Loading ...

Home Education

സായുധ സേനകളിലേക്കുള്ള സി.എ.പി.എഫ് പരീക്ഷ സിവില്‍ സര്‍വീസുമായി ലയിപ്പിച്ചേക്കും

ന്യൂഡല്‍ഹി: സായുധ സേനാവിഭാഗങ്ങളിലെ അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് തസ്തികയിലേക്കുള്ള റിക്രൂട്ടമെന്റിനായി യു.പി.എസ്.സി നടത്തുന്ന സി.എ.പി.എഫ് (സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ്) അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് പരീക്ഷ സിവില്‍ സര്‍വീസ് പരീക്ഷയുമായി ലയിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനായുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്ന് സി.എ.പി.എഫ് അധികൃതരെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി എന്നീ അര്‍ധസൈനിക വിഭാഗങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായാണ് യു.പി.എസ്.സി സി.എ.പി.എഫ് (അസിസ്റ്റന്‍ഡ് കമാന്‍ഡന്റ്) പരീക്ഷ നടത്തുന്നത്. 2003 മുതല്‍ എല്ലാ വര്‍ഷവും നടത്തുന്ന പരീക്ഷയുടെ സിലബസ് ഇതുവരെ പരിഷ്‌കരിച്ചിട്ടില്ല. ഇതുസംബന്ധിച്ച അറിയിപ്പ് 2017ല്‍ യു.പി.എസ്.സി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു. സി.എ.പി.എഫ് സിവില്‍ സര്‍വീസില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഐ.എ.എസ്, ഐ.പി.എസ് പോലുള്ള സമാന തസ്തികകളുമായുള്ള കൂട്ടായപ്രവര്‍ത്തനം കൂടുതല്‍ മികച്ചതാകുമെന്ന് അധികൃതര്‍ പറയുന്നു. സിലബസ് പരിഷ്‌കരിക്കാനായി ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയ കമ്മിറ്റി ആഭ്യന്തര സുരക്ഷ, എത്തിക്‌സ് ആന്‍ഡ് വാല്യൂസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. നിലവില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഈ വിഷയങ്ങളെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളായാണ് നിലവില്‍ സി.എ.പി.എഫ് (അസിസ്റ്റന്‍ഡ് കമാന്‍ഡന്റ്) പരീക്ഷ നടത്തുന്നത്. എഴുത്തുപരീക്ഷയ്ക്ക് പുറമെ ശാരീരിക ക്ഷമതാപരിശോധനയും അഭിമുഖവുമുണ്ട്. എല്ലാ വര്‍ഷവും 300 മുതല്‍ 400 വരെ ഒഴിവുകളുണ്ടാകാറുണ്ട്. 20-25 വയസ് പ്രായമുള്ളവരെയാണ് പരീക്ഷയ്ക്ക് പരിഗണിക്കുക. യു.പി.എസ്.സിയുടെ പരീക്ഷാ കലണ്ടര്‍ പ്രകാരം ഫെബ്രുവരി 12 മുതല്‍ ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. മേയ് 31-നാണ് പ്രിലിമിനറി പരീക്ഷ. ഓഗസ്റ്റ് 9ന് നടക്കുന്ന സി.എ.പി.എഫ് (അസിസ്റ്റന്‍ഡ് കമാന്‍ഡന്റ്) പരീക്ഷയ്ക്ക് ഏപ്രില്‍ 22 മുതല്‍ അപേക്ഷിക്കാമെന്നും യു.പി.എസ്.സി നേരത്തെ അറിയിച്ചിട്ടുണ്ട്.

Related News