Loading ...

Home celebrity

തിരുവരങ്ങത്തപ്പന്‍ by പ്രശാന്ത് നാരായണന്‍

സാറിനെന്നോട് വലിയ വാത്സല്യമായിരുന്നു. പ്രായവും അറിവും ആഴമേറും വേരഴകുംകൊണ്ട് കാവാലംസാറൊരു മഹാവൃക്ഷമായി അതിശയിപ്പിക്കുമ്പോള്‍ത്തന്നെയും താഴെ അങ്ങേത്തടത്തില്‍ നില്‍ക്കുന്ന തണലില്ലാച്ചെടിയോടൊരു നേര്‍ത്ത വാത്സല്യം. ആ വാത്സല്യത്തണലിലേക്ക് അദ്ദേഹമെന്നെ കൊരുത്തുനിര്‍ത്തി.

എനിക്ക് കാവാലം എന്ന പദം കലയുടെ കാവലാള്‍ എന്ന അര്‍ഥം ഊറിവരുന്ന ഒന്നായിരുന്നു. നിതാന്തജാഗ്രതയോടെ, അരുമച്ചെടിക്കുമേല്‍ കാഷ്ഠിക്കാന്‍ കാത്തിരിക്കുന്ന കറുത്ത പക്ഷികളെ കരുതിയിരിക്കാന്‍ എന്നെ ഓര്‍മപ്പെടുത്തിക്കൊണ്ടേയിരുന്നു. കടുത്ത വേനലില്‍പ്പോലും കാത്തുകൊണ്ട തണല്‍ക്കരുത്ത്. ഊര്‍ജമായിരുന്നു എനിക്ക് അദ്ദേഹം.മിക്ക പ്രഭാതങ്ങളിലും എന്നെ ഉണര്‍ത്തിയിരുന്നത് സാറിന്റെ ഫോണ്‍വിളികളാണ്. പുലര്‍ച്ചെ 4.30ന്. എന്തുള്ളൂ എന്ന ചോദ്യം–പിന്നെ കുശലങ്ങളാണ്.

അപ്പോഴെഴുതി ചൂടുമാറാത്ത നിരവധി ലേഖനങ്ങള്‍, കവിതകള്‍, കാഴ്ചപ്പാടുകള്‍, വിവരണങ്ങള്‍, ചില ചോദ്യങ്ങള്‍, വ്യക്തമായ മറുപടി ആ മനസ്സിന് അറിവുള്ളതെങ്കിലും അറിയാഭാവത്തിലുള്ള ചില സംശയങ്ങള്‍, കുസൃതികലര്‍ന്ന പരിഹാസകലവികള്‍, ശക്തമായ വിമര്‍ശങ്ങള്‍!– ഇനിയാ ശബ്ദം എന്റെ പ്രഭാതങ്ങളെ ഉജ്വലമാക്കില്ലെന്ന യാഥാര്‍ഥ്യം എന്നെ തളര്‍ത്തുന്നുണ്ട്. ഒഴിഞ്ഞ രംഗവേദിയില്‍ ഒരൊറ്റ സിംഹാസനം–ഇനിയിരിക്കാന്‍ ആര്‍ക്കും എളുപ്പമാകാത്ത ഉയരത്തിലുള്ള സിംഹാസനം– ഇന്ന് ശൂന്യമാണ്.

1988ല്‍ വെള്ളയമ്പലത്ത് പ്രവര്‍ത്തിച്ചിരുന്ന സോപാനത്തിന്റെ കളിത്തറയില്‍ അച്ഛന്റെ അനുവാദത്തോടുകൂടി പോയി ഞാന്‍ സാറിനെ കണ്ടിരുന്നു. വീട്ടില്‍നിന്ന് അങ്ങോട്ടു തിരിക്കുമ്പോള്‍ അച്ഛന്‍ എന്നോട് പറഞ്ഞതിങ്ങനെയാണ്. കഥകളിയുടെ, കൂടിയാട്ടത്തിന്റെ, തിറയുടെ എന്നുവേണ്ട കേരളത്തിന്റെ ശാസ്ത്രീയവും അല്ലാത്തതുമായ എല്ലാ രംഗകലകളുടെയും തുടര്‍ച്ചയും പുതിയ മുഖവുമാണ് കാവാലത്തിന്റെ കവിതക്കളിയിടം– കാനാകൃതി കനകൃതി കനകൃതി (കാവാലം നാരായണപ്പണിക്കരുടെ കൃതികള്‍ കനപ്പെട്ട കൃതികളാണ്) എന്ന അച്ഛന്റെ നര്‍മോക്തി ഓര്‍മയില്‍ വരുന്നു.

