Loading ...

Home Kerala

നിരോധിച്ചിട്ടും ഫ്ളക്സുകള്‍ വ്യാപകം: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: നിരോധനത്തിന് ശേഷവും സംസ്ഥാനത്ത് വ്യാപകമായി ഫ്ളെക്സുകള്‍ സ്ഥാപിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള ഹൈക്കോടതി രംഗത്ത് . ഫ്ളക്സ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു . കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ലെങ്കില്‍ അതെല്ലാം പിന്‍വലിക്കാന്‍ തയ്യാറാണെന്നും കോടതി പരിഹസിച്ചു. ഫ്ളക്സുകള്‍ വ്യാപകമായിട്ടുണ്ടെന്ന് ഹൈക്കോടതി പരാതിപ്പെട്ടപ്പോള്‍ അധികാരം ഇല്ലാതെ എങ്ങനെ നിയമം നടപ്പാക്കാന്‍ സാധിക്കുമെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ ചോദ്യം . റോഡ് സേഫ്റ്റി അതോറിറ്റിക്കാണ് നിയമം നടപ്പിലാക്കാന്‍ കൃത്യമായ അധികാരമുള്ളതെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി . എന്നാല്‍ ഇക്കാര്യത്തില്‍ കേസെടുക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമം ലംഘിക്കുന്നവരെ പിടിക്കാന്‍ വകുപ്പില്ലെന്നാണോ പറയുന്നത്? ഫ്ളക്സ് നിരോധനവുമായി ബന്ധപ്പെട്ട് ഒന്നൊര കൊല്ലത്തിനുള്ളില്‍ എത്ര ഉത്തരവുകള്‍ ആണ് ഇറക്കിയത്. ഫ്ലെക്സ് ബോര്‍ഡുകള്‍ക്ക് എതിരെ നടപടി എടുക്കാന്‍ ശ്രമിക്കുന്ന കോടതിയെ കുറ്റക്കാരായി കാണുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ അധികാരം ഇല്ലാതെ ഇറക്കിയതാണോ? സര്‍ക്കാരിന് നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍ ഉത്തരവുകള്‍ പിന്‍വലിക്കാന്‍ തയാറാണെന്നും കോടതി പറഞ്ഞു. ഫ്ളക്സുകള്‍ സ്ഥാപിക്കുന്നതിനെതിരെ റോഡ് സേഫ്റ്റി അതോറിറ്റി എന്തുകൊണ്ട് കര്‍ശനമായ നടപടി സ്വീകരിച്ചില്ലെന്നും ഡിജിപിയോട് സര്‍ക്കുലര്‍ ഇറക്കാന്‍ ആവശ്യപ്പെട്ടിട്ട് ഇതുവരെ അതുണ്ടായില്ലെന്നും കോടതി വിമര്‍ശിച്ചു. ഒരു സര്‍ക്കുലര്‍ പുറപ്പെടുവിക്കാനുള്ള അധികാരം പോലുമില്ലെങ്കില്‍ പിന്നെന്തിനാണ് ഇവിടെയൊരു ഡിജിപിയെന്നും കോടതി ആരാഞ്ഞു .

Related News