Loading ...

Home Kerala

ചെറുകിട സംരംഭകരുടെ ഉത്സവം "ഓളം ഫെസ്റ്റിവലിന്' നാളെ തുടക്കം

തിരുവനന്തപുരം : ദക്ഷിണേന്ത്യയിലെ ചെറുകിട സംരംഭകരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സാംസ്കാരിക സംഗമ മേളയായ മൂന്നാമത് 'ഓളം ഫെസ്റ്റിവല്‍' ശനിയാഴ്‌ച ആരംഭിക്കും. രണ്ട് ദിവസങ്ങളിലായി തിരുവനന്തപുരം ടാഗോര്‍ തീയേറ്റര്‍ അങ്കണത്തിലാണ് മേള. കേരളത്തില്‍നിന്നും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ചെറുകിട സംരംഭകരും കലാ സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. 100 സ്റ്റാളുകളിലായാണ് ചെറുകിട സംരഭകര്‍ അണിനിരക്കുക. സ്റ്റാളുകളുടെ രജിസ്ട്രേഷന്‍ രാവിലെ 9ന് ആരംഭിക്കും. 7 വേദികളിലായാണ് കലാ-സാംസ്കാരിക പരിപാടികള്‍ അരങ്ങേറുക.
            തിരുവനന്തപുരം ജില്ലയില്‍ വീടുകള്‍ കേന്ദ്രീകരിച്ച്‌ ചെറുകിട നിര്‍മ്മാണങ്ങള്‍ നടത്തുന്നവര്‍ക്കും മേളയുടെ ഭാഗമാകാം. ചെറുകിട കരകൗശല നിര്‍മ്മാണ രംഗത്ത് കഴിവ് തെളിയിച്ചെങ്കിലും ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ഇത്തരക്കാര്‍ക്ക് അവസരം ലഭിക്കാറില്ല. സോഷ്യല്‍ മീഡിയ മാത്രം കേന്ദ്രീകരിച്ചാണ് ഇവര്‍ വ്യാപാരം നടത്താറുള്ളത്. അത്തരക്കാര്‍ക്ക് തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള വേദികൂടിയാവും ഓളം.ചെറുകിട നിര്‍മാതാക്കള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കും. നിരവധി കലാ സാംസ്കാരിക പരിപാടികളും ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12ഓളം പ്രശസ്ത ബാന്‍ഡുകള്‍ സംഗീത പ്രകടനം കാഴ്ച വയ്ക്കും. വ്യത്യസ്ത മേഖലകള്‍ കേന്ദ്രീകരിച്ചുള്ള മൂന്നു വര്‍ക്ക്ഷോപ്പുകളും ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്കു പുറമേ ഓളം ടോക്ക് എന്ന പേരില്‍ സെമിനാറുകളും സംഘടിപ്പിക്കും. പുസ്തക ചര്‍ച്ചകള്‍, മാജിക് ഷോ, മെന്‍റ്റലിസം ഷോ, മറ്റു മത്സരങ്ങള്‍ ,എന്‍ജിനീയറിങ് ആക്ടിവിറ്റി, കലാസാംസ്കാരിക പ്രകടനങ്ങള്‍, ചര്‍ച്ചകള്‍, കരകൗശല നിര്‍മ്മാണ വര്‍ക്ക്ഷോപ്പുകള്‍, ചിത്രരചനാമത്സരം, ഭക്ഷണ സ്റ്റാളുകള്‍ തുടങ്ങി തിരുവനന്തപുരത്തുകാര്‍ക്ക് അറിവിന്റെയും ഉല്ലാസത്തിന്റെയും വ്യത്യസ്ത അനുഭവമാകും ഓളം ഫെസ്റ്റിവല്‍.രണ്ടു ദിവസം വിവിധ കലകളും സാംസ്കാരിക പ്രവര്‍ത്തനങ്ങളും ഒത്തുചേരുന്ന വര്‍ണ വൈവിധ്യത്തിന്റെ വേദിയാകും ടാഗോര്‍ തിയേറ്റര്‍.

Related News