Loading ...

Home National

രുചിയും മണവും ഇല്ല, ഇറക്കുമതി സവാള വിപണിയില്‍ കെട്ടിക്കിടക്കുന്നു, പകുതി വിലയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍

മുംബൈ: വിലക്കയറ്റം നിയന്ത്രിക്കാന്‍ തുര്‍ക്കിയില്‍ നിന്നും ഈജിപ്റ്റില്‍ നിന്നും ഇറക്കുമതി ചെയ്ത സവാള ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. വിലക്കയറ്റവും ലഭ്യതക്കുറവും മൂലമാണ് സര്‍ക്കാര്‍ വന്‍ തോതില്‍ സവാള ഇറക്കുമതി ചെയ്ത് വിപണിയില്‍ എത്തിച്ചത്. എന്നാല്‍ ഇന്ത്യന്‍ ഉള്ളിയുടെ രുചി ഇല്ലാത്തതിനാല്‍ ഇറക്കുമതി സവാളയ്ക്ക് വിപണിയില്‍ പ്രിയം പോര.34,000 ടണ്ണോളം ഇറക്കുമതി സവാളയാണ് കെട്ടിക്കിടക്കുന്നത്. സവാളയുടെ രുചിക്കുറവ് മൂലം ഇത് വാങ്ങാന്‍ സംസ്ഥാനങ്ങളും തയ്യാറാകുന്നില്ല. ഇതോടെ വിലകുറച്ച്‌ ഇത് വിറ്റഴിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇന്ത്യന്‍ വിപണിയില്‍ സവാളയുടെ വില 150 കടന്നതോടെയാണ് ഈജിപ്റ്റില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും ഇറക്കുമതി ചെയ്തത്. കിലോയ്ക്ക് 55 രൂപയ്ക്ക് ഇത് വിറ്റഴിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. എന്നാല്‍ ആവശ്യക്കാരില്ലാതെ വന്നതോടെ കിലോയ്ക്ക് 25 രൂപയ്ക്കാണ് സവാള വിറ്റഴിക്കുന്നത്. യഥാര്‍ത്ഥ വിലയുടെ പകുതിയില്‍ കുറവ് തുകയ്ക്ക് സവോള വിറ്റഴിക്കുന്നത് വലിയ നഷ്ടത്തിന് ഇടയാക്കും. ഇറക്കുമതി സവാള പെട്ടെന്ന് കേടാവുന്നതിനാല്‍ ഇവ ഒഴിവാക്കാന്‍ മറ്റു മാര്‍ങ്ങള്‍ തേടുകയാണ് സര്‍ക്കാര്‍. അയല്‍ രാജ്യങ്ങളായ നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് ഇത് കയറ്റിയയക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇറക്കുമതി സവാള ഭൂരിഭാഗവും തുര്‍ക്കിയില്‍ നിന്നാണ്. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന്റെ നാലിരട്ടി വലിപ്പമുളളതാണ് ഈ സവാളകള്‍, എന്നാല്‍ ഇന്ത്യന്‍ സവാളയുടെ എരിവില്ല. അതേ സമയം ജനുവരി 25ഓടെ 9000 ടണ്‍ സവാള കൂടി എത്തിയേക്കും.

Related News