Loading ...

Home Kerala

ഉത്തരവായി; ആരാധനാലയങ്ങള്‍ക്ക് ഒരേക്കര്‍വരെ പതിച്ചുനല്‍കും

തിരുവനന്തപുരം: ആരാധനാലയങ്ങളും സാംസ്കാരികസ്ഥാപനങ്ങളും മറ്റും മതിയായ രേഖകളില്ലാതെ കൈവശം വെച്ചിരിക്കുന്ന ഭൂമി പതിച്ചുനല്‍കുന്നത് സംബന്ധിച്ച ഉത്തരവിറങ്ങി. നിബന്ധനകള്‍ക്ക് വിധേയമായാണ് പതിച്ചു നല്‍കുക. ആരാധനാലയങ്ങള്‍ക്കും ശ്മശാനങ്ങള്‍ക്കും പരമാവധി ഒരേക്കര്‍വരെ നല്‍കും. ജീവകാരുണ്യസ്ഥാപനങ്ങള്‍ക്ക് 50 സെന്റുവരെയും, ക്ലബ്ബുകള്‍ ഒഴികെയുള്ള കലാ, കായിക, സാംസ്കാരിക സംഘടനകള്‍ക്കും വായനശാലകള്‍ക്കും 10 സെന്റുവരെയും നല്‍കും. ഈ സ്ഥാപനങ്ങള്‍ ഭൂമി വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെങ്കില്‍ 15 സെന്റും 1500 ചതുരശ്രയടിവരെ തറ വിസ്‌തീര്‍ണമുള്ള കെട്ടിടവും ക്രമവത്കരിച്ചു നല്‍കും. ഇത്തരം സ്ഥാപനങ്ങളുടെ ഭൂമി ക്രമവത്കരിച്ചുനല്‍കാന്‍ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഉത്തരവ് ഇറങ്ങിയിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ട പ്രകാരമുള്ള വ്യക്തത വരുത്തിയാണ് പുതിയ ഉത്തരവ്. പതിച്ചുനല്‍കുന്ന ഭൂമിയുടെ പരമാവധി പരിധി പറഞ്ഞിട്ടുണ്ടെങ്കിലും സ്ഥാപനത്തിന്റെ നടത്തിപ്പിന് അത്യാവശ്യംവേണ്ട ഭൂമിയേ നല്‍കൂ. ഇപ്പോഴും പ്രവര്‍ത്തിക്കുന്നവയും വരവുചെലവ് കണക്കുകള്‍ കൃത്യമായി പാസാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കേ ഇളവിന് അര്‍ഹതയുള്ളൂ. ഈ സ്ഥാപനങ്ങള്‍ക്ക് കെട്ടിടം ഉള്‍പ്പെടെയുള്ള സൗകര്യമുണ്ടാകണം. നഗരപരിധിക്കുള്ളിലെ പ്രധാന സ്ഥലങ്ങള്‍ പതിച്ചുനല്‍കില്ല. പാട്ടവ്യവസ്ഥയില്‍ നല്‍കിയ ഭൂമിയും പതിച്ചുനല്‍കില്ല. അവയുടെ പാട്ടം പുതുക്കും. പതിച്ചുനല്‍കുന്ന ഭൂമി മറ്റാവശ്യങ്ങള്‍ക്ക് കൈമാറാന്‍ കഴിയില്ല. ഇവിടെ വാണിജ്യാവശ്യങ്ങള്‍ക്കുള്ള നിര്‍മിതിയും അനുവദിക്കില്ല.
47-ന് മുമ്പുള്ളതെങ്കില്‍ പത്തുശതമാനം; 2008 വരെയുള്ളതിന് കമ്പോള വില
* കൈവശമുള്ള ഭൂമി രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുള്ളതെങ്കില്‍ ന്യായവിലയുടെ 10 ശതമാനം നല്‍കണം. * സ്വാതന്ത്ര്യലബ്ധിക്കുശേഷവും കേരളപ്പിറവിക്ക് മുമ്പുള്ളതുമെങ്കില്‍ ന്യായവിലയുടെ 25 ശതമാനം നല്‍കണം. * കേരളപ്പിറവിക്കുശേഷവും 1990 ജനുവരി ഒന്നിന് മുമ്പുള്ളതുമെങ്കില്‍ ന്യായവില ഈടാക്കും. * 1990 മുതല്‍ 2008 ഓഗസ്റ്റ് 25 വരെയുള്ളതെങ്കില്‍ കമ്പോളവില ഈടാക്കും.






Related News