Loading ...

Home sports

അണ്ടര്‍ 19 ലോകകപ്പ്‌ : ഓസീസിനെ തകര്‍ത്ത്‌ ഇന്ത്യ സെമിയില്‍

പോചസ്‌ട്രൂം: ഓസ്‌ട്രേലിയയെ 74 റണ്ണിനു തോല്‍പ്പിച്ച്‌ ഇന്ത്യ അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിന്റെ സെമിയില്‍ കടന്നു. ആദ്യം ബാറ്റ്‌ ചെയ്‌ത നിലവിലെ ചാമ്ബ്യനായ ഇന്ത്യ ഒന്‍പത്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 233 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയ 43.3 ഓവറില്‍ 159 റണ്ണിന്‌ ഓള്‍ഔട്ടായി. 24 റണ്‍ വഴങ്ങി നാല്‌ വിക്കറ്റെടുത്ത കാര്‍ത്തിക്‌ ത്യാഗിയും 30 റണ്ണിന്‌ മൂന്ന്‌ വിക്കറ്റെടുത്ത ആകാശ്‌ സിങ്ങുമാണു കൈവിട്ട മത്സരത്തില്‍ ഇന്ത്യയെ ജയിപ്പിച്ചത്‌. കാര്‍ത്തിക്‌ എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ ജെയ്‌ക്ക് ഫ്രേസര്‍ മക്‌ഗുര്‍ക്‌ റണ്ണൗട്ടായി. നായകന്‍ മകന്‍സി ഹാര്‍വിയും (നാല്‌) ലാച്‌ലാന്‍ ഹീര്‍നിയും (0) അതേ ഓവറില്‍ പുറത്തായി. ഓപ്പണര്‍ സാം ഫാന്നിങ്ങിന്റെ പോരാട്ടം (127 പന്തില്‍ മൂന്ന്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 75) ഇന്ത്യന്‍ നിരയില്‍ ആശങ്കയുണ്ടാക്കി. പാട്രിക്‌ റോവ്‌ (21), ലിയാം സ്‌കോട്ട്‌ (35) എന്നിവരുടെ സഹായത്തോടെ സാം ഫാന്നിങ്‌ ഓസീസിനെ ജയത്തിന്‌ അടുത്തെത്തിച്ചു. ആകാശ്‌ സിങ്‌ എറിഞ്ഞ 42-ാം ഓവറില്‍ കളി വീണ്ടും മാറി. ഫാന്നിങ്ങിനെ വിക്കറ്റ്‌ കീപ്പര്‍ ജൂറലിന്റെ കൈയിലെത്തിച്ച ആകാശ്‌ അടുത്ത പന്തില്‍ സാംഗയെ റണ്ണൗട്ടാക്കി. അടുത്ത പന്തില്‍ ടോഡ്‌ മര്‍ഫിയുടെ വിക്കറ്റെടുക്കുകയും ചെയ്‌തു. മുറെ വില്യംസിനെ (രണ്ട്‌) ബൗള്‍ഡാക്കി ഇന്ത്യക്കു ജയം സമ്മാനിച്ചതും ആകാശാണ്‌്. മികച്ച തുടക്കം ലഭിച്ചിട്ടും കളിയില്‍ പിടിമുറുക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയാതെ പോയി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ്‌ (82 പന്തില്‍ 62) ടോപ്‌ സ്‌കോറര്‍.
സഹ ഓപ്പണര്‍ ദിവ്യാംശ്‌ സക്‌സേന (14) നിരാശപ്പെടുത്തി. ഓപ്പണിങ്‌ കൂട്ടുകെട്ട്‌ തകര്‍ന്നതിനു പിന്നാലെ മധ്യനിരയും പെട്ടെന്ന്‌ കൂടാരം കയറി. തിലക്‌ വര്‍മയെയും (രണ്ട്‌) പ്രിയം ഗാര്‍ഗിനെയും (അഞ്ച്‌) ഓസീസ്‌ തിരിച്ചയച്ചതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. ദ്രുവ്‌ ജുറലിനോ (15) സിദ്ദേഷ്‌ വീറിനോ (25) കാര്യമായ സംഭാവന ചെയ്യാനായില്ല. സ്‌കോര്‍ 100 കടന്നതിനു പിന്നാലെ ജയ്‌സ്വാള്‍ പുറത്തായത്‌ ഇന്ത്യക്കു തിരിച്ചടിയായി. ഏഴാം വിക്കറ്റില്‍ അതര്‍വ അന്‍കൊലേക്കറും (54 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം പുറത്താകാതെ 55) രവി ബിഷ്‌ണോയിയും (31 പന്തില്‍ 30) കൂടിയാണ്‌ ടീമിനെ പൊരുതാവുന്ന നിലയിലെത്തിച്ചത്‌. ഇരുവരും ചേര്‍ന്നു നേടിയ 50 റണ്‍ ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി.
               ഗ്രൂപ്പ്‌ ചാമ്ബ്യനായാണ്‌ ഇന്ത്യ ക്വാര്‍ട്ടറിലേക്കു കുതിച്ചത്‌. കളിച്ച മൂന്നു മത്സരങ്ങളിലും വന്‍ മാര്‍ജിനിലാണ്‌ ഇന്ത്യ ജയിച്ചത്‌. ശ്രീലങ്കയെ 90 റണ്ണിനു തകര്‍ത്ത്‌ കുതിപ്പ്‌ തുടങ്ങിയ ഇന്ത്യ ജപ്പാനെ പത്ത്‌ വിക്കറ്റിനും ന്യൂസിലന്‍ഡിനെ മഴ നിയമപ്രകാരം 44 റണ്ണിനും തുരത്തി. മറുഭാഗത്ത്‌ ഗ്രൂപ്പിലെ ആദ്യ കളിയില്‍ തോറ്റ ശേഷമാണ്‌ തുടര്‍ന്നുള്ള രണ്ടു മല്‍സരങ്ങളും ജയിച്ച്‌ ഓസീസ്‌ ക്വാര്‍ട്ടറിലെത്തിയത്‌. ഓസീസ്‌ നിരയില്‍ ഒലിവര്‍ ഡേവിസൊഴികെ പന്തെടുത്ത എല്ലാവരും വിക്കറ്റെടുത്തു.
                         കോറി കെല്ലിയും ടോഡ്‌ മര്‍ഫിയും രണ്ടു വിക്കറ്റു വീതമെടുത്തപ്പോള്‍ മാത്യു വില്യംസ്‌, കോണര്‍ സള്ളി, തന്‍വീര്‍ സങ്ക എന്നിവര്‍ ഓരോ വിക്കറ്റ്‌ വീതമെടുത്തു. കഴിഞ്ഞ ലോകകപ്പില്‍ ഓസീസിനെ തോല്‍പ്പിച്ചാണ്‌ ഇന്ത്യ ജേതാക്കളായത്‌.

Related News