Loading ...

Home Kerala

ഭിന്നശേഷിക്കാര്‍ക്ക് കരുതലുമായി സര്‍ക്കാര്‍ : എന്‍ഐപിഎംആറില്‍ ഏഴ് കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കും

ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ കരുതലുമായി സര്‍ക്കാര്‍. ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസം ലക്ഷ്യമാക്കി സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ ഇരിങ്ങാലക്കുട കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ 7 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കും. സംസ്ഥാന ബജറ്റിലാണ് ഈ തുക വകയിരുത്തിയത്. 2012 ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് ഈ സ്ഥാപനത്തിന് ഇത്രയും തുക മാറ്റിവെക്കുന്നത്.
ഒക്യുപ്പേഷണല്‍ തെറാപ്പി കോഴ്സിന്റെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, പ്രത്യേക വിദ്യാഭ്യാസം, വൈകല്യവുമായി ബന്ധപ്പെട്ട മറ്റ് അക്കാദമിക് പരിപാടികള്‍, പ്രാരംഭ നിര്‍ണ്ണയം, വൈകല്യം പരിഹരിക്കല്‍, പുനരധിവാസ സൗകര്യങ്ങള്‍, പരിസ്ഥിതി സൗഹാര്‍ദ്ദ ക്യാമ്ബസ്, ഔട്ട് റീച്ച്‌ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തല്‍, അക്കാദമിക് ഹോസ്റ്റല്‍ ബ്ലോക്കുകളുടെ നിര്‍മ്മാണം, നട്ടെല്ലിന് ക്ഷതം സംഭവിച്ചവരുടെ പുനരധിവാസ യൂണിറ്റ് ശക്തിപ്പെടുത്തല്‍, ഭിന്നശേഷി രംഗത്തെ ഗവേഷണ പ്രവര്‍ത്തങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നീ വികസന പ്രവര്‍ത്തനങ്ങളാണ് എന്‍ ഐ പി എം ആറില്‍ വരാനിരിക്കുന്നത്. 2015 ലെ കേരള ബജറ്റ് മുതലാണ് സ്ഥാപനത്തിന് തുക വകയിരുത്തിത്തുടങ്ങിയത്. മുന്‍ കൊല്ലങ്ങളിലെ പരമാവധി ബജറ്റ് വിഹിതം 5 കോടി രൂപയായിരുന്നു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ആധുനിക ചികിത്സാ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. വിവിധ തരം തെറാപ്പികള്‍, ഭിന്നശേഷിക്കാരായ കുട്ടികളുടെ സര്‍ഗാത്മക കഴിവുകളെ വളര്‍ത്താനായി സ്പെഷ്യല്‍ ട്രാന്‍സിഷന്‍ സ്‌കൂള്‍, ഇന്ദ്രിയ ശേഷി ഉണര്‍ത്തുന്നതിനായി സെന്‍സറിക് ഗാര്‍ഡന്‍, സെന്ററില്‍ നേരിട്ട് ചികിത്സക്ക് എത്താന്‍ കഴിയാത്തവര്‍ക്കായി സഞ്ചരിക്കുന്ന തെറാപ്പി യൂണിറ്റ് റിഹാബ് ഓണ്‍ വീല്‍സ് എന്നിങ്ങനെയാണ് ഇപ്പോഴുള്ള പ്രധാനപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍. കൂടുതല്‍ സൗകര്യങ്ങള്‍ വരുന്നതിലൂടെ ഭിന്നശേഷി സേവന രംഗത്തെ മികച്ച സ്ഥാപനങ്ങളിലൊന്നായി എന്‍ ഐ പി എം ആറിന് മാറാന്‍ സാധിക്കുമെന്ന് ജോയിന്റ് ഡയറക്ടര്‍ സി ചന്ദ്രബാബു പറഞ്ഞു.

Related News