Loading ...

Home National

പൗരത്വ ഭേദഗതി നിയമം: കേരളത്തിന്റെ ഹര്‍ജിയില്‍ കേന്ദ്രത്തിനു നോട്ടിസ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്തു കേരളം നല്‍കിയ ഹര്‍ജിയില്‍ നിലപാട് ആരാഞ്ഞ് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. ഇക്കാര്യത്തില്‍ ഒരു മാസത്തിനകം മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഹര്‍ജിയുടെ പകര്‍പ്പ് കൈപ്പറ്റി. മറുപടി തയാറാക്കാന്‍ ചര്‍ച്ച തുടങ്ങിയതായാണ് സൂചന. ഗവര്‍ണറുടെ ഓഫിസ് എജിയുടെ ഓഫിസുമായി ചര്‍ച്ച നടത്തി. ഗവര്‍ണര്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ റിപോര്‍ട്ട് അയക്കും. പ്രാഥമിക റിപോര്‍ട്ട് കിട്ടിയെന്നും ഉന്നതവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഗവര്‍ണറുടെ റിപോര്‍ട്ടിനായി കാത്തിരിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സ്യൂട്ട് ഹര്‍ജിയാണ് കേരളം ഫയല്‍ ചെയ്തത്. ഇതില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞാണ് സുപ്രിം കോടതി നോട്ടിസ് അയച്ചത്. ആറ് ആഴ്ചത്തെ സമയം കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നാല് ആഴ്ചക്കകം മറുപടി നല്‍കണമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കും മുമ്ബ് ഗവര്‍ണറുടെ അനുമതി വാങ്ങേണ്ട ആവശ്യം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ച്‌ മാത്രമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രിം കോടതിയെ സമീപിക്കുന്നതിന് മുമ്ബ് ഗവര്‍ണറെ മുന്‍കൂട്ടി അറിയിക്കേണ്ട കാര്യം ചട്ടപ്രകാരം ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വിശദീകരിച്ചു. സംസ്ഥാനത്തിന്റെ നടപടിയോടുള്ള എതിര്‍പ്പ് രേഖാമൂലം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചിട്ടില്ല. വാക്കാല്‍ എതിര്‍പ്പ് അറിയിക്കുക മാത്രമാണ് ചെയ്തത്. സര്‍ക്കാര്‍ പക്ഷെ രേഖാമൂലം ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസംസ്ഥാന ബന്ധത്തെ ബാധിക്കുന്ന വിഷയമല്ലെന്ന് ഗവര്‍ണറെ അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ ലംഘനമാണെന്നാണ് കേരളം പ്രധാനമായി ആരോപിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനവും കേരളമാണ്. പ്രമേയം പാസാക്കിയതിനു പിന്നാലെ കേരളം സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. പഞ്ചാബും സുപ്രിീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. അതേസമയം, ഇന്ത്യന്‍ പൗരന്മാരുടെ ദേശീയ റജിസ്റ്റര്‍ (എന്‍ആര്‍ഐസി) രാജ്യവ്യാപകമായി തയാറാക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയില്‍ എഴുതിനല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

Related News