Loading ...

Home Kerala

ആക്സസിബിള്‍ ടൂറിസത്തിനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം കേരളത്തിന്, പുരസ്കാരം ലഭിച്ചത് തൃശൂര്‍ ജില്ലയിലെ പദ്ധതികളിലൂടെ

തിരുവനന്തപുരം: ഭിന്നശേഷിക്കാരടക്കം എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ടൂറിസം വികസനത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ (യുഎന്‍ഡബ്ല്യൂടിഒ) ആക്സസബിള്‍ ടൂറിസം അംഗീകാരം കേരളത്തിന്. സ്പെയിനിലെ മാഡ്രില്‍ നടക്കുന്ന ഫിതുര്‍ അന്താരാഷ്ട്ര ടൂറിസം മേളയില്‍വച്ച്‌ യുഎന്‍ഡബ്ല്യൂടിഒ സെക്രട്ടറി ജനറല്‍ സുറാബ് പോളോലിക്കാഷ്വിലിയില്‍ നിന്ന് കേരള ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ പുരസ്കാരം ഏറ്റുവാങ്ങി. ലോകത്തിലെ ടൂറിസം പ്രൊഫഷണലുകളുടെ ഏറ്റവും വലിയ ടൂറിസം മേളകളിലൊന്നായാണ് ഫിതുറിനെ കണക്കാക്കുന്നത്. കേരളത്തില്‍ നിന്ന് അഞ്ച് പ്രമുഖ ഹോട്ടലുകളും റിസോര്‍ട്ടുകളുമാണ് മേളയില്‍ പങ്കെടുക്കുന്നത്. 2019 ലെ ആക്സസബിള്‍ ടൂറിസം കേന്ദ്രങ്ങള്‍ക്കായുള്ള പുരസ്കാരങ്ങളില്‍ വളര്‍ന്നുവരുന്ന കേന്ദ്രങ്ങള്‍ക്കുള്ള പ്രത്യേക പരാമര്‍ശമാണ് തൃശൂര്‍ ജില്ലയിലെ പദ്ധതികളിലൂടെ കേരളത്തിന് ലഭിച്ചത്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുക എന്ന സര്‍ക്കാര്‍ നയമായ 'ബാരിയര്‍ ഫ്രീ സംവിധാനം' പ്രധാന കേന്ദ്രങ്ങളിലെല്ലാം നടപ്പാക്കിയ കേരളത്തിലെ ആദ്യ ജില്ലയാണ് തൃശൂര്‍. അഴിക്കോട് ബീച്ച്‌, സ്നേഹതീരം, വിലങ്ങന്‍ കുന്ന്, പൂമല, വാഴാനി എന്നിവിടങ്ങളില്‍ പദ്ധതി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ചാവക്കാട് ബീച്ച്‌, പീച്ചി, തുമ്ബൂര്‍മുഴി, എന്നീ കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കി വരുന്നു. റാമ്ബുകള്‍, ഭിന്നശേഷി ശൗചാലയങ്ങള്‍, മുലയൂട്ടല്‍ കേന്ദ്രങ്ങള്‍, ബ്രയിലി ബ്രോഷര്‍, ദിശാസൂചികകള്‍, ടച്ച്‌ സ്ക്രീന്‍ കിയോസ്ക്, ഓഡിയോ സൈന്‍ ആപ്, വീല്‍ചെയര്‍, സ്റ്റിക്കുകള്‍ എന്നിവ ഈ കേന്ദ്രങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിന് അഭിമാനാര്‍ഹമായ നേട്ടമാണ് ഈ പുരസ്ക്കാരത്തിലൂടെ കൈവന്നിരിക്കുന്നതെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് 80 ടൂറിസം കേന്ദ്രങ്ങളില്‍ ആക്സസബിള്‍ ടൂറിസം നടപ്പാക്കിയിട്ടുണ്ട്. ഇതില്‍ എട്ടെണ്ണം തൃശൂര്‍ ജില്ലയിലാണുള്ളത്. അന്താരാഷ്ട്ര രംഗത്ത് കേരളത്തിന്റെ വിനോദസഞ്ചാര പ്രതിഛായ ഇതിലൂടെ ഏറെ മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു. ആഗോള ടൂറിസം മേഖലയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ നയങ്ങള്‍ നടപ്പില്‍ വരുത്താനുള്ള കേരളത്തിന്റെ ഇച്ഛാശക്തിയ്ക്ക് ലഭിച്ച അംഗീകാരമാണ് ഈ പുരസ്ക്കാരമെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് പറഞ്ഞു. കേരളത്തിലെ ടൂറിസം മേഖലയിലെ സ്വകാര്യപങ്കാളികളുടെ സഹകരണവും ഈ നേട്ടത്തിനു പിന്നിലുണ്ടെന്ന് അവര്‍ പറഞ്ഞു. കേരളത്തിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും ഭിന്നശേഷി സൗഹൃദമാക്കുക എന്നതാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യമെന്ന് ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു. സംസ്ഥാനത്തിന് ലഭിച്ച പുരസ്ക്കാരം അതിന് പ്രചോദകമാണെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍റെ 2016 ലെ പ്രമേയമനുസരിച്ച്‌ വിനോദസഞ്ചാര കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹൃദമാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.

Related News