Loading ...

Home peace

ഇന്ന് ലോക കൈയെഴുത്തുദിനം ബൈബിള്‍ പകര്‍ത്തിയെഴുതി സിസ്റ്റര്‍ റോസറ്റ്

കോഴിക്കോട്: കംപ്യൂട്ടറും സ്മാര്‍ട്ട് ഫോണുകളും സര്‍വസാധാരണമായതോടെ പഴയ തലമുറക്കാര്‍പോലും കൈയെഴുത്ത് മറക്കുകയാണ്. എന്നാല്‍ സ്വന്തം കൈപ്പടയില്‍ എഴുതുന്നതില്‍ ആനന്ദം കണ്ടെത്തുകയാണ് കൈതപ്പൊയില്‍ ലിസ്സാ കോളേജ് അഡ്മിനിസ്‌ട്രേറ്ററായ സിസ്റ്റര്‍ റോസറ്റ്. ഇംഗ്ലീഷ് ബൈബിള്‍ പൂര്‍ണമായും പകര്‍ത്തിയെഴുതിയാണ് റോസറ്റ് കൈയെഴുത്തിനോടുള്ള സ്നേഹം പ്രഖ്യാപിച്ചത്. 2018 സെപ്റ്റംബര്‍ എട്ടിന് തുടങ്ങി 2019 ഒക്ടോബര്‍ ഒന്നിനാണ് എഴുത്ത് പൂര്‍ത്തിയാക്കിയത്. ആകെ 387 ദിവസമെടുത്തു. പഴയനിയമത്തില്‍ 1060 അധ്യായങ്ങളും പുതിയ നിയമത്തില്‍ 237 അധ്യായങ്ങളുമുണ്ട്. പഴയനിയമം പൂര്‍ത്തിയാക്കാന്‍ 2240 പേജുകളും പുതിയ നിയമം പൂര്‍ത്തിയാക്കാന്‍ 654 പേജുകളും- ആകെ 2894 പേജുകള്‍. പുതിയനിയമം പകര്‍ത്തിയെഴുതിയവര്‍ ധാരാളമുണ്ടെങ്കിലും പഴയനിയമവും പുതിയനിയമവും പകര്‍ത്തിയെഴുതിയവര്‍ വിരളമാണ്. 'കുറെ നാളുകളായി ബൈബിള്‍ സ്വന്തം കരംകൊണ്ട് പകര്‍ത്തിയെഴുതണമെന്ന് ഉള്‍വിളിയുണ്ടായി. അങ്ങനെയിരിക്കുമ്ബോഴാണ് എറണാകുളം പി.ഒ.സി.യില്‍നിന്ന് ബൈബിള്‍ പകര്‍ത്തിയെഴുതുന്നത് സംബന്ധിച്ച്‌ ഒരു നോട്ടീസ് ലഭിച്ചത്. സന്യാസിനിവ്രതം സ്വീകരിച്ചിരിക്കുന്ന എനിക്ക് ദൈവത്തോടുള്ള സ്‌നേഹം പ്രകടമാക്കാന്‍ ബൈബിള്‍ വായിക്കുന്നതിനെക്കാളുപരി എഴുതുകയാണ് വേണ്ടതെന്ന ചിന്തയും ദൗത്യം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചു...'- സിസ്റ്റര്‍ പറയുന്നു. 'തലച്ചോറില്‍ കൂടുതല്‍ സ്പന്ദനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നത് സ്വന്തം കൈകൊണ്ട് എഴുതുമ്ബോഴാണ്. അതുകൊണ്ട് കൈയെഴുത്തിന്റെ പ്രാധാന്യം എന്നും നിലനില്‍ക്കും. കൊച്ചുകുട്ടികളെ അരിയിലും കുരുത്തോലയിലും എഴുതിക്കുന്നത് ഇതുകൊണ്ടാണ്'-ലിസ്സ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. വര്‍ഗീസ് മാത്യു അഭിപ്രായപ്പെട്ടു. മിഷനറി സിസ്‌റ്റേഴ്‌സ് ഓഫ് ക്യൂന്‍ ഓഫ് അപ്പൊസ്തലേറ്റ് അംഗമായ റോസറ്റ് മംഗലാപുരം സെയ്‌ന്റ് ഇഗ്നേഷ്യസ് ഹോസ്പിറ്റല്‍, ഫാദര്‍ മുള്ളേഴ്‌സ് ഹോസ്പിറ്റല്‍, ബാംഗ്‌ളൂര്‍ സെയ്‌ന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, തമിഴ്‌നാട് ധര്‍മപുരി, നിര്‍മല ലെപ്രസി സെന്റര്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയാണ്.

Related News