Loading ...

Home International

കൊറോണ വൈറസ്; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ ലോകാരോഗ്യ സംഘടന, ചൈനയില്‍ മരിച്ചവരുടെ എണ്ണം 213 ആയി

ജനീവ: ചൈനയിലെ വുഹാനില്‍ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന(ഡബ്ല്യൂഎച്ച്‌ഒ) ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യാഴാഴ്ച മാത്രം ഒരു ഡസനിലധികം രാജ്യങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന നടപടി കൈക്കൊണ്ടത്. മറ്റ് രാജ്യങ്ങളെ കൂടി ബാധിക്കുന്ന അസാധാരണ സംഭവങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. നേരത്തേ എബോള വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തിലായിരുന്നു ഇത്. ചൈനയ്ക്കു പുറത്തേയ്ക്കും വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടഡ്രോസ് അദാനം ഗബ്രിയേസസ് ജനീവയില്‍ പറഞ്ഞു. ചൈനയില്‍ രോഗബാധമൂലം മരിച്ചവരുടെ എണ്ണം 213 ആയി. ഇതുവരെ ലോകത്താകമാനമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 9700 പേരില്‍ ബഹുഭൂരിപക്ഷവും ചൈനയിലാണ്.
             ചൈനയ്ക്ക് പുറത്ത് 20 രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ലോക ആരോഗ്യ സംഘടന രോഗം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി. കഴിഞ്ഞ ദിവസം ചൈനയിലെ വുഹാനില്‍ നിന്ന് മടങ്ങി എത്തിയ മലയാളി വിദ്യാര്‍ഥിനിക്ക് രോഗംബാധിച്ചതായി സ്ഥിരീകരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് വിദ്യാര്‍ത്ഥിനി. പെണ്‍കുട്ടിയുടെ നില ഗുരുതരമല്ല. കൊറോണ വൈസ് ബാധയെ തുടര്‍ന്ന് ലോകം അതീവ ജാഗ്രതയില്‍ തുടരുകയാണ്.

Related News