Loading ...

Home International

സമുദ്ര നിരപ്പ് ക്രമാതീതമായി ഉയരുന്നു ; അപകട സൂചനയെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍

കാലാവസ്ഥാവ്യതിയാനവും വെള്ളപ്പൊക്കവും മൂലം സമുദ്രനിരപ്പ് ക്രമാതീതമായി ഉയരുന്നതായി പഠന റിപ്പോര്‍ട്ട് . ഇതേ തുടര്‍ന്ന് അമേരിക്കയിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഉള്‍പ്രദേശങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കേണ്ടി വരുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ് . സതേണ്‍ കലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസറായ ബിസ്ട്രാ ഡില്‍ക്കിനയുടെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് മുന്നറിയിപ്പ് .ആഗോളതാപനം മൂലം വന്‍ തോതിലുണ്ടാകുന്ന മഞ്ഞുരുക്കം സമുദ്രനിരപ്പിന്റെ ഉയര്‍ച്ചയ്ക്ക് പ്രധാന കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു . അറ്റ്ലാന്റ, ഹൂസ്റ്റണ്‍, ഡാലസ്, ലാസ് വേഗാസ്, ഡന്‍വര്‍ എന്നിവിടങ്ങളിലേയ്ക്ക് നിരവധി ആളുകള്‍ കുടിയേറ്റക്കാരായി എത്താനും ഇത് കാരണമാകും . 2100 ഓടെ തീരപ്രദേശങ്ങളില്‍ ജീവിക്കുന്ന 13 ദശലക്ഷം ജനങ്ങള്‍ക്ക് വീടുകള്‍ ഉപേക്ഷിച്ചു പോകേണ്ടി വരും എന്നാണ് കണക്ക്. ജനസംഖ്യയിലെ ഉയര്‍ച്ചയും സമുദ്രനിരപ്പിന്റെ ഉയര്‍ച്ചയും താരതമ്യം ചെയ്താണ് പഠനം നടത്തിയത്.സമുദ്രനിരപ്പ് ആറടിയോളം ഉയരുന്നതോടെ തെക്കന്‍ ഫ്ലോറിഡ, വടക്കന്‍ കരലൈന, വെര്‍ജീനിയ, ബോസ്റ്റണ്‍, ന്യൂ ഓര്‍ലിയന്‍സ് എന്നീ പ്രദേശങ്ങളുടെ സ്ഥിതിയും അപകടത്തിലാകും . നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലും ഉള്‍ഗ്രാമങ്ങളിലും പ്രദേശവാസികളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ കുടിയേറ്റക്കാര്‍ ഉണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നു . 2017 ല്‍ ഹാര്‍വെ ചുഴലിക്കാറ്റ് നാശം വിതച്ചതിനെ തുടര്‍ന്ന് ടെക്സസിലെ തീരപ്രദേശങ്ങളില്‍ ജീവിച്ച ആയിരക്കണക്കിന് ആളുകളാണ് ഉള്‍പ്രദേശങ്ങളിലേക്ക് കുടിയേറിയത്. വരുന്ന പതിറ്റാണ്ടുകളില്‍ ഇത്തരം ‍സംഭവവികാസങ്ങള്‍ വലിയതോതില്‍ ആവര്‍ത്തിക്കും . ഇതോടെ കുടിയേറ്റക്കാരുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവുണ്ടാകും .

Related News