Loading ...

Home Australia/NZ

ഡീക്കന്‍ ബൈജു തോമസിന്റെ പൌരോഹിത്യ സ്വീകരണം ജൂണ്‍ 25ന്

മെല്‍ബണ്‍: മിഷനറീസ് ഓഫ് ഗോഡ്സ് ലൌ സന്യാസ സമൂഹാംഗം ഡീക്കന്‍ ബൈജു തോമസിന്റെ പൌരോഹിത്യ സ്വീകരണം ജൂണ്‍ 25നു (ശനി) രാവിലെ 10ന് മെല്‍ബണിലെ ബേര്‍വുഡ് ഹൈവേയിലുള്ള സെന്റ് സ്കോളാസ്റികാസ് ദേവാലയത്തില്‍ നടക്കും. 

മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂരില്‍നിന്നാണ് ഡീക്കന്‍ ബൈജു തിരുപ്പട്ടം സ്വീകരിക്കുന്നത്. മിഷനറീസ് ഓഫ് ഗോഡ്സ് ലൌ സന്യാസ സഭ സ്ഥാപകനും മോഡറേറ്ററുമായ ഫാ. കെന്‍ ബാര്‍ക്കര്‍, മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി എന്നിവര്‍ തിരുക്കര്‍മങ്ങളില്‍ ആര്‍ച്ച് ഡീക്കന്‍മാരായിരിക്കും. ഓസ്ട്രേലിയയില്‍ സേവനം ചെയ്യുന്ന നിരവധി മലയാളി വൈദികരും തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കും.

മാനന്തവാടി രൂപതയിലെ മീനങ്ങാടി ഇടവകാംഗമാണ് ഡീക്കന്‍ ബൈജു തോമസ്. മീനങ്ങാടി à´—à´µ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മെല്‍ബണിലെ കാത്തലിക് തിയോളജിക്കല്‍ കോളജില്‍ നിന്നും ഫിലോസഫിയിലും തിയോളജിയിലും പഠനം പൂര്‍ത്തിയാക്കി. വൈദിക പഠന കാലത്ത് മെല്‍ബണ്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ മതബോധന വിഭാഗം ജനറല്‍ കോഓര്‍ഡിനേറ്ററായി സേവനം ചെയ്തിട്ടുണ്ട്. 

എണ്‍പതുകളുടെ തുടക്കത്തില്‍ ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയില്‍ സജീവമായിരുന്ന ഡിസൈപ്പിള്‍ ഓഫ് ജീസസ് എന്ന അല്മായ സമൂഹത്തില്‍ നിന്നാണ് 1986ല്‍ മിഷനറീസ് ഓഫ് ഗോഡ്സ് ലൌ എന്ന സന്യാസ സമൂഹത്തിന്റെ ആരംഭം. കരിസ്മാറ്റിക് നവീകരണ പ്രവര്‍ത്തനങ്ങളിലും യുവജനങ്ങളുടെ ഇടയിലുള്ള പ്രവര്‍ത്തനങ്ങളിലുമാണ് പ്രധാനമായും ഈ സന്യാസ സമൂഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 24 വൈദികരും ആറു ഡീക്കന്മാരും 45ഓളം സെമിനാരിക്കാരും ഈ സമൂഹത്തില്‍ അംഗങ്ങളാണ്. ഓസ്ട്രേലിയയിലെ മെല്‍ബണ്‍, കാന്‍ബറ, ഡാര്‍വിന്‍ എന്നീ സ്ഥലങ്ങളിലും ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും സന്യാസ ഭവനങ്ങളുള്ള മിഷനറീസ് ഓഫ് ഗോഡ്സ് ലൌ 2017 ഓടു കൂടി ഇന്ത്യയിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

വിലസാം: സെന്റ് സ്കോളാസ്റികാസ് കാത്തലിക് ചര്‍ച്ച്, 348 ബേര്‍വുഡ് ഹൈവേ, ബെന്നറ്റ്സ്വുഡ് മെല്‍ബണ്‍

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍

Related News