Loading ...

Home USA

ഇന്ത്യ സന്ദര്‍ശനത്തിനൊരുങ്ങി ട്രംപ്!

വാഷിംഗ്ടണ്‍: ഫെബ്രുവരി അവസാനത്തോടെ അമേരിക്കന്‍ പ്രസിഡന്‍ ഡോണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സൗകര്യപ്രദമായ തീയതികള്‍ ഇരു രാജ്യങ്ങളും കൈമാറിയെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി ഫോണില്‍ സംസാരിച്ചിരുന്നു. വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും ധാരണയിലും അധിഷ്ഠിതമായ ഇന്ത്യ - യുഎസ് ബന്ധം കരുത്തില്‍നിന്നു കരുത്തിലേക്കു വളരുകയാണെന്ന് മോദി പറ‍ഞ്ഞതായി ഫോണ്‍ സംഭാഷണത്തിന് ശേഷം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. പ്രസിഡന്‍റിന്‍റെ ഇംപീച്ച്‌മെന്‍റ് നടപടികളുടെ ഭാഗമായി ഈ ആഴ്ച ആരംഭിക്കുന്ന സെനറ്റ് വിചാരണയുടെ പുരോഗതി അനുസരിച്ചാകും അന്തിമതീയതി നിശ്ചയിക്കുക. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. യുഎസ് പ്രസിഡന്‍റ് എത്തിയാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ കരാറുകള്‍ ഉണ്ടായേക്കും. വ്യാപാര മേഖലയിലെ ഭിന്നതകള്‍ പരിഹരിക്കാനാകും ഇരു നേതാക്കളും ശ്രമിക്കുക. ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ഇന്ത്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണമുണ്ടെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം യുഎസ് സന്ദര്‍ശനം നടത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സി൦ഗും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെ ഇന്ത്യയില്‍ പ്രതിഷേധം തുടരുകയും ട്രംപിന്‍റെ ഇംപീച്ച്‌മെന്‍റ് നടപടികളും ഇറാനുമായുള്ള സൈനിക പ്രശ്‌നങ്ങളു൦ യുഎസില്‍ തുടരുകയും ചെയ്യുന്നതിനിടെയാണ് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഇന്ത്യ സന്ദര്‍ശനം എന്നതും ഏറെ ശ്രദ്ധേയമാണ്.

Related News