 "കണ്ടുപഠിക്കാന്‍ നോക്ക്, കൊണ്ടുപിടിച്ചാല്‍ ചിലപ്പോള്‍ തെണ്ടിപ്പോകാനും മതി.'' അന്നെനിക്കൊന്നും മനസ്സിലായില്ല.കാവാലത്തിന്റെ കളിത്തറയില്‍ ഏതോ സംസ്കൃതനാടകം പുരോഗമിക്കുന്നു. സാറിനെ കണ്ടു. കണ്ണിനു മുന്നിലെത്തിനില്‍ക്കുന്ന കൊച്ചുപയ്യനെ കുഞ്ഞിച്ചിരിയാല്‍ വരവേറ്റിട്ട് ആദ്യം പറഞ്ഞത് 'കണ്ടിരിക്കാ'നാണ്. കളരിയില്‍ സംഗീതംപെയ്യുന്നു. കളിയൊരുക്കം കണ്ടിരിക്കുമ്പോള്‍ എനിക്കൊരു കാര്യം മനസ്സില്‍ തോന്നി – വ്യത്യസ്തമാണീ നാടകരീതി – കാവാലത്തിന്റെമാത്രം ലോകം. സ്വന്തം കഴിവിലെനിക്കൊരു ചിന്താക്കുഴപ്പം. പിന്നീട് ഞാനൊരിടവേള à´† കളിയിടത്തിലേക്ക് പോയില്ല.

1995 ആഗസ്ത് 17നാണ് ഞാന്‍ എഴുതി സംവിധാനംചെയ്ത 'വജ്രമുഖന്‍' തിരുവനന്തപുരത്ത് അരങ്ങേറുന്നത്. ഉദ്ഘാടനം കാവാലം നാരായണപ്പണിക്കര്‍. അന്നാണ് ഞാന്‍ സാറിന്റെ പരിചയപരിധിയിലേക്ക് പ്രവേശിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് സാറെന്നെ അടുത്തുവിളിച്ച് പറഞ്ഞു: "അവതരണം കഴിയുന്നതുവരെ കാക്കില്ല, തുടങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞാല്‍ പോകും.'' അവതരണം കഴിഞ്ഞു. ഞാന്‍കൂടി അഭിനയിച്ചിരുന്ന നാടകം പര്യവസാനിക്കവേ അണിയറയില്‍ വേഷമഴിക്കുമ്പോള്‍ സാര്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു. അടുത്തുവന്ന് എന്നെ ആശ്ളേഷിച്ചു. അധികനേരം നാടകം കാണാന്‍ ഇരിക്കില്ല എന്നു പറഞ്ഞ അദ്ദേഹം വജ്രമുഖന്‍ മുഴുവനിരുന്നു കണ്ടു.

ആ മുഖത്ത് വാത്സല്യത്തിന്റെ തിളക്കം. ഒരു കവര്‍ എന്റെ പോക്കറ്റില്‍ തിരുകിയിട്ട് ഇതിരിക്കട്ടെ, അവതരണത്തിനൊക്കെ അധികം ചെലവു വന്നിട്ടുണ്ടാകുമല്ലോ എന്നും പറഞ്ഞു.അടുത്ത പ്രഭാതം– ആറു മണിയോടടുത്ത് ഫോണിന്റെ മറുതലയ്ക്കല്‍ കാവാലം സാറിന്റെ ശബ്ദം. "പ്രശാന്ത് സോപാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറുണ്ടോ? സമയമുണ്ടെങ്കില്‍ നേരില്‍ വരൂ.'' അതിനെത്തുടര്‍ന്ന് 1996ല്‍ ബംഗ്ളാദേശില്‍ നടന്ന ഇന്ത്യാ ഫെസ്റ്റിവലില്‍ എനിക്ക് സാറിനെ അനുഗമിക്കാന്‍ അവസരംകിട്ടി.

