Loading ...

Home sports

പത്താം നമ്പറിലെ മാന്ത്രികനെ നഷ്ടപ്പെടുമ്പോൾ

‘ചാമ്പ്യന്മാരാവാന്‍ പരമാവധി ശ്രമിക്കും. കാരണം ഇത് ഞങ്ങള്‍ക്ക് ഏറെ അനിവാര്യമാണ്. എന്തെങ്കിലും സ്വന്തമാക്കാനുള്ള കാത്തിരിപ്പിൻെറ അവസാന സമയംകൂടിയാണിത്. കഴിഞ്ഞ ലോകകപ്പിലും കോപയിലും ഈ ടീം കിരീടത്തിന് അടുത്തത്തെിയതാണ്. പക്ഷേ, കൈവിട്ടുപോയി. ഇക്കുറി അത് സാക്ഷാത്കരിക്കാനുള്ള സമയമാണ്’ - കോപഅമേരിക്കക്ക് മുന്നോടിയായുള്ള മെസ്സിയുടെ വാക്കുകളാണിവ.‘ഏറെ സവിശേഷതകളുള്ള കോപയാണിത്. ശതാബ്ദി പോരാട്ടം. വേദിയാവുന്നത് അമേരിക്ക. അതിശയിപ്പിക്കുന്ന സ്റ്റേഡിയങ്ങള്‍, ആരാധകര്‍. അതുകൊണ്ട് തന്നെ അര്‍ജന്‍റീന കിരീടമണിയാനുള്ള ഏറ്റവും മികച്ച സമയം’. അത്രക്കും പ്രതീക്ഷയോടെയാണ് അർജൻറീന ഈ ടൂർണമെൻറിനെത്തിയത്'. മെസ്സി ഇതെല്ലാം പറയുമ്പോൾ അയാൾക്ക് ഉറപ്പായിരുന്നു ഈ വർഷം തൻെറ ടീം കപ്പുയർത്തുമെന്ന്, കിരീടത്തിലേക്കുള്ള ഏറ്റവും മികച്ച ടീമോടെയാണ് നീലപ്പട ഈ കോപ്പ കളിക്കാനെത്തിയത്. എന്നലിന്ന് സ്വന്തം പെനാൽട്ടിയിലൂടെ ടീമൊരിക്കൽ കൂടി തോൽവി രുചിക്കുമ്പോൾ മെസ്സിയെപോലൊരാൾക്ക് അത് സഹിക്കാവുന്നതിലും അപ്പുറമാണ്. അതാണയാൾ വിരമിക്കൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ചിലിയോട് സമാനഗതി വന്നപ്പോൾ രാജ്യത്ത് നിന്നും ഉയർന്ന വിമർശങ്ങൾ മെസ്സിയെ തളർത്തിയിരുന്നു. കളത്തിൽ നൂറു ശതമാനം അർപ്പണവും നടത്തിയിട്ടും രാജ്യത്തെ കിരീടമണിയിക്കാൻ സാധിക്കാത്തത് മെസ്സിയെ തുടർച്ചയായി വേട്ടയാടുകയാണ്.

