകളിലാണ് താല്‍പര്യം. അതിനുള്ള വഴി തുറക്കുമെന്ന പ്രതീക്ഷയുണ്ട്. ഇതുവരെ 30 സിനിമകള്‍ ചെയ്തിട്ടുണ്ട്. അതില്‍ 22 സിനിമകളിലും മുസ്ലിം വേഷങ്ങളാണ് കിട്ടിയത്. അതൊരുതരത്തില്‍ ബ്രാന്‍റിങ് ആണ്. ഇയാള്‍ക്ക് ഇന്ന വേഷമേ ചേരൂ എന്ന ധാരണയുടെ, അല്ളെങ്കില്‍, ഇയാള്‍ ഈ വേഷം ചെയ്താല്‍ മാത്രമേ ജനം സ്വീകരിക്കൂ എന്ന മുന്‍ധാരണയുടെ പുറത്താണ് അത് വരുന്നത്.യഥാര്‍ഥത്തില്‍, ഞാന്‍ കാഞ്ഞിരപ്പള്ളിക്കാരന്‍ ക്രിസ്ത്യാനിയുടെയും കാസര്‍കോട്ടുകാരന്‍െറയും ഭാഷയിലും നടപ്പിലും അഭിനയിക്കാന്‍ തയാറാണ്. അത് ഈ ബ്രാന്‍റിങ് മൂലം നടക്കുന്നില്ളെന്ന് മാത്രം. അതുകൊണ്ട്, ഒരേ രൂപത്തിലുള്ള വേഷങ്ങളെ എങ്ങനെ മറികടക്കാമെന്നതുതന്നെയാണ് ഇപ്പോഴത്തെ ഗൗരവകരമായ ആലോചന. മീഡിയ വണ്‍ ചാനലിലെ ‘എം 80 മൂസ’യെ ജനം രണ്ടുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

മലയാളത്തിലെ മുന്‍നിര അഭിനേതാക്കള്‍ മുതല്‍, തെരുവില്‍ കാണുന്ന സാധാരണ ജനം വരെ എന്നെ നെഞ്ചോടുചേര്‍ത്ത് അഭിനന്ദിച്ചത് വലിയ അംഗീകാരമായി കാണുന്നു. എന്നാല്‍, അതില്‍ പെട്ടുപോകരുത് എന്ന ആഗ്രഹമുണ്ട്.മലയാള സിനിമയിലുണ്ടായ വലിയ മാറ്റങ്ങളൊന്നും സീരിയല്‍, മിനിസ്ക്രീന്‍ രംഗത്ത് വന്നിട്ടില്ല. പട്ടുസാരിയുടുത്ത് ചായയുണ്ടാക്കുന്ന പരിഹാസ്യമായ അവസ്ഥയാണ് ഇപ്പോഴും മലയാള സീരിയലുകളില്‍ തുടരുന്നത്. ഇതാണ് ‘എം80 മൂസയെ’ വ്യത്യസ്തമാക്കുന്നത്. കള്ളിമുണ്ട് ഉടുക്കുന്ന, നാടന്‍ ഭാഷ സംസാരിക്കുന്ന ടെലിവിഷന്‍ പരിപാടി എന്നതും ‘എം80 മൂസ’യുടെ പ്രത്യേകതയാണ്. മലയാളികള്‍ എന്നും ഹാസ്യം ഇഷ്ടപ്പെടുന്നവരാണ്. അവരെ ചിരിപ്പിക്കാന്‍, അവരുടെ സംഘര്‍ഷ ഭരിതമായ ജീവിതാവസ്ഥകളിലേക്ക് സന്തോഷത്തിന്‍െറ ഇത്തിരിവെട്ടം കൊണ്ടുവരാന്‍ സാധിക്കുന്നു എന്നതില്‍ സന്തോഷമുണ്ടെന്നും വിനോദ് പറഞ്ഞു.

Related News