പിന്നീടിങ്ങോട്ട് ഈ ജൂണ്‍ 18 വരെ സാറെന്നെ നിരന്തരം വിളിച്ചിരുന്നു. ഞാനങ്ങോട്ടും. സര്‍ഗോന്മാദമന്ത്രണങ്ങളുടെ മധുരകാലം. എഴുതാന്‍ പ്രേരിപ്പിക്കുംവിധം നാടകകലയുടെ ഭരതസങ്കല്‍പ്പംമുതല്‍ ലോകനാടകവേദിയുടെ വികാസപരിണാമങ്ങള്‍വരെ. സാറിന്റെ പരന്ന അനുഭവക്കടലിലെ ചില തിരകള്‍ എന്റെ ഹൃദയത്തിലേക്കും തള്ളിച്ചുതന്നു അദ്ദേഹം.ഡല്‍ഹി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ റെപ്രട്ടറി കമ്പനിയില്‍ സാര്‍ ശാകുന്തളം സംവിധാനംചെയ്യുമ്പോള്‍ എന്നെയും കൂടെകൂട്ടി. 'ഛായാശാകുന്തളം' എന്ന് അദ്ദേഹം ആ ഹിന്ദീപരിഭാഷിത നാടകത്തിന് പേരിട്ടു. എന്റെ 'ഛായാമുഖി'യും സാറിന്റെ ഛായാശാകുന്തളവും തമ്മില്‍ എന്ത്? ഒരു ബന്ധവുമില്ല. പക്ഷേ, പേരിലൂടെ ഒരു ചേര്‍ത്തുപിടിക്കല്‍. ആ ഡല്‍ഹിക്കാല ജീവിതത്തിനിടയില്‍വച്ച് 'തിരുവരങ്ങ്' എന്ന മഹാപ്രസ്ഥാനത്തിന്റെ നാമം അദ്ദേഹമെന്നെ ഏല്‍പ്പിച്ചു.

സാറിന്റെ ഭാര്യയുടെ അഥവാ ഞങ്ങളുടെ അമ്മയുടെ സാന്നിധ്യത്തില്‍ത്തന്നെ ചില തീരുമാനങ്ങളെടുത്തു. സംസ്കൃതനാടകങ്ങളുടെയും സാറിന്റെതന്നെ പഴയ നാടകങ്ങളുടെയും പുനര്‍വ്യാഖ്യാനം സാധ്യമാകുന്ന തട്ടകമായിരിക്കണം പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പുതിയ തിരുവരങ്ങ്. എന്നില്‍ ഒരു തുടര്‍ച്ചയുടെ ഉത്തരവാദിത്തഭീതി. സാറിന്റെ സാന്നിധ്യത്തില്‍ നെടുമുടി വേണു പുതിയ തിരുവരങ്ങ്”ഉദ്ഘാടനംചെയ്ത് കേരളത്തിനു സമര്‍പ്പിച്ചു.പുതിയ തലമുറയെ അന്വേഷിക്കുന്ന മനസ്സുമായാണ് അദ്ദേഹം കഴിഞ്ഞ കുറച്ചുവര്‍ഷമായി ഇന്ത്യയിലുടനീളം യാത്രചെയ്തതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.


പേരു പറഞ്ഞ ശിഷ്യപ്രമുഖരില്‍ പലരുമിന്ന് ഇന്ത്യന്‍തിയറ്ററിന്റെ നെടുംതൂണുകള്‍. അതില്‍ രത്തന്‍ തിയ്യം എന്ന മണിപ്പുരി സംവിധായകനെ ഓര്‍ത്തും വാഴ്ത്തിയും സാര്‍ സ്വയം“അലങ്കരിക്കുന്നതായി”എനിക്ക് തോന്നിയിട്ടുണ്ട്. നരിപ്പറ്റ രാജുവും രമേഷ് വര്‍മയും സാറിന്റെ ചര്‍ച്ചകളില്‍ വന്ന അപൂര്‍വം ചില നാമനന്മകളാണ്. കേരളത്തിലെ നാടകക്കളത്തില്‍ കിളിര്‍ക്കാനാകാതെ പോയവരുടെ ഒരു പട്ടികപോലും സാറിന്റെ ശ്രദ്ധയില്‍ ഉണ്ടായിരുന്നു. മുതിര്‍ന്നവരുടെ നോട്ടപ്പിശകുകൊണ്ടോ മറ്റോ വഴിതെളിയാതെപോയ പലരും. ചിലരെയൊക്കെകുറിച്ച് വലിയ രോഷമായിരുന്നു. അന്ധാനുകര്‍ത്താക്കളും അനുകരണവ്യഗ്രരുമായ ചില നാടകയശഃപ്രാര്‍ഥികളെ അകറ്റിനിര്‍ത്തി വല്ലാതെ ആദരിച്ചുകളയുമദ്ദേഹം.

