Loading ...

Home Kerala

ജി.എസ്.ടി. നഷ്ടപരിഹാരം: കേന്ദ്രം കേരളത്തിനുനല്‍കേണ്ട കുടിശ്ശിക 3200 കോടിയായി

തിരുവനന്തപുരം: ജി.എസ്.ടി. നഷ്ടപരിഹാരമായി കേന്ദ്രം കേരളത്തിനുനല്‍കേണ്ട കുടിശ്ശിക 3200 കോടിയായി. രണ്ടുമാസത്തിലൊരിക്കല്‍ നല്‍കേണ്ട നഷ്ടപരിഹാരത്തിന്റെ രണ്ടുഗഡുവാണ് മുടങ്ങിയത്. മാര്‍ച്ചില്‍ കടുത്ത സാമ്ബത്തികപ്രതിസന്ധിയാണ് കേരളം നേരിടേണ്ടിവരിക. അടുത്ത സാമ്പത്തികവര്‍ഷത്തെ കുടിശ്ശിക രണ്ടുതവണയായി നല്‍കുമെന്ന് കേന്ദ്രബജറ്റില്‍ മന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ സാമ്ബത്തികവര്‍ഷത്തെ കുടിശ്ശിക എപ്പോള്‍ നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കാത്തത് സംസ്ഥാനത്തിന് ആശങ്കയുണ്ടാക്കുന്നു. ഒക്ടോബര്‍ മുതലുള്ള രണ്ടുഗഡുക്കളാണു കിട്ടേണ്ടത്. ഏകദേശം 1600 കോടി രൂപയാണ് രണ്ടുമാസത്തിലൊരിക്കല്‍ കിട്ടേണ്ടത്. മൂന്നാംഗഡു ഏപ്രിലില്‍ കിട്ടണം. ഈ സാമ്പത്തികവര്‍ഷത്തെ അവസാനത്തെ മൂന്നുമാസങ്ങളില്‍ കേന്ദ്രത്തില്‍നിന്നു കിട്ടേണ്ട നികുതിവിഹിതത്തിലും സഹായധനത്തിലും മുന്‍വര്‍ഷത്തെക്കാള്‍ 3000 കോടി കുറഞ്ഞതായും ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ഇത്തവണ പൊതുവിപണിയില്‍നിന്ന് 24,500 കോടി രൂപ കടമെടുക്കാന്‍ സംസ്ഥാനത്തിന് അര്‍ഹതയുണ്ടായിരുന്നെങ്കിലും 16,602 കോടി മാത്രമേ കേന്ദ്രം അനുവദിച്ചിരുന്നുള്ളൂ. 7898 കോടിയാണു കുറഞ്ഞത്. സാമ്പത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ചില്‍ പദ്ധതികളുടെ ബില്ലുകള്‍ കൊടുത്തുതീര്‍ക്കുന്നത് ഇത്തവണ ഉണ്ടാവില്ല. ഒട്ടേറെ ബില്ലുകള്‍ അടുത്തവര്‍ഷത്തേക്കു മാറ്റിവെയ്‌ക്കേണ്ടിവരും. അടുത്ത അഞ്ച് സാമ്പത്തികവര്‍ഷത്തേക്ക് കേരളത്തിന് റവന്യൂകമ്മി നികത്താന്‍ 15,323 കോടിരൂപ നല്‍കാന്‍ കേന്ദ്ര ധനകാര്യകമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇത് കേരളം ആവശ്യപ്പെട്ടതാണ്. ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും സംസ്ഥാനങ്ങള്‍ക്കാകെ ഈയിനത്തില്‍ ധനകാര്യകമ്മിഷന്‍ ശുപാര്‍ശചെയ്ത തുകയില്‍ കുറച്ചാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളതെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. കേന്ദ്ര ധനകാര്യകമ്മിഷന്‍ നികുതിവിഹിതത്തില്‍ കുറവുവരുത്തിയ ശേഷമാണ് റവന്യൂകമ്മി നികത്താന്‍ പണം അനുവദിച്ചത്. സംസ്ഥാനങ്ങള്‍ക്കിടയില്‍ വിഭജിക്കുന്നതിന്റെ 2.5 ശതമാനത്തില്‍നിന്ന് 1.93 ശതമാനം കുറവ് വിഹിതമാണ് കേരളത്തിനുള്ളത്. ഇതോടെ 2020-21ലെ കേന്ദ്ര നികുതിവിഹിതം 17,872 കോടിയില്‍നിന്ന് 15,236 കോടിയായി കുറയും. വിഹിതത്തിലെ കുറവുകാരണമുള്ള നഷ്ടം അഞ്ചുവര്‍ഷത്തേക്കു സഹിക്കണം. എങ്കിലും റവന്യൂകമ്മി നികത്താനുള്ള സഹായം കേരളത്തിന് ആശ്വാസമാകും.




Related News