Loading ...

Home Education

ഹൃദയാഘാത മരണനിരക്ക് കുറയ്ക്കാന്‍ സ്‌കൂളുകളില്‍ ബേസിക് ലൈഫ് സപോര്‍ട്ട് ക്ലബ്ബുകളുമായി ഐ എം എ

കൊച്ചി : സംസ്ഥാനത്തെ സ്‌കൂളുകളില്‍ ബേസിക് ലൈഫ് സപോര്‍ട്ട് ക്ലബ്ബുകള്‍ ആരംഭിക്കുന്ന പദ്ധതിക്ക് തുടക്കമായി. പ്രഥമ ശുശ്രൂഷയിലൂടെ പൊടുന്നനേയുള്ള ഹൃദയാഘാത മരണനിരക്ക് ഗണ്യമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ഘടകം, ബിപിസിഎല്‍, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംസ്ഥാന ഘടകം, കൊച്ചി കപ്പല്‍ശാല എന്നിവരുടെ സഹകരണത്തോടെയാണ് സ്‌കൂളുകളില്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് ക്ലബ്ബുകള്‍ ആരംഭിക്കുന്നത്.ആരോഗ്യ പരിപാലന മേഖലയില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പം സ്ഥാനമുള്ള കേരളത്തില്‍ ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണനിരക്ക് പ്രഥമ ശുശ്രൂഷയുടെ അഭാവത്താല്‍ വളരെ കൂടുതലാണെന്നാണ് വിലയിരുത്തല്‍.അടിയന്തരഘട്ടങ്ങളില്‍ തലച്ചോറിലേയ്ക്കും ഹൃദയത്തിലേയ്ക്കുമുള്ള രക്തപ്രവാഹത്തെ നിലനിര്‍ത്തുന്നതിനു സഹായിക്കുന്ന ബേസിക് ലൈഫ് സപോര്‍ട്ടായ സിപിആര്‍ അഥവാ നെഞ്ചില്‍ തുടര്‍ച്ചയായി ശക്തിയായി കൈ കൊണ്ട് അമര്‍ത്തിയുള്ള പ്രഥമ ശുശ്രൂഷയിലൂടെ പൊടുന്നനേയുള്ള ഹൃദയാഘാത മരണനിരക്ക് ഗണ്യമായി കുറയ്ക്കാനാകും. ഇതിനായി വളര്‍ന്നുവരുന്ന തലമുറയ്ക്ക് തുടര്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ബേസിക് ലൈഫ് സപ്പോര്‍ട്ട് ക്ലബ്ബുകള്‍ സ്‌കൂളുകളില്‍ ആരംഭിക്കുന്നത്. ക്ലബ്ബിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംസ്ഥാന പ്രസിഡന്റ് ഡോ.എം നാരായണന്‍ ഇടപ്പള്ളി അല്‍ -അമീന്‍ പബ്ലിക് സ്‌കൂളില്‍ നിര്‍വ്വഹിച്ചു.അല്‍-അമീന്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റ് സെക്രട്ടറി ഡോ. എം ഐ ജുനൈദ് റഹ്മാന്‍, ചെയര്‍മാനും ഇടപ്പള്ളി അല്‍-അമീന്‍ പബ്ലിക് സ്‌കൂള്‍ മാനേജരുമായ എ എ സിയാദ് കോക്കര്‍, ആര്‍ ടി ഒ (എന്‍ഫോഴ്സ്മെന്റ്) ജി അനന്തകൃഷ്ണന്‍, അല്‍-അമീന്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി എ കെ മുഹമ്മദ് താഹര്‍, ഡോ.ഹനീഷ് മീരാസ, ഡോ.അഖില്‍ മാനുവല്‍, അല്‍-അമീന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. എല്‍ ലക്ഷ്മി ഹരിദാസ്, വൈസ് പ്രിന്‍സിപ്പാള്‍ ഷഫീന നിസാം സംസാരിച്ചു.ആദ്യ ഘട്ടത്തില്‍ ജില്ലയിലെ നൂറ് സ്‌കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ആയിരം സ്‌കൂളുകളിലാണ് ക്ലബ്ബുകള്‍ തുടങ്ങുന്നതെന്ന് ഡോ.എം നാരായണന്‍ പറഞ്ഞു. ഹാര്‍ട്ട് ബീറ്റ്സ് 2019 എന്ന പേരില്‍ കഴിഞ്ഞ നവംബര്‍ 16ന് നെടുമ്ബാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍് 35,000 സ്‌കൂള്‍ കുട്ടികള്‍ക്ക് സിപിആര്‍ പരിശീലനം നല്‍കി ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിലും, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്സിലും ഇടം പിടിച്ച പരിശീലന പരിപാടിയുടെ തുടര്‍പദ്ധതിയാണിത്.

Related News