Loading ...

Home Gulf

ഊര്‍ജരംഗത്തെ സാധ്യതകള്‍തേടി സുസ്ഥിരവാരാചരണം

അബുദാബി: ഊര്‍ജരംഗത്തെ ഭാവി സാധ്യതകള്‍തേടി സുസ്ഥിര വാരാചരണത്തിന് തുടക്കമായി. സാങ്കേതികരംഗങ്ങളിലെ വിപ്ലവകരമായ മാറ്റങ്ങളാണ് വാരാചരണത്തിന്റെ ഭാഗമായി നടക്കുന്ന സെമിനാറുകളും സമ്മേളനങ്ങളും ചര്‍ച്ച ചെയ്യുന്നത്. 2050-ഓടെ ലോക ഊര്‍ജ ആവശ്യകത 50 ശതമാനമായി ഉയരും. വര്‍ധിച്ചുവരുന്ന ഈ ആവശ്യങ്ങള്‍ സുസ്ഥിരവും പ്രകൃതി സൗഹാര്‍ദവുമായ ഊര്‍ജ സ്രോതസ്സുകള്‍വഴി എങ്ങനെ പൂര്‍ത്തിയാക്കാം എന്നതിനെക്കുറിച്ച്‌ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നെത്തിയ വിദഗ്ധര്‍ വിശദീകരിക്കും. ഇതിനായി എണ്ണ, പ്രകൃതിവാതകം തുടങ്ങിയ രംഗങ്ങളില്‍ കൂടുതല്‍ നിക്ഷേപം ആവശ്യമായി വരും. ഇതേസമയം, കാര്‍ബണ്‍ മാലിന്യം പുറന്തള്ളുന്നതിന്റെ തോത് പരമാവധി കുറച്ചുകൊണ്ട് കാലാവസ്ഥാവ്യതിയാനമടക്കമുള്ള വെല്ലുവിളികള്‍ക്കും ശാശ്വതമായ പരിഹാരം കണ്ടെത്താനുള്ള സാങ്കേതികയെക്കുറിച്ചും വിവിധ സെഷനുകളില്‍ ചര്‍ച്ചനടക്കും. അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്റര്‍, മസ്ദാര്‍ എന്നിവിടങ്ങളിലായാണ് വാരാചരണം. ഓരോ വര്‍ഷവും സുസ്ഥിരവാരാചരണത്തിന്റെ ഭാഗമാവുന്ന രാജ്യങ്ങളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയാണ് ഉണ്ടാകുന്നത്. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളികള്‍ ഒന്ന് കാലാവസ്ഥാ വ്യതിയാനമാണ്. ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാട്ടുതീയടക്കം ലോകത്തിന്റെ പല ഭാഗങ്ങളില്‍ പലതരത്തിലാണ് കാലാവസ്ഥാവ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ടുതന്നെ സുസ്ഥിര വാരാചരണം ലോകത്തിന്റെ വലിയ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്ന വേദിയാകും. പുനരുത്പാദക ഊര്‍ജമേഖല 40 ദശലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കുമെന്ന് അന്താരാഷ്ട്ര പുനരുത്പാദക ഊര്‍ജ ഏജന്‍സി (ഐറീന) അഭിപ്രായപ്പെടുന്നു. 58 ദശലക്ഷത്തോളം ആളുകളാണ് ഈ രംഗങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്. 2050 ആവുന്നതോടെ ഊര്‍ജരംഗങ്ങളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 100 ദശലക്ഷത്തോളമായി ഉയരും. സുസ്ഥിര വാരാചരണത്തിന്റെ ഭാഗമായി അബുദാബിയില്‍നടന്ന സമ്മേളനത്തിലാണ് പുനരുത്പാദക ഊര്‍ജമേഖലയില്‍ നടന്നുവരുന്ന മാറ്റങ്ങള്‍ വിശദമാക്കിയത്. ഊര്‍ജമേഖലയിലെ തൊഴില്‍സാധ്യതകള്‍ പുതിയ ചില രാജ്യങ്ങളില്‍ ഉണ്ടാവുമ്ബോള്‍ മറ്റിടങ്ങളില്‍ സാധ്യത കുറയും. എന്നാല്‍, ദീര്‍ഘവീക്ഷണപരമായ ഊര്‍ജസങ്കേതങ്ങളുടെ പിറകെയാണ് ലോകമിന്ന്. ഇന്ന് നടന്നുവരുന്ന പരീക്ഷണങ്ങളെല്ലാം നാളെയുടെ ഊര്‍ജ ഉപയോഗത്തെക്കുറിച്ചാണെന്നും സമ്മേളനം വ്യക്തമാക്കി. ഊര്‍ജ രംഗത്തെ സാമൂഹിക സാമ്ബത്തിക നേട്ടങ്ങളെക്കുറിച്ചാണ് പഠനങ്ങള്‍ ഏറെയും നടന്നുവരുന്നതെന്നും പ്രകൃതിക്ക് കോട്ടമേല്‍പ്പിക്കാത്ത ഊര്‍ജരംഗമാണ് സജ്ജമായി വരുന്നതെന്നും ഐറീന ഡയറക്ടര്‍ ജനറല്‍ ഫ്രാന്‍സിസ്കോ ലാ കാമെറ പറഞ്ഞു. യു.എ.ഇ. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതിവകുപ്പ് മന്ത്രി അഹമ്മദ് അല്‍ സെയൂദി, ഐക്യരാഷ്ട്ര സഭയിലെ വ്യവസായ വികസനവിഭാഗം മേധാവി റാണ ഗൊഹ്നിം തുടങ്ങിയവര്‍ സംസാരിച്ചു.

Related News