ടൂർണമെൻറിൽ മെസ്സിയുടെ മികവിലാണ് അർജൻറീന കലാശപ്പോരാട്ടം വരെയെത്തിയത്. തങ്ങളെ വീഴ്ത്തി ജേതാക്കളായ ചിലിയെ  2-1ന് തോല്‍പിച്ച് സ്വപ്ന തുടക്കം തന്നെയാണ് അർജൻറീനക്ക് ലഭിച്ചത്. ഒരോ കളികൾ പിന്നിടുമ്പോഴും ടീം മെച്ചപ്പെട്ടു വന്നു. പരിക്കിൻെറ പിടിയിലായിരുന്ന മെസ്സിക്ക് തുടക്കത്തിൽ ഫസ്റ്റ് ഇലവനിൽ കളിക്കാനായില്ലായിരുന്നു. മെസ്സിയെ പകരക്കാരുടെ ബെഞ്ചിലിരുത്തിയായിരുന്നു കോച്ച് മാര്‍ട്ടിനോ അര്‍ജന്‍റീന പ്ലെയിങ് ഇലവനെ ഇറക്കിയിരുന്നത്. ഗോണ്‍സാലോ ഹിഗ്വെ്നെ സ്ട്രൈക്കറായി നിയോഗിച്ച് 4-5-1 ഫോര്‍മേഷനിലായിരുന്നു നീലപ്പട ടൂർണമെൻറിനിറങ്ങിയത്.
ഹ്യൂസ്റ്റനിലെ റിലയന്‍റ് സ്റ്റേഡിയത്തില്‍ സെമി ഫൈനലിൽ അമേരിക്കക്കെതിരെ മെസ്സിയായിരുന്നു താരം. അന്ന് 32ാം മിനിറ്റില്‍ ഗോളിലേക്ക് കുതിച്ച മെസ്സിയെ യു.എസ് താരം ക്രിസ് വൊന്‍ഡോളോവ്സ്കി വീഴ്ത്തിയതിന് റഫറി വിധിച്ചത് ഫ്രീകിക്ക്. ഗോള്‍പോസ്റ്റിന് 25 വാര അകലെനിന്ന് ഷോട്ടെടുത്ത മെസ്സി പ്രതിരോധ മതില്‍ തീര്‍ത്ത അമേരിക്കന്‍ താരങ്ങളെയും വലക്കുമുന്നില്‍ കാത്തിരുന്ന ഗോളി ബ്രാഡ് ഗുസാനെയും കാഴ്ചക്കാരാക്കി പന്തിനെ പോസ്റ്റിനു ഇടതുമൂലയിലേക്ക് പായിച്ചു. ഇതോടെ അര്‍ജന്‍റീന കുപ്പായത്തിലെ 55ാം ഗോൾനേടി ദേശീയ ടീമിനായുള്ള ഗോള്‍വേട്ടയില്‍ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയെ മെസ്സി മറികടന്നിരുന്നു.
എന്നാൽ ഫൈനലിൽ കാര്യങ്ങൾ മാറിമറിഞ്ഞിരിന്നു. ഒന്നാം റൗണ്ടിൽ കണ്ട ചിലിയല്ല കലാശപ്പോരിനെത്തിയത്. മൂന്നു കൊല്ലം മുമ്പ് തങ്ങളെ ഫൈനലിൽ വീഴ്ത്തിയ അതേ ചിലിയൻ കരുത്ത് ഒരിക്കൽ കൂടി അർജൻറീനയെ മെരുക്കി. മാർക്ക് ചെയ്യപ്പെട്ട മെസ്സിക്ക് ചിലിയുടെ പ്രതിരോധപ്പൂട്ട് പൊളിക്കാനായില്ല. പെനാൽട്ടി ഷൂട്ടൗട്ടിൽ മെസ്സിയെ കാത്തിരുന്നത് ദുരന്തവും. കൈയത്തെുമകലെനിന്നും വീണ്ടുമൊരു നഷ്ടം കൂടി മെസ്സിയെ തേടിയെത്തി. രണ്ടു പതിറ്റാണ്ടുകാലം നീണ്ടുനിന്ന കാത്തിരിപ്പ് മൂന്നാം തവണയും തട്ടിയകന്നപ്പോഴാണ് മെസ്സി വിരമിക്കൽ പ്രഖ്യാപിച്ചത്. രണ്ടുവര്‍ഷം മുമ്പ് ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിലും ഒരുവര്‍ഷം മുമ്പ് ചിലിയിലെ സാന്‍റിയാഗോ സ്റ്റേഡിയത്തിലും കണ്ട കാഴ്ചകളുടെ തനിയാവർത്തനമായിരുന്നു ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലും ഇന്നുണ്ടായത്.
