Loading ...

Home Gulf

നയത്തില്‍ മാറ്റമുണ്ടായിട്ടില്ല; ഇസ്രായേല്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് പ്രവേശന വിലക്ക് നിലനില്‍ക്കുന്നെന്ന് വ്യക്തമാക്കി സൗദി

റിയാദ്: സൗദി അറേബ്യയുടെ ഇസ്രായേല്‍ നയത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. ഇസ്രായേല്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശന വിലക്ക് നിലനില്‍ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. പലസ്തീനികളുമായി സമാധാന കരാര്‍ ഒപ്പുവെക്കുന്നതിനെ ആശ്രയിച്ചാകും ഇസ്രായേലുമായുള്ള സൗദിയുടെ ബന്ധം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിനെ സൗദി പ്രോത്സാഹിപ്പിക്കുന്നു. ഇസ്രായിലികളും ഫലസ്തീനികളും സമാധാന കരാര്‍ ഒപ്പുവെക്കുന്ന പക്ഷം മേഖലാ രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന കാര്യം ചര്‍ച്ച ചെയ്യും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് നീതിപൂര്‍വകമായ പരിഹാരം കാണുന്നതിന് നടത്തുന്ന എല്ലാ ശ്രമങ്ങളെയും സൗദി ഇനിയും പിന്തുണക്കും. പലസ്തീനികള്‍ക്ക് നിയമാനുസൃതമായ എല്ലാ അവകാശങ്ങളും ലഭ്യമാക്കി പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പരിഹാരമുണ്ടാവുക എന്നതാണ് സൗദിയെ സംബന്ധിച്ചിടത്തോളം പ്രധാനം. ഈ ലക്ഷ്യത്തോടെ നടത്തുന്ന എല്ലാ ശ്രമങ്ങളെയും സൗദി പിന്തുണക്കുമെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. വ്യവസായികളുമായി കൂടിക്കാഴ്ചകള്‍ നടത്തുന്നതിനും ഹജും ഉംറയും നിര്‍വഹിക്കുന്നതിനും സൗദിയിലേക്ക് പോകാന്‍ പൗരന്മാരെ അനുവദിക്കുന്ന തീരുമാനം ഇസ്രായേല്‍ ആഭ്യന്തര മന്ത്രാലയം രണ്ട് ദിവസം മുമ്പണ് പ്രഖ്യാപിച്ചത്. ഈ പശ്ചാത്തലത്തിലാണ് സൗദി നിലപാട് അറിയിച്ചത്.

Related News