Loading ...

Home International

പശ്ചിമേഷ്യയില്‍ ഇസ്ലാമിക്ക് സ്റ്റേറ്റ് വീണ്ടും പിടിമുറുക്കുന്നു - മുന്നറിയിപ്പുമായി യുഎന്‍

പശ്ചിമേഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടും പിടിമുറുക്കി തുടങ്ങിയെന്നും പാശ്ചാത്യ രാജ്യങ്ങള്‍ ആക്രമിക്കാന്‍ അവസരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണെന്നും ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. ഇറാഖിലും സിറിയയിലും സംഘം കൂടുതല്‍ ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതെങ്ങനെയെന്നും, തടങ്കല്‍ പാളയങ്ങള്‍ തകര്‍ത്ത് തങ്ങളുടെ പോരാളികളെ രക്ഷിക്കുന്നത് എങ്ങിനെയെന്നും, പ്രാദേശിക സുരക്ഷാസേനയുടെ ബലഹീനതകള്‍ ഉപയോഗപ്പെടുത്തുന്നതെങ്ങിനെയെന്നും അംഗരാജ്യങ്ങളില്‍ നിന്നുള്ള സമീപകാല രഹസ്യാന്വേഷണ വിവരങ്ങളെ അടിസ്ഥാനമാക്കി യുഎന്‍ സുരക്ഷാ സമിതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കാര്യമായ തിരിച്ചടികള്‍ നേരിട്ടിട്ടും ഇപ്പോഴും നല്ല തോതില്‍ ധനസഹായം ലഭിക്കുന്ന, പ്രാദേശികവും അന്തര്‍‌ദ്ദേശീയവുമായ ഭീഷണി ഉയര്‍ത്തുന്ന ഒരു സംഘടനയാണ് ഐഎസെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഎസ് നേതാവായിരുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വധിച്ച്‌ ഐഎസിനെ 'വലിയ തോതില്‍ പരാജയപ്പെടുത്തി' എന്ന് ഡോണള്‍ഡ് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും അനലിസ്റ്റുകളും സഖ്യകക്ഷികളും ചില മുതിര്‍ന്ന ഉദ്യോഗസ്ഥരും ആ വാദത്തെ ചോദ്യം ചെയ്തിട്ടുണ്ട്. ഐഎസിന്റെ പുതിയ നേതാവ് അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറൈഷി എന്നും അറിയപ്പെടുന്ന അമീര്‍ മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ അല്‍ മൌലി അല്‍ സല്‍ബിയാണ്. ഐഎസിന്‍റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ അദ്ദേഹം ഇറാഖിലെ യസീദി ന്യൂനപക്ഷത്തെ അടിമകളാക്കുകയും ലോകമെമ്ബാടുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്ത ആളാണ്‌. ഐഎസ് സ്വീകരിക്കുന്ന തന്ത്രങ്ങളിലൊന്നും മാറ്റം വരാന്‍ സാധ്യതയില്ലെന്ന് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ പുതിയ നേതാവ് തുര്‍ക്ക്മെന്‍ ആയതിനാല്‍, ഖുറൈശ് ഹാഷെമൈറ്റ് ഗോത്രത്തില്‍ നിന്നുള്ള പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ മാത്രമായിരിക്കും അയാള്‍ നേതാവാകുക. ഖുറൈശ്, ഹാഷെമൈറ്റ് ഗോത്രത്തില്‍ പെടുന്നവര്‍ക്ക് വിദൂര പ്രവിശ്യകളില്‍ പോലും സ്വാധീനം ചെലുത്താന്‍ കഴിയുമെന്നതാണ് പ്രത്യേകത. വിദേശ പോരാളികളുടെ പ്രശ്നം രൂക്ഷമായി തുടരുകയാണെന്നും യു.എന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വിദേശത്തു നിന്നും 'ഇസ്ലാമിക ലോകം' സ്വപ്നംകണ്ടെത്തിയ 40,000 ത്തിലധികം പേരില്‍ പകുതി പേരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. കൂടാതെ, സിറിയയിലെ തടങ്കല്‍ കേന്ദ്രങ്ങളെയും ക്യാമ്ബുകളെയും കുറിച്ച്‌ ഗുരുതരമായ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. സിറിയന്‍ കുര്‍ദിഷ് സേനയുടെ നിയന്ത്രണത്തിലുള്ള അല്‍-ഹോള്‍ ക്യാമ്ബിലുള്ള 70,000 ത്തിലധികം ആളുകള്‍ ഭയാനകമായ അവസ്ഥയിലാണ് കഴിയുന്നത്. 2017-മുതല്‍ നേരിട്ടുകൊണ്ടിരിക്കുന്ന തകര്‍ച്ചയില്‍ നിന്നും ശക്തമായ തിരിച്ചുവരവിനാണ് ഐസിസ് തയ്യാറെടുക്കുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Related News