Loading ...

Home Gulf

ഇസ്രയേല്‍-പലസ്തീന്‍ പ്രശ്നം; യുഎസിന്‍റെ സമാധാന പദ്ധതി തള്ളി ഒ.ഐ.സി

സൗദി: ഇസ്രയേല്‍-പലസ്തീന്‍ പ്രശ്നപരിഹാരത്തിനു യു.എസ് മുന്നോട്ടുവച്ച സമാധാന പദ്ധതി തള്ളി ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി. പലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കാത്തതാണ് പദ്ധതിയെന്നു ഒ.ഐ.സി വ്യക്തമാക്കി. പക്ഷാപാതപരമായ സമീപനം നിരാശജനകമാണെന്നും സൗദിയില്‍ ചേര്‍ന്ന ഒ.ഐ.സി യോഗം വിലയിരുത്തി. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച സമാധാന പദ്ധതിയെക്കുറിച്ചു വിലയിരുത്താന്‍ ജിദ്ദയില്‍ ചേര്‍ന്ന ഒ.ഐ.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്. ഇസ്രയേലിന്‍റെ വാദങ്ങളെ പൂര്‍ണമായും അംഗീകരിക്കുകയും പലസ്തീനില്‍ നടത്തുന്ന അധിനിവേശത്തെ അംഗീകരിക്കുകയും ചെയ്യുന്ന പദ്ധതി നിരാശജനകമാണെന്നു ഒഐസി പ്രസ്താവനയില്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടേയും രാജ്യാന്തര നിയമങ്ങളുടേയും ലംഘനമാണ് ഇസ്രയേല്‍ നടത്തുന്നത്. പലസ്തീന്‍ ജനതയുടെ ആവശ്യങ്ങളും നിയമാനുസൃതമായ അവകാശങ്ങളും പാലിക്കാത്തതിനാലും സമാധാന പ്രക്രിയയുടെ നിബന്ധനകള്‍ക്കു വിരുദ്ധവുമായതിനാല്‍ യുഎസ് പ്രഖ്യാപിച്ച പദ്ധതി നിരസിക്കുന്നതായി യോഗം പ്രഖ്യാപിച്ചു. ജറുസലേം അടക്കമുള്ള പ്രദേശങ്ങളില്‍ 1967 മുതല്‍ തുടരുന്ന ഇസ്രായേല്‍ അധിനിവേശം പൂര്‍ണമായും അവസാനിച്ചാല്‍ മാത്രമേ സമാധാനം കൈവരിക്കാനാകൂ. ഒഐസി അംഗങ്ങളായ രാജ്യങ്ങള്‍ യുഎസിന്‍റെ സമാധാനപദ്ധതിയോട് സഹകരിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. സൌദി, യുഎഇ, പാക്കിസ്ഥാന്‍ ഉള്‍പ്പെടെ 57 രാജ്യങ്ങള്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷനിലെ അംഗങ്ങളാണ്. നേരത്തേ, ഈജിപ്തിലെ കെയ്റോയില്‍ ചേര്‍ന്ന അറബ് ലീഗും യുഎസ് സമാധാന പദ്ധതി തള്ളിയിരുന്നു.

Related News