Loading ...

Home Kerala

കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന നിശബ്ദനായ കൊലയാളി ; ശ്രദ്ധിച്ചില്ലെങ്കില്‍ കാറുകളിലും മരണമെത്താം

തിരുവനന്തപുരം : നേപ്പാളില്‍ എട്ടു മലയാളി വിനോദസഞ്ചാരികള്‍ മരിച്ചത് റൂം ഹീറ്ററില്‍ നിന്നും പുറത്തുവന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കാര്‍ബണ്‍ മോണോക്‌സൈഡിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളും പുറത്തുവരുന്നുണ്ട്. നിറമോ ഗന്ധമോ ഇല്ലാത്ത വിഷവാതകമാണ് കാര്‍ബണ്‍ മോണോക്‌സൈഡ്. വായുവില്‍ കലര്‍ന്നാല്‍ മനസ്സിലാകില്ല എന്നതാണ് ഇതിനെ കൊലയാളിയാക്കുന്നത്. റൂം ഹീറ്ററുകള്‍ മാത്രമല്ല, ശ്രദ്ധിച്ചില്ലെങ്കില്‍ കാറുകളും അപകടകാരികളാകും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെന്നൈയിലെ റോഡില്‍ കാറിനുള്ളില്‍ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത് കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതുമൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണ കാരണം കാര്‍ബണ്‍ മോണോക്‌സൈഡാണെന്ന് വ്യക്തമായത്. ഈ കാറിലുണ്ടായിരുന്നവര്‍ എസി പ്രവര്‍ത്തിപ്പിച്ചിരുന്നു. സ്പ്ലിറ്റ് എസിയായിരുന്നു. എസിക്കു നോബുണ്ട്. നോബ് ഒരു പൊസിഷനില്‍ വച്ചാല്‍ കാറിനുള്ളിലെ വായുവിനെ തണുപ്പിക്കാം (റീ സൈക്ലിങ്). രണ്ടാമത്തെ പൊസിഷനില്‍ വച്ചാല്‍ പുറത്തു നിന്നുള്ള വായു വലിച്ചെടുക്കും. ഈ കാറിലെ നോബ് പുറമേ നിന്നുള്ള വായു വലിച്ചെടുക്കുന്ന പൊസിഷനില്‍ ആയിരുന്നു. വാഹനങ്ങളുടെ പുകക്കുഴലുകളില്‍ നിന്നു കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ഏറെ പുറന്തള്ളുന്നുണ്ട്. നഗരങ്ങളിലെ അന്തരീക്ഷത്തില്‍ ഈ വാതകത്തിന്റെ സാന്ദ്രത വളരെ കൂടുതലായിരിക്കും. ഗതാഗതക്കുരുക്കിനിടെ വാഹനങ്ങള്‍ പുറന്തള്ളിയ കാര്‍ബണ്‍ മോണോക്‌സൈഡ് കാറിനുള്ളിലേക്കു കയറിയതാണ് ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേരുടെ കൂട്ടമരണത്തിനു കാരണമായത്.
                             ഓക്‌സിജന്‍ ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത് രക്തത്തിലെ ഹീമോഗ്ലോബിനെ കൂട്ടു പിടിച്ചാണ്. എന്നാല്‍, ഓക്‌സിജന് ഒപ്പം കാര്‍ബണ്‍ മോണോക്‌സൈഡ് ശരീരത്തില്‍ എത്തിയാല്‍ കാര്‍ബണ്‍ മോണോക്‌സൈഡിനാണ് ഹീമോഗ്ലോബിന്‍ കൂടുതല്‍ പരിഗണന കൊടുക്കുക. ഇങ്ങനെ കാര്‍ബണ്‍ മോണോക്‌സൈഡ് ശരീരത്തില്‍ എത്തുന്നതോടെ ഓക്‌സിജന്‍ ലഭിക്കാതെ ശരീരത്തിലെ കോശങ്ങള്‍ നശിക്കും. ഭക്ഷ്യവിഷബാധയേറ്റാല്‍ എന്ന പോലുള്ള ലക്ഷണങ്ങള്‍ ആയിരിക്കും കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചവരില്‍ ഉണ്ടാകുക. എന്നാല്‍, കുറഞ്ഞ അളവിലാണ് ശരീരത്തിലേക്ക് കാര്‍ബണ്‍ മോണോക്‌സൈഡ് എത്തുന്നതെങ്കില്‍ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ സമയമെടുക്കും, കൂടിയ തോതില്‍ ശരീരത്തിലേക്ക് കാര്‍ബണ്‍ മോണോക്‌സൈഡ് എത്തിയാല്‍ ബോധക്ഷയം ഉണ്ടാകും. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം ഉറപ്പാണ്.

Related News