Loading ...

Home Kerala

കേരളത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു; വൈറസ് ബാധ സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനില്‍നിന്നെത്തിയ വിദ്യാര്‍ഥിക്ക്

കേരളത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍നിന്നെത്തിയ വിദ്യാര്‍ഥിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദ്യാര്‍ഥിയുടെ നിലഗുരുതരമല്ലെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് കൊറോണവൈറസ് സ്ഥിരീകരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച്‌ രോഗ ബാധിതന്റെ പോരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഇതുസംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
                                    നോവല്‍ കൊറോണ വൈറസ് ബാധിച്ച്‌ ചൈനയില്‍ മരിച്ചവരുടെ എണ്ണം 170 ആയി ഉയര്‍ന്നു. വിവിധ രാജ്യങ്ങളിലായി 7711 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എന്നാല്‍, മരണസംഖ്യയും രോഗം ബാധിച്ചവരുടെ എണ്ണവും ഔദ്യോഗിക കണക്കുകളെക്കാള്‍ ഏറെയാണെന്ന് ആശങ്കകളുണ്ട്. 124 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും ചൈനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. 17 രാജ്യങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. വുഹാനിലുള്ള നാല് പാകിസ്താനി വിദ്യാര്‍ഥികള്‍ക്കും ബുധനാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചു. പത്തുദിവസത്തിനുള്ളില്‍ വൈറസ് ബാധ ഏറ്റവുംരൂക്ഷമായ തലത്തിലെത്തുമെന്നും അതിനുശേഷം സ്ഥിതി നിയന്ത്രണവിധേയമാകുമെന്നും ചൈനയിലെ ഉന്നത ആരോഗ്യവിദഗ്ധന്‍ ജോങ് നാന്‍ഷാന്‍ പറഞ്ഞു. ബ്രിട്ടീഷ് എയര്‍വേസ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, കാത്തേ പസഫിക്, ലയണ്‍ എയര്‍ എന്നീ അന്താരാഷ്ട്ര വിമാനസര്‍വീസ് കമ്പനികള്‍ ചൈനയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി. യു.എസ്., ജപ്പാന്‍, ഫ്രാന്‍സ്, ദക്ഷിണകൊറിയ, മൊറോക്കോ, ജര്‍മനി, കസാഖ്‌സ്താന്‍, ബ്രിട്ടന്‍, കാനഡ, റഷ്യ, നെതര്‍ലന്‍ഡ്‌സ്, മ്യാന്‍മാര്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ വുഹാനില്‍ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ വിമാനത്തില്‍ തിരിച്ച്‌ നാട്ടിലെത്തിച്ചു. ഇവരെ നിരീക്ഷണത്തിനായി താത്കാലിക കേന്ദ്രങ്ങളിലേക്കാണയച്ചത്. വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ ചൈന റഷ്യയുടെ സഹായം തേടിയിട്ടുണ്ട്. വൈറസിന്റെ ജനിതകഘടന ചൈന റഷ്യയ്ക്ക് കൈമാറിയതായി റഷ്യന്‍ ഔദ്യോഗികമാധ്യമം ബുധനാഴ്ച റിപ്പോര്‍ട്ടുചെയ്തു. വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമം തങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും എന്നാല്‍, അതിന് മൂന്നുമാസത്തോളം വേണ്ടിവരുമെന്നും യു.എസ്. വ്യക്തമാക്കി.

Related News