Loading ...

Home Gulf

കൊറോണ വൈറസ് വ്യാപിക്കുന്നു; സൗദിയില്‍ 30 മലയാളി നഴ്‌സുമാരെ പ്രത്യേക മുറിയിലേയ്ക്ക് മാറ്റി

റിയാദ് : സൗദി അറേബ്യയിലെ അബഹയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഫിലിപ്പൈന്‍സ് യുവതിയെ ചികിത്സിച്ച 30 മലയാളി നഴ്‌സുമാരെ പ്രത്യേക മുറികളിലേയ്ക്ക് മാറ്റി. ഇവര്‍ക്ക് മതിയായ ചികിത്സയോ ഭക്ഷണമോ നല്‍കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഏതെങ്കിലും സമയങ്ങളില്‍ ഭക്ഷണം എത്തിച്ചാല്‍ തന്നെ അത് മുറിയുടെ വാതിലില്‍ വച്ചിട്ട് പോകുകയാണ് ചെയ്യുന്നത്. രോഗബാധിതയായ ഫിലിപ്പൈന്‍സ് യുവതിയെ ചികിത്സിച്ച ഒരു നഴ്‌സിനും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി വിവരമുണ്ട്. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയാത്ത് നാഷണലിലെ ജീവനക്കാരിയായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയ്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗിയായ ഫിലിപ്പൈന്‍സ് യുവതിയെ ശുശ്രൂഷിക്കുന്നതിനിടെയാണ് ഏറ്റുമാനൂര്‍ സ്വദേശിനിയിലേയ്ക്ക് വൈറസ് പടര്‍ന്നത്. ഈ നഴ്‌സിനെ സൗദിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി വിദഗ്ധ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് വിവരം. ആശുപത്രി അധികൃതര്‍ രോഗവിവരം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവയ്ക്കുകയാണെന്ന് നഴ്‌സുമാര്‍ പറയുന്നു. വൈറസ് പടരുന്നത് ഭയന്ന് ജീവനക്കാരില്‍ പലരും ആശുപത്രിയിലേയ്ക്ക് എത്തുന്നില്ല. സംഭവത്തില്‍ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും നഴ്‌സുമാര്‍ പറയുന്നു. ഇതിനിടെ, പ്രത്യേക മുറിയില്‍ അടച്ചിട്ടുള്ള 30 നഴ്‌സുമാരുടെ മൂക്കില്‍ നിന്നുള്ള സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടഫലം പുറത്തു വന്നതോടെ ഇവര്‍ക്ക് രോഗബാധ ഏറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടെങ്കിലും ഇവര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്.

Related News