Loading ...

Home Europe

സിന്‍ ഫിയേന്‍ അയര്‍ലന്‍ഡ് തിരഞ്ഞെടുപ്പില്‍ മുന്നിലെത്തിയതോടെ ഏകീകൃത അയര്‍ലന്‍ഡ് വാദം വീണ്ടും ശക്തിപ്രാപിക്കുന്നു

യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ വേര്‍പിരിയണമെന്ന വാദം ശക്തിപ്രാപിച്ചതിനൊപ്പം വളര്‍ന്നുവന്നതാണ് സ്‌കോട്ട്‌ലന്‍ഡിന്റെ സ്വാതന്ത്ര്യമോഹവും. സ്‌കോട്ട്‌ലന്‍ഡിനുമാത്രമായി ഹിതപരിശോധന നടത്തി യു.കെ.യോട് വിടപറയണമെന്ന വാദമുയര്‍ത്തുന്ന സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടിയെ ഒരുവിധത്തില്‍ സമാധാനിപ്പിച്ച്‌ മുന്നോട്ടുപോവുകയാണ് സര്‍ക്കാര്‍. അതിനിടെ, നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഭിന്നിപ്പിനായുള്ള നീക്കങ്ങള്‍ സജീവമായി. യു.കെയില്‍നിന്ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് വേര്‍പിരിഞ്ഞ് അയര്‍ലന്‍ഡ് റിപ്പബ്ലിക്കിനോട് ചേരണമെന്ന ആശയമാണ് ശക്തിപ്രാപിക്കുന്നത്. ഇടത് ആഭിമുഖ്യമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി സിന്‍ ഫിയേന്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ മുന്നിലെത്തിയതോടെയാണ് ഏകീകൃത അയര്‍ലന്‍ഡെന്ന ആശയത്തിന് വീണ്ടും ശക്തിപ്രാപിച്ചത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ അയര്‍ലന്‍ഡുകളെ ഒന്നിപ്പിക്കണമെന്ന ലക്ഷ്യവുമായി മുന്നേറുന്ന സിന്‍ ഫിയേന്‍ എന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വരവ് യുകെ ആശങ്കയോടെയാണ് കാണുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കുതിപ്പ് രാഷ്ട്രീയ നിരീക്ഷകര്‍ പോലും കരുതിയിരുന്നില്ല. ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍, സിന്‍ ഫിയേന്‍ 24.5 ശതമാനം വോട്ട് നേടിക്കഴിഞ്ഞു. 2016-ലെ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ ഇരട്ടിയോളംവരുമിത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കാലങ്ങളായി മേധാവിത്വം നിലനിര്‍ത്തിയിരുന്ന ഫിയാന്ന ഫെയില്‍ 22 ശതമാനം വോട്ടും ഫൈന്‍ ഗായേല്‍ 21 ശതമാനം വോട്ടുമാണ് നേടിയത്. ബാലറ്റ് ബോക്‌സ് വിപ്ലവമെന്നാണ് ഈ നേട്ടത്തെ സിന്‍ ഫിയേന്‍ നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ് വിശേഷിപ്പിച്ചത്. ഫിയാന്ന ഫെയില്‍, ഫൈന്‍ ഗായേല്‍ എന്നീ പാര്‍ട്ടികളുടെ കാലം കഴിഞ്ഞുവെന്നും പുതിയ വോട്ടര്‍മാരാണ് ഇനി രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുകയെന്നും അവര്‍ പറഞ്ഞു. വോട്ടുകള്‍ മൂന്നായി ഭിന്നിച്ചതോടെ, ഏതെങ്കിലും ഒരു കക്ഷിക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പായെങ്കിലും പ്രഘാനമന്ത്രിയും ഫൈന്‍ ഗായേല്‍ പാര്‍ട്ടി നേതാവുമായ ലിയോ വരദ്കറിന് രാജിവെക്കേണ്ടിവരുമെന്നുറപ്പായി. ഇതോടെ ഭരണത്തിലാരെത്തുമെന്ന ചര്‍ച്ചകള്‍ക്കും തുടക്കമായി. എന്നാല്‍, സര്‍ക്കാര്‍ രൂപവത്കരണത്തെക്കാള്‍ സിന്‍ ഫിയേനിന്റെ വരവ് ഏകീകൃത അയര്‍ലന്‍ഡ് എന്ന ആശയത്തിനാണ് ശക്തിപകര്‍ന്നിരിക്കുന്നത്. അയര്‍ലന്‍ഡ് റിപ്പബ്ലിക്കിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ശക്തമായ വേരോട്ടമുള്ള പാര്‍ട്ടിയാണ് സിന്‍ ഫിയേന്‍. ഏകീകൃത അയര്‍ലന്‍ഡിനായി ഹിതപരിശോധന നടത്തണമെന്ന വാദമുയര്‍ത്തുന്ന സിന്‍ ഫിയേന്‍, അധികാരത്തിലെത്തിയാല്‍ അതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നുറപ്പാണ്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഏകീകൃത അയര്‍ലന്‍ഡിനായുള്ള വോട്ടെടുപ്പ് നടത്തുമെന്നാണ് സിന്‍ ഫിയേനിന്റെ പ്രഖ്യാപനം.

Related News