Loading ...

Home Europe

ഹാരിയും മേഗനും ഇനി മുതല്‍ രാജകീയ പദവികളിലുണ്ടാകില്ല പെതുഖജനാവിലെ തുക തിരികെ നല്‍കും

ലണ്ടന്‍: ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും രാജകീയ പദവികള്‍ ഉപേക്ഷിക്കുമെന്ന് ബക്കിങാം കൊട്ടാരത്തില്‍ രാജ്ഞിയുടെ ഔദ്യോഗിക പ്രഖ്യാപനം. ഹാരിയും മേഗനും പൊതുപണം സ്വീകരിക്കുന്നത് അവസാനിപ്പിക്കുമെന്നും കൊട്ടാരത്തില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.
ഹാരിയും ഭാര്യയും 'റോയല്‍ ഹൈനസ്' സ്ഥാനം ത്യജിക്കുമെങ്കിലും ഡ്യൂക്ക് ഓഫ് സസക്‌സ്, ഡച്ചസ് ഓഫ് സസക്‌സ് എന്നീ സ്ഥാനപ്പേരുകള്‍ നിലനിര്‍ത്തും. കൊട്ടാരത്തിലെ ഔദ്യോഗിക ചുമതലകളൊന്നും ഇനി മുതല്‍ ഉണ്ടായിരിക്കില്ല. ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നുള്ള വിഹിതം (8 കോടി പൗണ്ട്) സ്വീകരിക്കില്ല. ഔദ്യോഗിക വസതിയായ ഫ്രോഗ്മോര്‍ കോട്ടേജ് നവീകരിക്കാനായി പൊതു ഖജനാവില്‍നിന്നു ചെലവഴിച്ച 24 ലക്ഷം പൗണ്ട് (ഏകദേശം 22 കോടി രൂപ) ഹാരിയും മേഗനും തിരികെ നല്‍കും.പുതിയ ക്രമീകരണത്തിലൂടെ രാജ്യം മുഴുവന്‍ തങ്ങള്‍ക്ക് ഏറ്റവും മികച്ചത് നേരുന്നുവെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
രാജകീയ പദവികള്‍ ഉപേക്ഷിക്കാന്‍ ഹാരിയും മേഗനും ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് എലിസബത്ത് രാജ്ഞി അനുമതി നല്‍കിയത്. സ്വതന്ത്രമായി ജീവിക്കാനുള്ള കൊച്ചുമകന്റെയും ഭാര്യയുടെയും ആഗ്രഹം അംഗീകരിക്കുന്നുവെന്നും അവര്‍ ഇത്രയും നാള്‍ നേരിട്ട വെല്ലുവിളികള്‍ മനസ്സിലാക്കുന്നുവെന്നും രാജ്ഞി പറഞ്ഞു. മാര്‍ച്ച്‌ മാസം മുതലാണ് പുതിയ തീരുമാനം നടപ്പാകുകയെന്ന് കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സൈനിക നിയമനം ഉള്‍പ്പെടെയുള്ള ഔദ്യോഗിക നടപടികളില്‍ ഇനി ഹാരിക്കും മേഗനും പങ്കുണ്ടാകില്ല. ഹാരിയും മേഗനും മകന്‍ ആര്‍ച്ചിക്കൊപ്പം കാനഡയിലാണ് ഇനി താമസിക്കുക. എന്നാല്‍ കാനഡയിലെ ഇവരുടെ താമസവും സുരക്ഷയും സംബന്ധിച്ച്‌ കൊട്ടാരം വിശദീകരിച്ചിട്ടില്ല. ഇരുവര്‍ക്കും റോയല്‍റ്റി തുക തുടര്‍ന്നും നല്‍കുമോയെന്നും വ്യക്തമല്ല. രാജകുടുംബാംഗങ്ങളുടെ സുരക്ഷാ ചെലവ് വഹിക്കുന്നതിനെക്കുറിച്ച്‌ തീരുമാനിച്ചിട്ടില്ലെന്നാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത്.

Related News