Loading ...

Home Kerala

സ്വകാര്യ മേഖലയില്‍ മിനിമം വേതനം: ഐടി അധിഷ്ഠിത വേജ് പേയ്മെന്റ് സംവിധാനം ശരിവച്ച്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

കൊച്ചി: സ്വകാര്യ മേഖലയില്‍ മിനിമം വേതന നിയമം നടപ്പാക്കാനും മേല്‍നോട്ടം ഉറപ്പാക്കാനുമുള്ള ഐടി അധിഷ്ഠിത വേജ് പേയ്മെന്റ് സംവിധാനം ശരിവച്ച്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. വേതന വിവരങ്ങള്‍ തൊഴില്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്ന ചട്ടവ്യവസ്ഥ സിംഗിള്‍ ജഡ്ജി ശരിവച്ചതിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍, ടിസിഎസ് എന്നിവരുടെ ഉള്‍പ്പെടെ 119 അപ്പീലുകള്‍ പരിഗണിച്ചാണു ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് വി. ജി. അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ആള്‍ക്ഷാമം ഉള്ളതിനാല്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പരിശോധിക്കാന്‍ കഴിയാറില്ലെന്നും വിവരങ്ങള്‍ ‌അപ്‌ലോഡ് ചെയ്യുന്നതോടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ കിട്ടുമെന്നും കോടതി പറഞ്ഞു. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി പരിശോധിക്കാം. റജിസ്റ്ററില്‍ സൂക്ഷിച്ചിരുന്ന വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്നതു ക്ലേശകരമാണെന്നു പറയുന്നതു പുതിയ രീതി സ്വീകരിക്കാനുള്ള വൈമനസ്യം കൊണ്ടാണ്. തിരിമറി പോലും സാധിക്കുന്ന തരത്തില്‍ പഴഞ്ചന്‍ റജിസ്റ്ററുകളില്‍ വിവരം രേഖപ്പെടുത്തുന്നത് ഇനി ഒഴിവാക്കാം. ചിലേടങ്ങളില്‍ യഥാര്‍ഥ വിവരങ്ങളുളള റജിസ്റ്ററിനു പുറമെ പരിശോധകര്‍ക്കു നല്‍കാന്‍ മറ്റൊരു റജിസ്റ്റര്‍ കൂടി സൂക്ഷിക്കാറുണ്ടെന്നതു കോടതി ചൂണ്ടിക്കാട്ടി. ശമ്പളം നല്‍കുന്നതിനു 3 ദിവസം മുന്‍പ് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാനും തലേദിവസം ശമ്പള സ്ലിപ് നല്‍കാനും ബുദ്ധിമുട്ടുണ്ടെന്നു കരുതുന്നില്ല. വിവരങ്ങള്‍ രഹസ്യസ്വഭാവത്തിലുള്ളതല്ല. തൊഴിലാളിക്കും കുടുംബത്തിനും മാന്യമായ ജീവിത സാഹചര്യമൊരുക്കാന്‍ വേണ്ട മിനിമം കൂലി ഉറപ്പാക്കുകയെന്നതാണു നിയമത്തിന്റെ ലക്ഷ്യമെന്നു കോടതി പറഞ്ഞു. തൊഴില്‍ വകുപ്പിന്റെ വേജ് പേയ്മെന്റ് സംവിധാനം വഴിയോ ബാങ്ക് അക്കൗണ്ട് വഴിയോ മാത്രം വേതനം നല്‍കണമെന്നു നിര്‍ബന്ധിക്കരുതെന്നു കോടതി നിര്‍ദേശിച്ചു. വേതനവിതരണ നിയമത്തില്‍ 2017ല്‍ കൊണ്ടുവന്ന ഭേദഗതിയനുസരിച്ചു പണം, ചെക്ക്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ മാര്‍ഗങ്ങള്‍ ആകാം. ബാങ്ക് വഴി തന്നെ വേണമെന്നില്ല. വേജ് പേയ്മെന്റ് സിസ്റ്റത്തില്‍ 16 ബാങ്കുകളാണുള്ളത്. ഏതു ബാങ്ക് വേണമെന്നു നിശ്ചയിക്കേണ്ടതു തൊഴിലാളിയാണ്, തൊഴില്‍ വകുപ്പോ തൊഴിലുടമയോ അല്ലെന്നു കോടതി പറഞ്ഞു.
                         2015 ജൂലൈ 8നു വിജ്ഞാപനം ചെയ്ത കേരള മിനിമം വേതന ചട്ട ഭേദഗതിയിലൂടെയാണ് ഐടി അധിഷ്ഠിത വേജ് പേയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയത്. തൊഴില്‍- ശമ്പള റജിസ്റ്റര്‍ അപ്‌ലോഡ് ചെയ്യണമെന്നും വേതനം വ്യക്തിഗത ബാങ്ക് അക്കൗണ്ടുകള്‍ മുഖേന വിതരണം ചെയ്യണമെന്നുമാണു നിബന്ധനകള്‍. കച്ചവട സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രി- ഡിസ്പെന്‍സറി- ഫാര്‍മസി- ലാബ്, എക്സ് റേ/സ്കാന്‍ സെന്റര്‍, സ്റ്റാര്‍ ഹോട്ടല്‍, സെക്യൂരിറ്റി സേവനങ്ങള്‍, കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ മേഖല, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (അധ്യാപകേതര സേവനങ്ങള്‍) എന്നീ 6 മേഖലകളില്‍ ആദ്യം നടപ്പാക്കിയ പദ്ധതി പിന്നീട് 32 മേഖലകളില്‍ കൂടി വ്യാപിപ്പിച്ചു. 270 സ്ഥാപനങ്ങള്‍ à´ˆ സംവിധാനം വിജയകരമായി നടപ്പാക്കുന്നുണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ പാര്‍ലമെന്റ് പാസാക്കിയ ദേശീയ വേജ് കോഡ് പ്രാബല്യത്തില്‍ വരുന്നതോടെ ഇതിന്റെ പ്രസക്തി ഇല്ലാതാകുമോ എന്ന ആശങ്ക നിലവിലുണ്ട്.





Related News