Loading ...

Home National

കഴിഞ്ഞ ബജറ്റില്‍ കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ചത് 2000 കോടി; ചെലവാക്കിയത് 10 കോടി !

2018-19 കേന്ദ്ര ബജറ്റില്‍ കര്‍ഷകര്‍ക്കായി ആധുനിക മാര്‍ക്കറ്റുകളുടെ ശൃംഖല തയ്യാറാക്കാന്‍ 2000 കോടി രൂപയാണ് വകയിരുത്തിയത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും തുകയും ചെലവാക്കാതെ പോയെന്നാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. കാലഹരണപ്പെട്ട വിപണി നയങ്ങള്‍ കര്‍ഷകരെ ഇപ്പോഴും ദുരിതത്തില്‍ നിര്‍ത്തുന്നുവെന്നാണ് ഈ ധനവിനിയോഗം നല്‍കുന്ന സൂചന. കര്‍ഷക ഉത്പന്നങ്ങള്‍ ശേഖരിക്കുന്ന പോയിന്റുകളായി മാറുന്ന ഗ്രാമീണ തലത്തിലുള്ള ചന്തകളാണ് ഈ പദ്ധതി വഴി ലക്ഷ്യമിട്ടത്. ഇവിടെ കര്‍ഷകര്‍ക്കും, വ്യാപാരികള്‍ക്കും ചുരുങ്ങിയ നിയമങ്ങളിലൂടെ എളുപ്പത്തില്‍ വിപണനം നടത്താന്‍ കഴിയുമായിരുന്നു. നിലവില്‍ ഇടനിലക്കാര്‍ നടമാടുന്ന വ്യാപാര ശൃംഖലയില്‍ നിന്നും വഴിമാറി സഞ്ചരിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇടനിലക്കാര്‍ ഇടപെടുന്നത് മൂലം കര്‍ഷകരുടെ ലാഭം വന്‍തോതില്‍ കുറയുന്നതാണ് പ്രധാന പ്രശ്‌നം. എന്നാല്‍ പ്രഖ്യാപിച്ച്‌ രണ്ട് വര്‍ഷം പിന്നിടുമ്ബോഴും കേവലം 0.5 ശതമാനം തുക, ഏകദേശം 10.45 കോടി രൂപ മാത്രമാണ് ചെലവാക്കിയത്. നിര്‍ദ്ദേശിക്കപ്പെട്ട 22000 മാര്‍ക്കറ്റുകളില്‍ 376 എണ്ണം വികസിപ്പിക്കാനാണ് ഈ തുക ചെലവാക്കിയത്. എന്നാല്‍ ഇതില്‍ ഒന്ന് പോലും ഉപയോഗത്തിനായി തയ്യാറായില്ല. അഗ്രി മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് എന്ന പദ്ധതിക്കാണ് ബജറ്റ് വിഹിതമായി 2000 കോടി വകയിരുത്തിയത്. കാര്‍ഷിക വിപണനം പുനരുദ്ധരിക്കാനുള്ള ശ്രമങ്ങളാണ് തടസ്സപ്പെട്ട് കിടക്കുന്നത്. കര്‍ഷകരുടെ വരുമാനം 202223 ആകുന്നതോടെ ഇരട്ടിയാക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനങ്ങളാണ് ഇതുവഴി പെരുവഴിയില്‍ നില്‍ക്കുന്നത്.

Related News