ഇനിയാരെന്ന ചോദ്യം പലപ്പോഴും സ്വയമായോ അല്ലാതെയോ അദ്ദേഹം ചോദിച്ചിരുന്നു.ഞങ്ങളുടെ അമ്മ, സാറിന്റെ ഭാര്യ, അത്ര നിശ്ശബ്ദമല്ലാതെതന്നെ സാറിന്റെ വളര്‍ച്ചയുടെ കാരണമായി നില്‍ക്കുന്നു എന്ന് ഞാന്‍ സാറിനോടുതന്നെ പറഞ്ഞിട്ടുണ്ട്. സാറന്ന് ചിരിച്ചതേയുള്ളൂ. അമ്മ ആനന്ദമറിയിച്ചു.ഒരുമിച്ച് യാത്രചെയ്യാന്‍ സാധിച്ചപ്പോഴെല്ലാം ധന്യമായ നിമിഷങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്. നാട്യശാസ്ത്രത്തിന്റെ കനത്തകാണ്ഡങ്ങളെ പിഴുതെടുത്തു കാണിച്ചും– ചിലപ്പോഴതിനെ തള്ളിപ്പറഞ്ഞും– നാടകമൂലമന്ത്രങ്ങളില്‍ ചിലത് രഹസ്യമായി പഠിപ്പിച്ചും നാട്ടറിവുമുറ്റിയ പാട്ടറിവുകള്‍ തന്നും താളംപിടിച്ചും അദ്ദേഹം നമ്മുടെ മനസ്സിനെ പൊലിപ്പിക്കും.

സാറിനുള്ള പ്രതിഭയുടെ ആയിരത്തിലൊന്നിനായി നമ്മളെ കൊതിപ്പിച്ചുകളയും.ഇക്കഴിഞ്ഞ ജൂണ്‍ 15ന് അദ്ദേഹത്തിന് വല്ലാത്ത സുഖക്കുറവ് തോന്നിയിരുന്നു. അന്നെന്നെ വിളിച്ചു. മുമ്പില്ലാത്ത ക്ഷീണം സ്വരത്തില്‍. "പ്രശാന്ത്, എനിക്ക് വല്ലാത്ത ലോണ്‍ലീനസ്സ്, ഒന്നു വരാമോ?'' ഞാനവിടെ ഓടിയെത്തി. സംസാരിക്കുന്ന ഏതോ ഒരു ഇടനിമിഷത്തില്‍, 'അത്തത്തിന് മോശമാണീ ജൂലൈവരെ' എന്ന് അമ്മ പറഞ്ഞു. സാര്‍ എന്നെ നിസ്സംഗനായി നോക്കി. സ്വച്ഛന്ദമൃത്യുമാര്‍ഗമെന്ന സൂചനയില്‍ ഒളിപ്പിച്ച മന്ദഹാസം. ഭാഗവതം പരിഭാഷപ്പെടുത്തിത്തീര്‍ന്നാല്‍ ഞാന്‍ പോകുമെന്ന് 2013ല്‍ സാറെന്നോട്  പറഞ്ഞിരുന്നു.

ആ ഡിസംബറില്‍ ഡല്‍ഹിയിലെ ആറുമാസംനീണ്ട എന്‍എസ്ഡി കാലത്തിനിടയിലും അദ്ദേഹം ഭാഗവതം മലയാളപ്പെടുത്തി. നീണ്ട വര്‍ഷങ്ങളെടുത്ത ആ സ്വപ്നകൃതിയും അടുത്തകാലത്ത് പ്രകാശനംചെയ്തിരുന്നു.ചില നേരങ്ങളില്‍ എന്റെ കുഞ്ഞുന്നാളിലെ ശീലങ്ങള്‍മുതല്‍ പലതും അദ്ദേഹം ആരാഞ്ഞു. കുടുംബപശ്ചാത്തലം, അച്ഛന്റെ കലാവിവരങ്ങള്‍ തുടങ്ങിയവയെല്ലാം.മരംകോച്ചുന്ന ഡല്‍ഹിയിലെ ഡിസംബര്‍, അദ്ദേഹം ഒരൊറ്റ മുണ്ടും ജുബ്ബയും ധരിച്ച് അതിരാവിലെ എന്നെക്കൂട്ടി നടക്കാനിറങ്ങും. അത്ഭുതപ്പെട്ടുപോയിട്ടുണ്ട്. കൂസലില്ലാത്ത നടത്തം. തണുത്ത വെള്ളത്തിലെ കുളി. രണ്ടിനും ഞരളത്തിന് കടപ്പാട് പറയും. രോഗാവസ്ഥയെ തൃണവല്‍ഗണിച്ച് തലയുയര്‍ത്തിപ്പിടിച്ചുള്ള ഒറ്റയാന്‍ നടത്തം. നടത്തയ്ക്കിടയില്‍ പറഞ്ഞുതീര്‍ക്കുന്ന നാടകകാര്യങ്ങള്‍.

