Loading ...

Home Gulf

സൗദിയിലെ വിദേശി - ആശ്രിത ലെവി 2019 ലെ നിരക്ക് സ്ഥിരപ്പെടുത്തുന്നത് പഠിക്കാന്‍ ശൂറാ കൗണ്‍സില്‍ നിര്‍ദേശം

ജിദ്ദ: വിദേശികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും മേലുള്ള ലെവിയുടെ നിരക്ക് 2019 ലേതില്‍ സ്ഥിരപ്പെടുത്താനുള്ള സാധ്യതയെ കുറിച്ച്‌ പഠിക്കണമെന്ന് സൗദി ശൂറാ കൗണ്‍സില്‍ (സൗദി പാര്‍ലമെന്റ്) യോഗം നിര്‍ദേശിച്ചു. ഇക്കാര്യം സംബന്ധിച്ച്‌ പഠിക്കണമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തോടാണ് തിങ്കളാഴ്ച ചേര്‍ന്ന ശൂറാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടത്. സ്പീക്കര്‍ ശൈഖ് ഡോ. അബ്ദുല്ല ആലുശൈഖ് അധ്യക്ഷം വഹിച്ചു. സൗദി ജീവനക്കാരേക്കാള്‍ കൂടുതല്‍ എണ്ണം വിദേശി ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ 2020 ല്‍ ഓരോ അധിക എണ്ണം വിദേശി ജീവനക്കാരന്നും വേണ്ടി മാസം തോറും അടക്കേണ്ട ലെവി 800 റിയാലാണ്. 2019 ല്‍ ഇത് 600 റിയാല്‍ ആയിരുന്നു. അപ്രകാരം സ്വദേശി ജീവനക്കാരെക്കാള്‍ കുറവ് എണ്ണം വിദേശി ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ 2020 ല്‍ ഓരോ എണ്ണം വിദേശിക്കും വേണ്ടി മാസം തോറും അടക്കേണ്ട ലെവി 700 റിയാലാണ്. 2019 ല്‍ ഇത് 500 റിയാലായിരുന്നു. ആശ്രിത ലെവി 2019 ല്‍ ആളൊന്നിന് മാസാന്തം 300 റിയാല്‍ ആയിരുന്നത് 2020 ല്‍ 400 റിയാലാണ്. ലെവി ഏര്‍പ്പെടുത്തിയ ആദ്യ കാലത്തു പ്രഖ്യാപിച്ച കണക്ക് പ്രകാരമുള്ള പരമാവധി നിരക്കാണ് 2020 ല്‍. ഇത് തൊട്ടു മുമ്ബുള്ള വര്‍ഷത്തെ നിരക്ക് ആക്കി സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ചുള്ള അന്വേഷണത്തിനാണ് ശൂറാ കൗണ്‍സില്‍ ഉദ്യമിച്ചിരിക്കുന്നത്. ഇത് ചെറുതല്ലാത്ത ആശ്വാസവും പ്രതീക്ഷയുമാണ് സൗദിയിലെ പ്രവാസി സമൂഹത്തില്‍ ജനിപ്പിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കുമുള്ള ലെവി നിരക്ക് കഴിഞ്ഞ വര്‍ഷം പ്രാബല്യത്തിലുണ്ടായിരുന്ന അതേ നിരക്കില്‍ തന്നെ ഈ കൊല്ലവും സ്ഥിരപ്പെടുത്തുന്ന കാര്യം മന്ത്രാലയം പഠിക്കണമെന്ന് ശൂറാ കൗണ്‍സിലിലെ സാമ്ബത്തിക, ഊര്‍ജ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടും അക്കാര്യത്തില്‍ അംഗങ്ങള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളിലും നിര്‍ദേശങ്ങളിലും കമ്മിറ്റി നല്‍കിയ മറുപടിയും വിശദമായി വിലയിരുത്തിയ ശേഷം ശൂറാ കൗണ്‍സില്‍ അംഗീകരിക്കുകയും അക്കാര്യം പഠിക്കാന്‍ നിര്ദേശിക്കുകയുമായിരുന്നു.

Related News