Loading ...

Home National

പൗരസ്വാതന്ത്ര്യത്തില്‍ കുറവ്; ജനാധിപത്യ ഇന്‍ഡക്‌സില്‍ ഇന്ത്യ 10 സ്ഥാനങ്ങള്‍ പിന്നിലായി

ന്യൂഡല്‍ഹി: എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ ജനാധിപത്യ ഇന്‍ഡക്‌സില്‍ ഇന്ത്യ പത്ത് സ്ഥാനങ്ങള്‍ പിന്നിലേയ്ക്ക് പോയതായി റിപ്പോര്‍ട്ട്. രാജ്യത്ത് പൗരസ്വാതന്ത്ര്യത്തില്‍ കുറവുവന്നതാണ് റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം താഴേയ്ക്കു പോകാനിടയാക്കിയ കാരണങ്ങളില്‍ പ്രധാനമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ് സ്ഥാപനമായ ദി എക്കണോമിസ്റ്റിന്റെ ഇന്റലിജന്‍സ് യൂണിറ്റ് ആണ് ആഗോള റാങ്കിങ് ആയ ഡെമോക്രസി ഇന്‍ഡക്‌സ് പുറത്തുവിടുന്നത്. 2018ല്‍ 41-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 2019ലെ സര്‍വേയില്‍ 51-ാം സ്ഥാനത്തേയ്ക്ക് എത്തിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2018ല്‍ ഇന്ത്യയുടെ മൊത്തം സ്‌കോര്‍ 7.23 ആയിരുന്നത് 6.90ലേയ്ക്ക് താഴ്ന്നു. പൗരസ്വാതന്ത്ര്യം, തിരഞ്ഞെടുപ്പ് പ്രക്രിയയും ബഹുസ്വരതയും, സര്‍ക്കാരിന്റെ പ്രവര്‍ത്തനം, രാഷ്ട്രീയ പങ്കാളിത്തം, രാഷ്ട്രീയസംസ്‌കാരം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി അറുപത് ഘടകങ്ങള്‍ പരിഗണിച്ചാണ് ഇന്‍ഡക്‌സ് തയ്യാറാക്കുന്നത്. 10 ആണ് ഏറ്റവും കൂടിയ സ്‌കോര്‍. 'ഫുള്‍ ഡമോക്രസി' (സ്‌കോര്‍ 8ന് മുകളില്‍), 'ഫ്‌ളോഡ് ഡമോക്രസി' (6 മുതല്‍ 8 വരെ), 'ഹൈബ്രിഡ് ഭരണക്രമം' (4മുതല്‍ 6 വരെ), 'അതോറിറ്റേറിയന്‍ ഭരണക്രമം' (4-0വരെ) എന്നിങ്ങനെ നാല് തലങ്ങളായാണ് രാജ്യങ്ങളെ വേര്‍തിരിച്ചിരിക്കുന്നത്. ഇതില്‍ ഇന്ത്യ 'ഫ്‌ളോഡ് ഡമോക്രസി'യിലാണ് ഉള്‍പ്പെടുന്നത്. ഇന്ത്യയുടെ തൊട്ടടുത്തുള്ള രാജ്യം ബ്രസീല്‍ ആണ്, റാങ്ക് 52. പട്ടികയില്‍ അവസാന സ്ഥാനങ്ങളുള്ള രാജ്യങ്ങളില്‍ ഒന്നാണ് ചൈന. 153 ആണ് ചൈനയുടെ സ്ഥാനം. റഷ്യ 134-ാം സ്ഥാനത്തും പാകിസ്ഥാന്‍ 108-ാം സ്ഥാനത്തുമാണുള്ളത്. ശ്രീലങ്ക 69-ാം സ്ഥാനത്തും ബംഗ്ലാദേശ് 80-ാം സ്ഥാനത്തുമാണുള്ളത്. നോര്‍വേ ആണ് ഏറ്റവും മികച്ച ജനാധിപത്യക്രമമുള്ള രാജ്യമായി പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. യഥാക്രമം ഐസ്ലന്‍ഡ്, സ്വീഡന്‍, ന്യൂസിലന്‍ഡ്, ഫിന്‍ലന്‍ഡ് എന്നിവയാണ് അഞ്ചുവരെയുള്ള സ്ഥാനങ്ങളിലുള്ളത്. 165 രാജ്യങ്ങളും രണ്ട് ഭരണപ്രദേശങ്ങളും അടക്കം 167 ജനാധിപത്യ ഭരണപ്രദേശങ്ങളെയാണ് ഇന്‍ഡക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Related News