Loading ...

Home USA

ക്ഷമയുടെ സംസ്ക്കാരമുണ്ടാകണം: സണ്ണി സ്റ്റീഫന്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ്സ് സീറോമലബാര്‍ കാത്തലിക് ദേവാലയത്തില്‍ കരുണയുടെ വര്‍ഷത്തോടനുബന്ധിച്ചു നടന്ന രണ്ടു ദിവസത്തെ വചനസ്നേഹവിരുന്നില്‍ ലോകപ്രശസ്ത കുടുംബപ്രേഷിതനും, വചനപ്രഘോഷകനും, ഫാമിലി കൌണ്‍സിലറും, സംഗീതജ്ഞനും,  വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനുമായ  ശ്രീ സണ്ണി സ്റ്റീഫന്‍ ജീവിതസ്പര്‍ശിയായ സമാധാനസന്ദേശം നല്‍കി.  

“ലോകത്തിലെ ഏറ്റവും വലിയ ഹീനത വീണവനെ വീണ്ടും ആക്രമിക്കുന്നതാണ്. എത്ര വീണിട്ടാണ് കുഞ്ഞുങ്ങളായിരുന്നപ്പോള്‍ നാം നടക്കാന്‍ പഠിച്ചത്. ഒരാളും കുറ്റപ്പെടുത്തിയിട്ടില്ല. അത്തരം അനുഭാവപൂര്‍ണമായ പരിഗണനയുടെ ഭാഗ്യം മുതിര്‍ന്നവര്‍ക്ക് ലഭിക്കുന്നില്ല. മാപ്പ് കൊടുക്കാന്‍ മനുഷ്യരുള്ള ഇടങ്ങളില്‍ വീഴ്ച പോലും ഒരു സ്നേഹകൂദാശയായി മാറുന്നു. ദൈവത്തെ മാത്രം നോക്കി ജീവിതം ക്രമം ചെയ്യുന്നവന് എളിമയുണ്ടാകും. പത്രോസിന്‍റെ കടലിനു മീതെയുള്ള യാത്രയില്‍ അത്രയും നേരം അയാള്‍ യേശുവിനെ ഉറ്റു നോക്കി ചുവടു ചവിട്ടുകയായിരുന്നു. ക്രിസ്തുവിനെ ഉറ്റുനോക്കുന്നവര്‍ക്കാര്‍ക്കും അഹത്തിന്‍റെ ഭാരമുണ്ടാകില്ല. അവര്‍ക്കൊരു തൂവലിന്‍റെ കനമേയുണ്ടാവുകയുള്ളൂ. എന്നാല്‍ എപ്പോഴാണോ ആ കണ്ണ് വലിച്ച് തന്നിലേക്കു തന്നെ അഹന്തയോടെ നോക്കിയത്, കാണെക്കാണെ അയാളുടെ ഭാരം വര്‍ദ്ധിക്കുന്നു, താണ്പോവുന്നു. ചെറിയ കാര്യങ്ങളിലുള്ള അവിശ്വസ്ഥതയില്‍ നിന്നാണ് വീഴ്ച്ചകളൊക്കെ ആരംഭിക്കുന്നത്. ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നവരെയാണ് ദൈവം വലിയ കാര്യങ്ങള്‍ക്കായി കരുതി വയ്ക്കുന്നത്. ദാനമായി കിട്ടിയ ഈ ജീവിതത്തെയും ഈ പ്രാണനെയും സാത്താന് പണയപ്പെടുത്താതെയിരിക്കുക. എല്ലാ മനുഷ്യരെയും അവരുടെ കുറവുകളോട് കൂടെ ചേര്‍ത്തു പിടിക്കുക. മെഴുകു പ്രതിമകളെ പോലെ ജീവിക്കാതെ ഹൃദയമാകുന്ന വയലിന് കീഴെയുള്ള ദൈവാത്മാവെന്ന നിധി തിരിച്ചറിയുക. അഹങ്കാരങ്ങളും, അഭിനിവേശങ്ങളും, ദുര്‍മോഹങ്ങളും നിറഞ്ഞുനില്‍ക്കുന്ന നമ്മുടെ ശരീരമാകുന്ന പറയ്ക്കുകീഴിലെ വിളക്ക് കണ്ടെത്തി പ്രകാശിപ്പിക്കുക. ഭൂമിക്കൊന്നും കളയല്ല, ഭൂമിയോളം വികാസം പ്രാപിക്കുന്ന ഹൃദയത്തിനും ഒന്നും കളയല്ല”. മനസ്സിന്‍റെ ആഴങ്ങളില്‍ തൊട്ട് സണ്ണി സ്റ്റീഫന്‍ നല്‍കിയ വചനങ്ങള്‍ വിശ്വാസസമൂഹത്തിനു വേറിട്ട ധ്യാന അനുഭവമായി. റവ.ഫാ. കുര്യന്‍ നെടുവേലിചാലുംകല്‍ സ്വാഗതം പറഞ്ഞു. വളരെ വൈവിദ്ധ്യങ്ങളോടെ തിരുവചനം പ്രായോഗികജീവിതപാഠങ്ങളാക്കി പകര്‍ന്നു നല്‍കിയ സണ്ണി സ്റ്റീഫന് അസി. വികാരി. റവ.ഫാ. സ്റ്റീഫന്‍ നന്ദി പറഞ്ഞു.

ദുക്റാന തിരുനാളിനോടനുബന്ധിച്ച് ആഘോഷമായ കുര്‍ബാനയും ആരാധനയും ലദീഞ്ഞും ഭക്തിനിര്‍ഭരമായി നടന്നു.

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍

Related News