Loading ...

Home USA

പലസ്തീന്‍ ഇസ്രായേല്‍ സമാധാന പദ്ധതി പ്രഖ്യാപിച്ച്‌ ട്രംപ്; പദ്ധതി തള്ളി പലസ്തീന്‍

പശ്ചിമേഷ്യന്‍ സമാധാന പദ്ധതി പ്രഖ്യാപിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യു.എസ് സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം ചൊവ്വാഴ്ചയാണ് ട്രംപ് സമാധാന പദ്ധതി പ്രഖ്യാപിച്ചത്. പലസ്തീന്‍ രാഷ്ട്രനിര്‍മ്മാണമാണ് ട്രംപ് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളിലൊന്ന്. കിഴക്കന്‍ ജറുസലേമില്‍ പലസ്തീന് ഒരു തലസ്ഥാനം രൂപീകരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.അതേസമയം ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേം തുടരുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. പലസ്തീന് തലസ്ഥാനം ഒരുക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ് അതെങ്ങനെയെന്ന് വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല പലസ്തീന്റെ തലസ്ഥാനത്ത് അമേരിക്ക എംബസി തുറക്കുമെന്നും പ്രഖ്യാപനമുണ്ട്. മാത്രമല്ല ഇത് പലസ്തീനുള്ള അവസാന അവസരമാണെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം വെസ്റ്റ്ബാങ്കിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നാലുവര്‍ഷത്തേക്ക് നിര്‍ത്തിവെയ്ക്കണമെന്ന് ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിടുണ്ട്. എന്നാല്‍ വെസ്റ്റ് ബാങ്ക് കൈയേറ്റങ്ങള്‍ അമേരിക്ക അംഗീകരിച്ചെന്നാണ് നെതന്യാഹു പിന്നീട് വിശദീകരിച്ചത്. പലസ്തീനില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കണമെന്നതും സമാധാന നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. അതേസമയം ഈ നിര്‍ദ്ദേശങ്ങളെ പൂര്‍ണമായും തള്ളുകയാണ് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഈ നീക്കങ്ങള്‍ ഗൂഢാലോചനയാണെന്നും പലസ്തീന്റെ അവകാശങ്ങളെ വില്‍ക്കാന്‍ വെച്ചിട്ടില്ലെന്നും അബ്ബാസ് തുറന്നടിച്ചു. ഈ നിര്‍ദ്ദേശങ്ങളോട് ആയിരം നോ പറയുന്നുവെന്നും അബ്ബാസ് പറഞ്ഞു. അമേരിക്കന്‍ നീക്കം ഗാസയില്‍ സംഘര്‍ഷം കൂട്ടുമെന്നാണ് ഹാമാസ് പ്രഖ്യാപിച്ചത്. പലസ്തീന്‍ പ്രതിനിധികളെ ട്രംപ് കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടില്ല. കൂടുതല്‍ വിശദാംശങ്ങളും പുറത്തു വന്നിട്ടില്ല. പദ്ധതി തയ്യാറാക്കുന്ന ഒരു ഘട്ടത്തിലും പലസ്തീനെ ഉള്‍പ്പെടുത്താത്തതിനാലും ഏറെ സംശയങ്ങളുള്ളതിനാലും ഇതുമായി സഹകരിക്കേണ്ടെന്നും പൂര്‍ണമായും തള്ളിക്കളയണമെന്നും പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് സ്തയ്യി അറബ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ട്രംപിന് കുറ്റവിചാരണയില്‍ നിന്നും നെതന്യാഹുവിന് ജയിലില്‍ നിന്നും രക്ഷപ്പെടാനുള്ള പദ്ധതി മാത്രമാണിതെന്നും സമാധാനം ലക്ഷ്യമിട്ടുള്ളതല്ലെന്നും മന്ത്രിസഭായോഗത്തിനു ശേഷം സ്തയ്യി പറഞ്ഞു. പലസ്തീനു മേല്‍ ഇസ്രയേലിന് കൂടുതല്‍ അധികാരം ഉറപ്പു വരുത്തുകയാണ് ട്രംപിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

Related News