Loading ...

Home Gulf

വരുന്നു 18 പാര്‍ക്കുകള്‍ കൂടി

ഷാര്‍ജ: ഈ വര്‍ഷം ഷാര്‍ജയില്‍ 18 പൊതുപാര്‍ക്കുകള്‍കൂടി തുറക്കും. മൂന്ന് ഗ്രീന്‍ സ്ക്വയറുകള്‍, അഞ്ച് കിലോമീറ്റര്‍ റബ്ബര്‍ നടപ്പാതകള്‍ ഉള്‍പ്പെടെ 20-ലേറെ വിനോദപരിപാടികള്‍ക്കുള്ള സംവിധാനം പൂര്‍ത്തിയാക്കിയതായി പൊരുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. വികസനത്തിന്റെ ആകെ വിസ്തീര്‍ണം ഏകദേശം 4,00,000 ചതുരശ്രമീറ്ററാണ്. 160 ദശലക്ഷം ദിര്‍ഹം ചെലവില്‍ പൂര്‍ത്തീകരിച്ച പദ്ധതികള്‍ ഈ വര്‍ഷം ആദ്യപാദത്തില്‍ തന്നെ പൊതുജനങ്ങള്‍ക്കായി തുറക്കുമെന്ന് വകുപ്പ് ചെയര്‍മാന്‍ അലി ബിന്‍ ഷഹീന്‍ അല്‍ സുവൈദി പറഞ്ഞു. എല്ലാ ഷാര്‍ജ നിവാസികളുടെയും ജീവിതനിലവാരം ഉയര്‍ത്തുകയെന്നതാണ് പദ്ധതികളുടെ ലക്ഷ്യം. എമിറേറ്റിന്റെ വികസനപദ്ധതിയുടെ ഭാഗമായി സമൂഹത്തിന് ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനാണ് പദ്ധതികള്‍ നടപ്പാക്കിയത്. 77,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള അല്‍ നൗഫ് പാര്‍ക്ക് രണ്ട് വികസന പദ്ധതികളിലുണ്ട്. അതില്‍ അലങ്കാര വേലികള്‍, ഇടനാഴികള്‍, ശൗചാലയങ്ങള്‍, ഒരു ഫുട്‌ബോള്‍ മൈതാനം, ഗാര്‍ഡ് ഓഫീസ്, സ്റ്റോര്‍, കുട്ടികളുടെ കളിസ്ഥലം എന്നിവ ഉള്‍പ്പെടുന്നതായി ഡയറക്ടര്‍ ആലിയ അല്‍ റാന്‍ഡ് പറഞ്ഞു. 42 ലക്ഷം ദിര്‍ഹം ചെലവില്‍ 42,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ അല്‍ നൗഫ് മൂന്ന് പാര്‍ക്ക് പൂര്‍ത്തിയാക്കി. 48,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് അല്‍ നൗഫ് പാര്‍ക്ക് നാല് 40 ലക്ഷം ദിര്‍ഹത്തിന് പൂര്‍ത്തിയാക്കിയത്. മധ്യമേഖലയിലായി നിരവധി ചെറിയപാര്‍ക്കുകളും പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്. 3500 മീറ്ററോളം റബ്ബര്‍ നടപ്പാതകളുള്ള നാല് പാര്‍ക്കുകളാണ് വെവ്വേറെ പൂര്‍ത്തിയാക്കിയിട്ടുള്ളത്. 1,20,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് കെട്ടിടങ്ങള്‍, പാതകള്‍, ഇടനാഴികള്‍, ഹരിത ഇടങ്ങള്‍ എന്നിവയും സാംസ്കാരിക, കായിക, സാമൂഹിക ക്ലബ്ബുകള്‍ പോലുള്ള പൊതുസൗകര്യങ്ങളുമുള്ള അല്‍ റഹ്മാനിയ പ്രദേശത്തെ ഷാഗ്രഫിയ പാര്‍ക്ക്, 1,48,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള കേഷീശ പബ്ലിക് പാര്‍ക്കിന്റെ രണ്ടാം ഘട്ടം, ബാസ്കറ്റ് ബോള്‍, വോളിബോള്‍ കോര്‍ട്ടുകള്‍, സര്‍വീസ് കെട്ടിടങ്ങള്‍, അലങ്കാരമതിലുകള്‍ എന്നിവയുള്‍പ്പെടെ 35 ലക്ഷം ദിര്‍ഹം ചെലവില്‍ അല്‍ ഖരൈന്‍ പാര്‍ക്ക് മൂന്നിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും വകുപ്പ് പൂര്‍ത്തിയാക്കിയതായി ആലിയ അല്‍ റാന്‍ഡ് വിശദീകരിച്ചു.

Related News