വള്ളത്തോളിനെ അനുയാത്രചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞതുകൊണ്ട് ആര്‍ജിച്ച മികവുകളെപ്പറ്റി പറഞ്ഞു. ഇത്തരത്തില്‍ എത്രയെത്ര കാര്യങ്ങള്‍. പലതുകൊണ്ടും വിവശമായിരുന്ന à´šà´¿à´² നിമിഷങ്ങള്‍പോലും സമര്‍ഥമായി അദ്ദേഹം ചിരിച്ചുതള്ളി. കലമാത്രം കരളില്‍ കനപ്പിച്ചൊരാള്‍ കാവാലത്തുനിന്ന് പ്രശസ്തിയുടെ സോപാനമേറി കേരളത്തില്‍നിന്നു ഭാരതത്തിലേക്ക് ഉയര്‍ന്നുവന്നു. à´œàµ‚ണ്‍ 18. ഞാന്‍ സാറിനെ ഒടുവില്‍ കണ്ട ദിവസം. ഞാനും രമേഷ് വര്‍മയുംകൂടി ആശുപത്രിയിലെത്തി. കിടക്കുകയായിരുന്നു. എഴുന്നേല്‍പ്പിക്കാന്‍ ചെറുമകള്‍ കല്യാണിയോട് അദ്ദേഹം ആവശ്യപ്പെട്ടു, വാശി! ഞങ്ങളെ കണ്ട് എന്തിനെഴുന്നേല്‍ക്കണമെന്ന് എന്റെ ചുണ്ടുകള്‍ നിശ്ശബ്ദമായി മന്ത്രിച്ചു. സാറതു ശ്രദ്ധിച്ചു. കൂട്ടാക്കിയില്ല. എഴുന്നേറ്റിരുന്നു. രമേഷ് വര്‍മയോട് അലസത ഉപേക്ഷിക്കണമെന്നു പറഞ്ഞു.

"പ്രശാന്തിനെ കാണുന്നതും കേള്‍ക്കുന്നതും എനിക്ക് ഇഷ്ടമാണ്. പ്രശാന്ത് സംസാരിക്കൂ, എനിക്കിനി വയ്യ!''കലയുടെ കാവാലം ഇനിയില്ല എന്ന് ഓര്‍ക്കുമ്പോള്‍ പ്രകൃതിക്ക് അപൂര്‍വമായ അപൂര്‍ണത.  സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ദേശപ്പെരുമയുടെയും തച്ചനായിരുന്നു കാവാലം. ഞാനൊരു കമ്യൂണിസ്റ്റാണ് എന്ന കാര്യം സാറിന് നന്നായി അറിയാമായിരുന്നു.

അതൊന്നുംകൊണ്ടല്ലെങ്കിലും മറ്റു രാഷ്ട്രീയക്കാരെ വിമര്‍ശിക്കുന്നതുപോലെ കമ്യൂണിസ്റ്റ് നേതാക്കളെ അദ്ദേഹം കുറ്റംപറഞ്ഞിട്ടില്ല. അതിലെല്ലാമുപരി കലയുടെ ലോകംമാത്രമായിരുന്നു ഞങ്ങള്‍ക്കിടയില്‍. കേരളീയന്റെ ജീവിതത്തിലുണ്ടായിരുന്ന ഭാഷാലാവണ്യം, രംഗചൈതന്യം ഇവയെല്ലാം കാവാലത്തിന്റെ രംഗരചനകളിലൂടെ നമ്മളെ ഉന്നതശീര്‍ഷരാക്കും. ലോകകഥാനുഗാഥകള്‍ ഉള്‍ക്കൊള്ളുന്ന കാവാലകാലനാടകങ്ങള്‍ക്ക് രണ്ടാംകാലംവരും. വളരെ താമസിയാതെ.

Related News