Loading ...

Home cinema

തടസ്സങ്ങള്‍ മാറി... വിജയ് മാസ്റ്ററിന്റെ ലൊക്കേഷനില്‍ മടങ്ങിയെത്തി,ഷൂട്ടിംഗ് പുനരാരംഭിച്ചു

ചെന്നൈ: നടന്‍ വിജയിനെ ആദായനികുതി വകുപ്പിന്റെ തുടര്‍ച്ചയായ ചോദ്യം ചെയ്തതിന് പിന്നാലെ മുടങ്ങിയ മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു. 30 മണിക്കൂറോളമാണ് ഇളയദളപതിയെ ഐടി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. ഇതോടെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന്റെ കൈമ്ലാക്‌സ് അടക്കമുള്ള നിര്‍ണായക രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നത് വൈകിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പരിശോധനയില്‍ വിജയുടെ വീട്ടില്‍ നിന്ന് അനധികൃത പണമൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. നെയ്‌വേലിയിലെ കല്‍ക്കരി ഖനിയിലാണ് മാസ്റ്ററിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ നടക്കുന്നത്. വിജയ് ഷൂട്ടിംഗ് സെറ്റില്‍ തിരിച്ചെത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇതേ സെറ്റില്‍ വെച്ചാണ് വിജയിനെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കാറില്‍ വിജയുടെ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. വിജയിന്റെ ബിഗില്‍ എന്ന ചിത്രം 300 കോടി കളക്ഷന്‍ നേടിയതുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പ് ചോദ്യം ചെയ്തത്. ബിഗിലിന്റെ ഫിനാന്‍സറായ അന്‍പുചെഴിയന്‍ അനധികൃതമായി ഇടപാടിലൂടെ വിജയിക്ക് പണം കൈമാറിയെന്നായിരുന്നു സംശയം. കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ എല്ലാ രേഖകളും വിജയ് ആദായ നികുതി വകുപ്പിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഐടി വിഭാഗത്തില്‍ അനധികൃതമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ചില രേഖകള്‍ കൂടുതല്‍ പരിശോധനയ്ക്കായി വിജയില്‍ നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. വിജയ് മാസ്റ്ററിന്റെ സെറ്റിലെത്താന്‍ നേരത്തെ സാധിക്കാത്ത സാഹചര്യത്തില്‍ സംവിധായകന്‍ ചിത്രത്തിലെ മറ്റൊരു പ്രധാന താരമായ വിജയ് സേതുപതിയെയും മറ്റ് താരങ്ങളെയും വെച്ച്‌ ഷൂട്ടിംഗ് നടത്തിയിരുന്നു. വിജയ് സെറ്റിലെത്തിയതോടെ ആവേശ സ്വീകരണമാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയത്. അതേസമയം ആദായ നികുതി വകുപ്പിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വിജയ് വാര്‍ത്താസമ്മേളനം വിളിക്കുമെന്ന പ്രതീക്ഷയിലാണ് ഇളയദളപതി ആരാധകര്‍. അതേസമയം മാസ്റ്റര്‍ ഏപ്രിലിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വിജയ് രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തുമെന്നും ഇവര്‍ പ്രതീക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ചിത്രങ്ങളുടെ ഓഡിയോ ലോഞ്ചിലും വിജയ് രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അത് വലിയ വിവാദമാവുകയുംചെയ്തിരുന്നു.

Related News