Loading ...

Home USA

328 ദിവസം; ചരിത്രനേട്ടവുമായി നാസ ഗവേഷക ക്രിസ്റ്റീന കോക്ക്‌ ഭൂമിയില്‍ തിരിച്ചെത്തി

വാഷിങ്ടണ്‍: ചരിത്രനേട്ടവുമായി നാസയുടെ ബഹിരാകാശ ഗവേഷക ക്രിസ്റ്റീന കോക്ക്‌ ബഹിരാകാശ നിലയത്തില്‍നിന്നു ഭൂമിയില്‍ തിരിച്ചെത്തി. 328 ദിവസം നീണ്ട ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ക്രിസ്റ്റീന ഏറ്റവും അധികം നാള്‍ ബഹിരാകാശ നിലയത്തില്‍ താമസിച്ച ആദ്യ വനിതയാണ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മണിയോടെ കസാക്കിസ്ഥാനിലാണ് സോയൂസ് പേടകം വന്നിറങ്ങിയത്. ക്രിസ്റ്റീനയ്‌ക്കൊപ്പം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പ്രതിനിധിയായ ലുക പര്‍മിറ്റാനോ, റഷ്യന്‍ ഗവേഷകന്‍ അലക്‌സാണ്ടര്‍ കോട്‌സ്‌കോവ് എന്നിവരും ഭൂമിയില്‍ തിരികെയെത്തി. ഇത്രയും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന നാസയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരിയാണ് ക്രിസ്റ്റീന. നേരത്തെ നാസയുടെ സ്‌കോട്ട് കെല്ലി ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞത് 340 ദിവസമാണ്. ഭാവി ചൊവ്വാ, ചാന്ദ്ര ദൗത്യങ്ങള്‍ക്ക് ആവശ്യമായ വിവരശേഖരണത്തിനായി ഗവേഷകരെ സഹായിക്കുക എന്ന ചുമതലയാണ് ക്രിസ്റ്റീനയ്ക്കുണ്ടായിരുന്നത്. നാസയുടെ ആര്‍ത്തെമിസ് പദ്ധതിയാണ് ഇതില്‍ ഒന്ന്. ഭാരമില്ലായ്മ, ഒറ്റപ്പെടല്‍, റേഡിയേഷന്‍, ദൈര്‍ഘ്യമേറിയ ബഹിരാകാശ സഞ്ചാരം എന്നിവയെ മനുഷ്യ ശരീരം എങ്ങനെ നേരിടുന്നു തുടങ്ങിയ പഠനങ്ങളുടെയും ഭാഗമായിരുന്നു ക്രിസ്റ്റീന. നാസയുടെ പ്രതിനിധിയായി മൂന്ന് തവണ ക്രിസ്റ്റീന ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട്. ബഹിരാശ നിലയത്തില്‍ കഴിയവെ 5248 തവണ ഭൂമിയെ ചുറ്റുകയും 29.96 കോടി കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുകയും ചെയ്തു. ചന്ദ്രനിലേക്കും തിരിച്ചും 291 തവണ യാത്ര ചെയ്യുന്ന ദൂരമുണ്ട് ഇത്. അമേരിക്ക, ജപ്പാന്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നും സോയൂസ് വഴിയുള്ള ചരക്ക് നീക്കത്തിനും ക്രിസ്റ്റീന സഹായിയായിട്ടുണ്ട്. വനിതകള്‍ മാത്രം നടത്തിയ ആദ്യ ബഹിരാകാശ നടത്തത്തിന്റെ ഭാഗമായിരുന്നു ക്രിസ്റ്റീന. നാസ ഗവേഷക ജസീക മെയറിനൊപ്പമായിരുന്നു ക്രിസ്റ്റീന മണിക്കൂറുകള്‍ നീണ്ട ബഹിരാകാശ നടത്തത്തിന്റെ ഭാഗമായത്. വിവിധ ഉദ്യമങ്ങള്‍ക്കായി ക്രിസ്റ്റീന ആറ് തവണ ബഹിരാകാശ നടത്തം നടത്തിയിട്ടുണ്ട്.

Related News