Loading ...

Home National

'മുംബൈ ഇനി ഉറങ്ങില്ല'

മുംബൈ: ഇന്ത്യയിലെ പ്രധാന വാണിജ്യ നഗരമായ മുംബൈക്ക് ഇനി ഉറക്കമില്ലാത്തരാത്രികള്‍. ഇവിടെ കടകളും ഷോപ്പിങ് മാളുകളും മള്‍ട്ടിപ്ലക്സ് തിയേറ്ററുകളും എല്ലാ ദിവസവും 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് അനുമതി നല്‍കി.
ജനുവരി 27 മുതല്‍ പുതിയ തീരുമാനം നടപ്പിലാക്കപ്പെടും. സംസ്ഥാനത്തിന് കൂടുതല്‍ വരുമാനം ലഭിക്കാനും തൊഴിലസവരങ്ങള്‍ സൃഷ്ടിക്കാനും പുതിയ തീരുമാനത്തിലൂടെ സാധിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി ആദിത്യ താക്കറെ പ്രതികരിച്ചു. അതേസമയം ഇതൊരു നിര്‍ബന്ധ നിയമമല്ലെന്നും കടകള്‍ തുറന്നാല്‍ കൂടുതല്‍ കച്ചവടം നടക്കുമെന്ന് കരുതുന്നവര്‍ക്ക് കടകള്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കുക മാത്രമാണെന്നും താക്കറെ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ കടകള്‍, ഭക്ഷണശാല(, മാളുകള്‍ക്ക് അകത്തെ തിയേറ്ററുകള്‍, മില്ലുകള്‍ എന്നിവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാനാവും. നരിമാന്‍ പോയിന്റ്, ബന്ദ്ര കുര്‍ള കോംപ്ലക്സ് എന്നിവിടങ്ങളില്‍ റോഡിന്റെ ഒരു വശം ഫുഡ് ട്രക്കുകള്‍ക്ക് പ്രവര്‍ത്തിക്കാനായി തുറന്ന് കൊടുക്കും. ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ ഇവയെ നിരീക്ഷിക്കും. മാലിന്യ സംസ്കരണം, ശബ്ദ മലിനീകരണം, ക്രമസമാധാനം തുടങ്ങിയ നിയമങ്ങള്‍ ലംഘിച്ചാല്‍ കടയുടമകള്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുമെന്നും ശിവസേനാ നേതാവ് കൂടിയായ ആദിത്യ താക്കറെ പറഞ്ഞു. ഇതോടെ രാത്രി മുഴുവന്‍ ഷോപ്പിങിനും സിനിമ കാണുന്നതിനും ഭക്ഷണം കഴിക്കുന്നതിനും മുംബൈയില്‍ അവസരമൊരുങ്ങുകയാണ്. സിസിടിവി നിരീക്ഷണം കര്‍ശനമാക്കാനും പുതിയ സര്‍ക്കാര്‍ ഉത്തരവില്‍ ആവശ്യപ്പെടുന്നുണ്ട്.

Related News