Loading ...

Home International

കൊറോണ വൈറസ്‌ ബാധിച്ചവരെ ചികിത്സിച്ച ചൈനീസ്‌ ഡോക്‌ടര്‍ മരിച്ചു; യുറോപ്പിലേക്കും പടരുന്നു

ബെയ്ജിങ് :കൊറോണ വൈറസ്‌ ബാധിച്ചവരെ ചികിത്സിച്ച ചൈനീസ്‌ ഡോക്‌ടര്‍ മരിച്ചു. വുഹാനില്‍ ചികിത്സ ഏകോപിപ്പിച്ച ലിയാങ് വുഡോങ്‌ ആണ്‌ മരിച്ചത്‌. വുഹാന്‍ പ്രവിശ്യയില്‍ 57 പേര്‍ ഗുരുതരമായ അവസ്ഥയിലാണ്‌. അതിവേഗം പടരുന്ന കൊറോണ വൈറസിനെതിരെ പ്രതിരോധം ശക്തമാക്കി ചൈന. വൈറസ് ബാധയില്‍ മരണപ്പെട്ടവരുടെ എണ്ണം 41 ആയി ഉയര്‍ന്നു.  ആയിരത്തോളം പേര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചതായി ചൈനീസ് ഭരണകൂടം അറിയിച്ചു. ഇതില്‍ 237 പേരുടെ നില അതീവഗുരുതരമാണ്. ഏറ്റവും അവസാനം ഉണ്ടായ മരണങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് രോഗം ആദ്യം കണ്ടെത്തിയ വുഹാന്‍ നഗരത്തില്‍ നിന്ന് തന്നെയാണന്നും ഹുബേയ് ആരോഗ്യ കമ്മീഷന്‍ വ്യക്തമാക്കി. 11 മില്യണ്‍ ആളുകള്‍ തടിച്ചുകൂടി വസിക്കുന്ന നഗരമാണ് വുഹാന്‍. മാരക വിനാശം വിതച്ചുകൊണ്ട് പടരുന്ന കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തടയിടാനായി വുഹാനു പുറമെ 13 നഗരങ്ങള്‍ കൂടെ ചൈന അടച്ചുപൂട്ടി. രോഗബാധിതരില്‍ നിന്ന് രാജ്യത്തും രാജ്യത്തിനു പുറത്തേയ്ക്കും വൈറസ് പടരാതിരിക്കാനാണ് 14 നഗരങ്ങള്‍ അടച്ചുപൂട്ടിയിരിക്കുന്നത്. നാലു കോടിയില്‍ പരം ആളുകള്‍ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുകയാണ്. പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന 180 ല്‍ 77 പേരും വുഹാന്‍ നഗരത്തില്‍ നിന്നുള്ളവരാണ്.
           ഹോങ്കോങ്, മക്കാവു, തയ്‌വാന്‍, ജപ്പാന്‍, സിംഗപ്പുര്‍, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ്, വിയറ്റ്നാം, യുഎസ് എന്നിവിടങ്ങളില്‍ രോഗബാധ കണ്ടെത്തി. യുകെയില്‍ മുന്‍കരുതലെന്ന നിലയില്‍ 14 പേര്‍ക്കു പരിശോധന നടത്തി. ദക്ഷിണ കൊറിയയില്‍ രണ്ടാമതൊരാളില്‍കൂടി വൈറസ് കണ്ടെത്തി. ജപ്പാനിലും ഒരാള്‍ക്കു രോഗം സ്ഥിരീകരിച്ചു. തായ്‌ലന്‍ഡില്‍ 5 പേര്‍ക്കാണു രോഗബാധ. വൈറസിന്റെ പ്രഭവകേന്ദ്രമെന്നു കരുതുന്ന വുഹാനിലാണ് മരിച്ചവരിലേറെയും. ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങളിലെ ആരാധനാലയങ്ങളും വിനോദകേന്ദ്രങ്ങളും അടച്ചു. വുഹാന്‍ വിമാനത്താവളവും അടച്ചു.


Related News