Loading ...

Home International

അന്റാര്‍ട്ടിക്ക ഉരുകുന്നു; താപനില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

അന്റാര്‍ട്ടിക്കയിലെ താപനില പുതിയ റെക്കോര്‍ഡ് നിരക്കിലെത്തി. അര്‍ജന്റീനിയന്‍ റിസര്‍ച്ച്‌ സ്റ്റേഷന്‍ തെര്‍മോമീറ്ററില്‍ 18.3 സെന്റിഗ്രേഡാണ് രേഖപ്പെടുത്തിയത്. ഉപദ്വീപിന്റെ വടക്കേ അറ്റത്തുള്ള എസ്പെരന്‍സയിലാണ് റിസര്‍ച്ച്‌ സ്റ്റേഷന്‍. 2015 മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 17.5 സി-യായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ് താപനില. അര്‍ജന്റീനയിലെ കാലാവസ്ഥാ ഏജന്‍സിയാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. തെക്കേ അമേരിക്കക്കടുത്തുള്ള അന്റാര്‍ട്ടിക്കയുടെ ഉപദ്വീപ് ഭൂമിയിലെ ഏറ്റവും വേഗത്തില്‍ താപനില ഉയരുന്ന സ്ഥലങ്ങളില്‍ ഒന്നാണ്. അവിടെ കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഏകദേശം 3 സെന്റിഗ്രേഡ് വരെ താപനില ഉയര്‍ന്നതായി ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്തെ മിക്കവാറും എല്ലാ ഹിമാനികളും ഉരുകുകയാണ്. താപനിലയുടെ കാര്യത്തില്‍ അന്റാര്‍ട്ടിക്ക് ഭൂഖണ്ഡത്തിലെതന്നെ റെക്കോര്‍ഡാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്. എന്നാല്‍, അര്‍ജന്റീനിയന്‍ റിസര്‍ച്ച്‌ സ്റ്റേഷനല്‍ തെളിഞ്ഞ പൊതിയ റെക്കോര്‍ഡ് താപനിലയെകുറിച്ച്‌ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് വിക്ടോറിയ യൂണിവേഴ്സിറ്റിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ പ്രൊഫ. ജെയിംസ് റെന്‍‌വിക് പറഞ്ഞു. അന്റാര്‍ട്ടിക്കയിലെ താപനിലയെ കുറിച്ചുള്ള മുന്‍കാല റെക്കോര്‍ഡുകള്‍ പരിശോധിക്കുന്ന വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ അഡ്‌ഹോക് കമ്മിറ്റി അംഗമാണ് അദ്ദേഹം. കേവലം അഞ്ചു വര്‍ഷത്തിനുള്ളില്‍ വീണ്ടും താപനില പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു എന്നത് ഗൌരവമായി കാണേണ്ട വിഷയമാണെന്ന് ജെയിംസ് റെന്‍‌വിക് പറഞ്ഞു. ആഗോളതാപനം ആഗോള ശരാശരിയേക്കാള്‍ വളരെ വേഗത്തിലാണ് അന്റാര്‍ട്ടിക്കയില്‍ എത്തുന്നത് എന്നതിന്‍റെ ഏറ്റവും പുതിയ തെളിവാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പ്രദേശത്തെ ഉയര്‍ന്ന താപനില പര്‍വത ചരിവുകളിലൂടെയുള്ള ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അത് പ്രദേശത്തെ കാലാവസ്ഥയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതിന്‍റെ അളവ് വര്‍ദ്ധിക്കുന്നതിലൂടെയും ആഗോളതാപനത്തിന്‍റെയും പശ്ചാത്തലത്തില്‍ നോക്കിയാല്‍ സ്വാഭാവികമായും ഉണ്ടാകേണ്ട മാറ്റമാണ് എസ്പെരന്‍സയില്‍ കാണുന്നത്.

Related News