Loading ...

Home sports

ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി: കൗമാര ക്രിക്കറ്റ് ലോകകപ്പ് ബംഗ്ലാദേശിന്

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ബംഗ്ലാദേശിന് കന്നി കിരീടം. നിലവിലെ ചാമ്ബ്യന്‍മാരായ ഇന്ത്യയെ മൂന്ന് വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കൗമാര ലോകകപ്പില്‍ ബംഗാള്‍ കടുവകള്‍ ആദ്യമായി മുത്തമിട്ടത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 177 റണ്‍സിന് ഓളൗട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ലഭിച്ചെങ്കിലും പിന്നീട് ഇന്ത്യന്‍ ബൗളര്‍മാരുടെ ശക്തമായ ആക്രമണത്തില്‍ തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. മത്സരത്തില്‍ ബംഗ്ലാദേശിന്റെ അക്‌ബര്‍ അലി പുറത്താകാതെ നടത്തിയ ചെറുത്തുനില്‍പ്പാണ് ബംഗ്ലാദേശിന് വിജയം സമ്മാനിച്ചത്. അക്ബര്‍ പുറത്താകാതെ 77 പന്തില്‍ 43 റണ്‍സ് നേടി. ഇടക്ക് മത്സരം മഴ മൂലം തടസപ്പെടുക കൂടി ചെയ്‌തതോടെ ഇന്ത്യ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം ഡിആര്‍എസ് നിയമം അനുസരിച്ച്‌ 170 ആയി പുനര്‍ക്രമീകരിക്കപ്പെട്ടു. ഇതോടെ ബംഗ്ലാദേശിന് കാര്യങ്ങള്‍ എളുപ്പമായി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ജയ്‌സ്വാള്‍ 88 റണ്‍സ് നേടി. 38 റണ്‍സെടുത്ത തിലക് വര്‍മ, 22 റണ്‍സെടുത്ത ധ്രുവ് ജുരല്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്പമെങ്കിലും പിടിച്ചു നിന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് പതിഞ്ഞ തുടക്കമാണ് മത്സരത്തില്‍ ലഭിച്ചത്.നാല് വിക്കറ്റിന് 156 റണ്‍സ് എന്ന നിലയില്‍ നിന്നും 21 റണ്‍സ് എടുക്കുന്നതിനിടയിലാണ് ഇന്ത്യക്ക് ആറ് വിക്കറ്റുകളും നഷ്ടമായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് വളരെ ശ്രദ്ധയോടെയാണ് ബാറ്റിങ്ങ് ആരംഭിച്ചത്. ആദ്യ വിക്കറ്റില്‍ ബംഗ്ലാ ഓപ്പണര്‍മാര്‍ പിടിച്ചുനിന്നപ്പോള്‍ 50 റണ്‍സ് സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്ത ശേഷമാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് ലഭിച്ചത്.പിന്നീട് സ്പിന്നര്‍


രവി ബിഷണോയ് ആക്രമണത്തിനെത്തിയതോടെ ബംഗ്ലാദേശിന് പിന്നീട് തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായി. ഒരറ്റത്ത് പര്‍വേസ് വിക്കറ്റ് കാത്തുസൂക്ഷിച്ചപ്പോള്‍ അക്ബര്‍ അലി അതിന് പിന്തുണ നല്‍കുകയായിരുന്നു. ഏഴാം വിക്കറ്റില്‍ പര്‍വേസ് പുറത്തായെങ്കിലും റക്കിബൂള്‍ ഹുസൈനുമായി ചേര്‍ന്ന് അക്ബര്‍ ഇന്ത്യന്‍ ബൗളിങ്ങ് ആക്രമത്തെ പ്രതിരോധിച്ചു. മത്സരത്തില്‍ 79 പന്തില്‍ 47 റണ്‍സാണ് പര്‍വേസ് നേടിയത്. 77 പന്തില്‍ അക്ബര്‍ അലി 43 റണ്‍സും സ്വന്തമാക്കി. ഇന്ത്യക്കായി രവി ബിഷണോയ് 10 ഓവറില്‍ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ സ്വന്തമാക്കി.

Related News