Loading ...

Home International

സുലൈമാനിയെ വധിച്ച സിഐഎ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടുവെന്ന് ഇറാന്‍; നിഷേധിച്ച്‌ യുഎസ്

കാബൂള്‍: ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിക്കാന്‍ നേതൃത്വം നല്‍കിയ സിഐഎ ഉദ്യോസ്ഥന്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍. മധ്യേഷ്യയിലെ സിഐഎ പ്രവര്‍ത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന മൈക്കല്‍ ഡിആന്‍ഡ്രിയാണ് മരിച്ചതെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഇറാന്റെ വാദം തെളിയിക്കുന്ന തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. സിഐഎ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത യുഎസ് നിഷേധിച്ചു. വിമാനത്തില്‍ സിഐഎയുടെ ഉദ്യോഗസ്ഥര്‍ ആരും ഉണ്ടായിരുന്നില്ലെന്ന് യുഎസ് അറിയിച്ചു. എന്നാല്‍ 2 പേരുടെ മൃതദേഹം കിട്ടിയതായും അപകടസ്ഥലത്തെത്തിയ അഫ്ഗാന്‍-യുഎസ് സൈനികര്‍ക്ക് താലിബാന്റെ ആക്രമണം നേരിടേണ്ടിവന്നില്ലെന്നും യുഎസ് വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ചയാണ് അഫ്ഗാനിലെ ഗസ്‌നി പ്രവിശ്യയില്‍ സിഐഎയ്ക്ക് വേണ്ടി നിരീക്ഷണം നടത്തിവന്ന യുഎസ് വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണത്. യന്ത്രത്തകരാര്‍ മൂലം വിമാനം അപകടത്തില്‍പ്പെട്ടതെന്നും 2 യുഎസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടെന്നും അമേരിക്ക സ്ഥിരീകരിക്കുകയും ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിമാനം വെടിവച്ചിട്ടത് തങ്ങളാണെന്ന അവകാശവാദവുമായി താലിബാന്‍ രംഗത്തെത്തിയത്. കൊടുംഭീകരന്‍ ഒസാമ ബിന്‍ ലാദനെ വധിക്കാനുള്ള ഓപ്പറേഷന് ഉള്‍പ്പെടെ നേതൃത്വം നല്‍കിയ സിഐഎ ഉദ്യോഗസ്ഥനാണ് മൈക്കള്‍ ഡി ആന്‍ഡ്രിയ. ഇന്റലിജന്‍സ് വൃത്തങ്ങളില്‍ ഡാര്‍ക്ക് പ്രിന്‍സ്, ആയത്തൊള്ള മൈക്ക് എന്നീ പേരുകളിലാണ് മൈക്കള്‍ ഡി ആന്‍ഡ്രിയ അറിയപ്പെടുന്നത്.

Related News