Loading ...

Home Business

എന്താണ് ജനകീയ ബജറ്റ്? ഒരു ബജറ്റ് എങ്ങനെയാണ് ജനപ്രിയമാകുന്നത്?

അടിസ്ഥാനപരമായി ഒരു ജനകീയ അല്ലെങ്കില്‍ ജനപ്രിയ ബജറ്റിന് ഒരു നിശ്ചിത നിര്‍വചനമൊന്നുമില്ലെങ്കിലും രാജ്യത്തെ വലിയൊരു ജനസംഖ്യയുടെ താല്‍പ്പര്യം പ്രതിഫലിപ്പിക്കുന്നു എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സാധാരണഗതിയില്‍ ആളുകളെ പ്രീതിപ്പെടുത്തുന്നതിനായി ഉള്ളതും സമ്ബദ്‌വ്യവസ്ഥയില്‍ ശാശ്വതമായ സ്വാധീനം ചെലുത്താത്തതുമായ പദ്ധതികളായിരിക്കും ഒരു ജനപ്രിയ ബജറ്റിലുണ്ടാവുക. ഉദാഹരണത്തിന് കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുക, കര്‍ഷകര്‍ക്ക് വിളകള്‍ക്കുമേല്‍ ഉയര്‍ന്ന സംഭരണ ​​വില നല്‍കുക, താഴ്ന്ന സ്ലാബുകള്‍ക്ക് മുകളിലുള്ള ആദായനികുതി കുറയ്ക്കുക എന്നിവ. അതായത് ജനങ്ങളുടെ പൊതുവായ ആശങ്കകള്‍ വ്യക്തമാക്കിയാണ് ഇത്തരമൊരു ബജറ്റ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്ന് പറയാം. എന്നാല്‍ അത്തരം ചെലവുകള്‍ പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കുകയും സര്‍ക്കാരിന്റെ ബാലന്‍സ് ഷീറ്റുകള്‍ കുറയ്‌ക്കുകയും ചെയ്യും, ഇത് ധനക്കമ്മി ഉണ്ടാകാന്‍ ഇടയാക്കുകയും ചെയ്യും. സര്‍ക്കാരിന്റെ വരുമാനവും ചെലവും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിക്കും. വരവുകളെക്കാള്‍ ചെലവുകള്‍ കൂടുതലായി വരും. ജനകീയ ചെലവുകളുടെ ഒരു നല്ല വശം ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുമെന്നതാണ്. സമ്ബദ്‌വ്യവസ്ഥയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വാധീനിക്കുന്ന ചെലവിന്റെ ഗുണനിലവാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കില്‍ ഒരു ബജറ്റ് ജനകീയമാകാതെ ജനപ്രിയമാകും. ഉദാഹരണത്തിന്, കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുന്നതിനേക്കാള്‍ ഫണ്ട് ജലസേചനത്തിനായി ചെലവഴിക്കുന്നത് മൊത്തത്തിലുള്ള സമ്ബദ്‌വ്യവസ്ഥയ്ക്ക് കൂടുതല്‍ ഗുണം ചെയ്യും, അതേസമയം കര്‍ഷകരെ സഹായിക്കാനും കഴിയും. അടുത്തിടെ നടന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലും മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് തുടങ്ങിയ കാര്‍ഷിക സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് കര്‍ഷകത്തൊഴിലാളികള്‍ക്കിടയിലെ അടിത്തറ ഇല്ലാതാകുന്നതായി കണ്ടു. അതിനാല്‍ ഗ്രാമീണ മേഖലയിലെ പിന്തുണ തിരിച്ചുപിടിക്കാന്‍ വരാനിരിക്കുന്ന ബജറ്റില്‍ സര്‍ക്കാര്‍ കാര്‍ഷികമേഖലയില്‍ കൂടുതല്‍ ചെലവഴിക്കാന്‍ സാധ്യതയുണ്ട്.

Related News