Loading ...

Home Kerala

തീരദേശ സംരക്ഷണ നിയമ ലംഘനം; കോഴിക്കോട് ജില്ലയില്‍ നിര്‍മ്മിച്ചത് 3919 കെട്ടിടങ്ങള്‍

തീരദേശ സംരക്ഷണ നിയമം ലംഘിച്ച്‌ കോഴിക്കോട് ജില്ലയില്‍ 3919 കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതായി കണ്ടെത്തി. കോര്‍പ്പറേഷനിലും മുന്‍സിപാലിറ്റികളിലും വിവിധ പഞ്ചായത്തുകളിലും നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറി. തീരദേശ സംരക്ഷണ നിയമം ലംഘിച്ച്‌ ജില്ലയിലെ 35 തദ്ദേശ സ്ഥാപനങ്ങളില്‍ 28 ഇടത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറ്റമുറി വീടുകള്‍ മുതല്‍ ബഹുനില കെട്ടിടങ്ങള്‍ വരെ ഈ പട്ടികയിലുണ്ട്. നിയമം ലംഘിച്ച്‌ നിര്‍മ്മിച്ചതില്‍ ഭൂരിഭാഗവും വീടുകളാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ് കൂടുതല്‍ നിയമലംഘനം നടന്നിട്ടുള്ളത്. 1657 നിര്‍മ്മാണങ്ങളാണ് നിയമലംഘനത്തിലൂടെ കോഴിക്കോട് കോര്‍പ്പറേഷനില്‍ നടന്നത്. കൂടുതലും കടല്‍ തീരങ്ങളില്‍. കടലുണ്ടി പഞ്ചായത്തില്‍ 486 ഉം, ചേമഞ്ചേരിയില്‍ 406ഉം, അഴിയൂരില്‍ 286 ഉം, ഒഞ്ചിയത്ത് 267 ഇടത്തും അനധികൃത നിര്‍മ്മാണം നടന്നു എന്നാണ് കണ്ടെത്തല്‍. മരട് ഫ്ലാറ്റുമായി ബന്ധപ്പെട്ട കോടതി വിധിക്ക് ശേഷം രൂപീകരിച്ച കോസ്റ്റല്‍ ഡിസ്ട്രിക്‌ട് കമ്മിറ്റി നടത്തിയ പരിശോധനയിലാണ് വ്യാപകമായുള്ള നിയമലംഘനം കണ്ടെത്തിയത്. 1996ന് ശേഷം നടന്ന നിര്‍മ്മാണങ്ങളുടെ കണക്കാണ് അഞ്ചംഗ സമിതി ശേഖരിച്ചത്. തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിര്‍മ്മാണം നടത്താത്ത ഏഴ് പഞ്ചായത്തുകള്‍ ജില്ലയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമലംഘനത്തിനെതിരെ 10 പരാതികളും ലഭിച്ചിട്ടുണ്ട്. നിയമലംഘനങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് മേഖല ടൌണ്‍ പ്ലാനര്‍ പി.എ ആയിഷ ജില്ലാ കളക്ടര്‍ക്ക് നല്കി. ഈ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചതിന് ശേഷമാകും നടപടികളിലേക്ക് നീങ്ങുക.

Related News