അഞ്ചുതവണ മികച്ച ലോക ഫുട്ബാളറായിട്ടും അര്‍ജന്‍റീനയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായിട്ടും ക്ലബ് കുപ്പായത്തില്‍ കിരീടങ്ങള്‍ ഏറെ വെട്ടിപ്പിടിച്ചിട്ടും ഇതിഹാസങ്ങളുടെ പട്ടികയില്‍ അപൂര്‍ണമായിരുന്നു. പെലെ, മറഡോണ, റൊണാള്‍ഡോ, സിദാന്‍ തുടങ്ങിയ മഹാരഥന്മാര്‍ അലങ്കരിക്കുന്ന വിശ്വതാരങ്ങളുടെ പട്ടികയില്‍ ചോദ്യംചെയ്യപ്പെടാതിരിക്കാന്‍ മെസ്സിക്ക് ഇത്തവണ കിരീടം അനിവാര്യമായിരുന്നു.ബ്രസീൽ ലോകകപ്പില്‍ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡ് ഏറ്റുവാങ്ങി മടങ്ങുമ്പോഴും ലയണല്‍ മെസ്സിയുടെ നിറഞ്ഞുതുളുമ്പിയ കണ്ണുകള്‍ ആ കിട്ടാതെപോയ സ്വര്‍ണകപ്പിലായിരുന്നു. ഒരുവര്‍ഷത്തിനിപ്പുറം ചിലിയില്‍ നടന്ന കോപ ഫൈനലില്‍ കൂടുതല്‍ വികാരതീവ്രമായി. ചിലിയോട് അന്നും പെനാല്‍റ്റിഷൂട്ടൗട്ടില്‍ കീഴടങ്ങിയ മെസ്സി മികച്ച താരത്തിനുള്ള അവാര്‍ഡുപോലും സ്വീകരിക്കാതെ നടന്നകന്നപ്പോള്‍ ആരാധകലോകത്തിന്‍െറ കണ്ണുകളും തുളുമ്പി. ഇക്കുറി കിരീടധാരണം ഉറപ്പിച്ചായിരുന്നു നീലപ്പട ടൂർണമെൻറിൽ കളിക്കാനെത്തിയത്. സ്വര്‍ണത്താടിയും മീശയുമായി പുതിയ ഭാവത്തിലാണ് ലയണല്‍ മെസ്സി ഇത്തവണ കോപക്കെത്തിയത്. കിരീടം നേടിയാലെ താടിവടിക്കൂ എന്ന് ചില അർജൻറീന താരങ്ങൾ പ്രതിഞ്ജ എടുത്തതായും വാർത്തകളുണ്ടായിരുന്നു.
1993ലാണ് അവസാനമായി അർജൻറീന കോപഅമേരിക്ക സ്വന്തമാക്കിയത്. ഒരു ഒളിമ്പിക്സ് നേട്ടത്തിന് പുറമെ ലാറ്റിനമേരിക്കൻ ശക്തികളുടെ ഷോക്കേസിലേക്ക് കിരീടങ്ങളെത്തിയിട്ട് വർഷങ്ങളായി. ലോകകപ്പിലും കോപയിലും കോണ്‍ഫെഡറേഷന്‍ കപ്പിലുമായി കിരീടം കൈയത്തെുമകലെ നിന്ന് വീണുടഞ്ഞത് നിരവധി തവണ. 2004, 2007, 2015 കോപകളില്‍ ഫൈനല്‍ വരെയത്തെി. അതേസമയം യൂറോപ്പിലെ ക്ലബ് ഫുട്ബാളിൽ മെസ്സിയടക്കമുള്ളവർ തങ്ങളുടെ ടീമുകൾക്കായി കിരീടക്കൊയത്ത് നടത്തുകയും ചെയ്തിരുന്നു. പത്തുവര്‍ഷം അര്‍ജന്‍റീനയുടെ നട്ടെല്ലായി നിൽക്കുമ്പോഴും ദേശീയ ടീമിനെ രാജ്യാന്തര കിരീടനേട്ടത്തിലത്തെിക്കാൻ സാധിക്കാത്തതിൻെറ സങ്കടം മെസ്സിയിൽ എപ്പോഴും ഉണ്ടായിരുന്നു. ആ പേരുദോഷം മാറ്റിയെഴുതാനുള്ള അവസാന അവസരം കൂടിയായാണ് മെസി ഈ ടൂർണമെൻറിനെ കണ്ടതും. കോപ ഫൈനലിലേക്കുള്ള അർജൻറീനയുടെ കുതിപ്പിൽ ചിലിയോടുള്ള മധുര പ്രതികാരവും അതുവഴി കീരീടനേട്ടവും ആരാധക ലോകം പ്രതീക്ഷിച്ചിരുന്നു.
കോപയോടെ മെസ്സി വിരമിക്കുന്നുവെന്ന വാർത്ത ആരാധകലോകത്ത് ഞെട്ടലുണ്ടാക്കിയട്ടുണ്ട്. തങ്ങൾക്ക് കോപ കിരീടത്തേക്കാളും വലുതാണ് മെസ്സിയുടെ സാന്നിദ്ധ്യമെന്ന് അവർ മുറവിളി കൂട്ടിതുടങ്ങി. തോൽവിയുടെ ആഘാതത്താൽ പ്രഖ്യാപിച്ച വിരമിക്കലിൽ നിന്നും സൂപ്പർതാരം പിന്മാറുമെന്നും അർജൻറീനൻ ഫുട്ബാൾ ഭരണാധികാരികൾ മെസ്സിയുടെ രാജി പിൻവലിപ്പിക്കണമെന്നും ആവശ്യം തുടങ്ങിയിട്ടുണ്ട്. അഥവാ മെസ്സി തീരുമാനം മാറ്റുകയാണെങ്കിൽ അത് അർജൻറീനക്ക് മാത്രമല്ല, ഫുട്ബാൾ ലോക ത്തിന് നൽകുന്ന സന്തോഷം ചെറുതല്ല. ഈ ചെറിയ മനുഷ്യൻ ഇല്ലാത്ത ഫുട്ബാളിനെക്കുറിച്ച് നവകാലത്ത് ചിന്തിക്കാനേ വയ്യ.

Related News